കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യം ലഭിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്ക് സ്വീകരണം. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ ചുവപ്പ് മാലയിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

To advertise here,

കേസിലെ 6 മുതല്‍ 9 വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ അയച്ചത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ്സ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. സി.പി.ഐ.എം ചെള്ളക്കാപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി. മോഹന്‍, പ്രവര്‍ത്തകരായ സജിത്ത് എബ്രഹാം, റിന്‍സ് വര്‍ഗീസ്, ടോണി ബേബി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെത്തിയാണ് ഇവരെ സ്വീകരിച്ചത്. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ നടത്തിയതെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു സ്വീകരണം.

നഗരസഭയിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടാണ് വനിതാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പിച്ചുവെന്ന കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലാവുന്നത്. ഇക്കഴിഞ്ഞ ജനുവരി 18നായിരുന്നു സംഭവം. ശനിയാഴ്ച നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കെതിരേ യു.ഡി.എഫ്. നല്‍കിയ അവിശ്വാസപ്രമേയത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പിച്ചുവെന്നായിരുന്നു പരാതി. കലയുടെ മക്കളുടെ പരാതി പ്രകാരമെടുത്ത കേസില്‍ ഒന്നാം പ്രതി സി.പി.എം. ഏരിയാ സെക്രട്ടറി പി.ബി. രതീഷാണ്. ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍, വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ്, കൗണ്‍സിലര്‍ സുമ വിശ്വംഭരന്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി ഫെബീഷ് ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെ 45 പേര്‍ പ്രതികളാണ്.

സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിഷയം നിയമസഭയിലുമെത്തി. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് ബഹളത്തിനിടയാകുകയും പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നതിലേക്കും നയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കലാ രാജു കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു.