രാമനാട്ടുകര (മലപ്പുറം): ആധുനികസജ്ജീകരണങ്ങളും സൗകര്യങ്ങളുമായി സംസ്ഥാനത്ത് ഒന്‍പത് മാതൃകാ മത്സ്യഗ്രാമങ്ങള്‍ വരുന്നു. 69 കോടി രൂപയാണ് ഫിഷറീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിയുടെ പ്രതീക്ഷിതചെലവ്. ഇതില്‍ 35 കോടി കേന്ദ്രത്തിന്റെയും 33 കോടിയിലേറെ രൂപ സംസ്ഥാനത്തിന്റെയും വിഹിതമായിരിക്കും. 

To advertise here,

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ ഉറച്ച ജീവനോപാധികള്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഏഴുജില്ലകളിലായാണ് ഒന്‍പത് മത്സ്യഗ്രാമങ്ങളൊരുക്കുക.

എറണാകുളം ജില്ലയില്‍ നായരമ്പലം, ചെല്ലാനം, മലപ്പുറത്ത് പൊന്നാനി, താനൂര്‍, ആലപ്പുഴയില്‍ ആറാട്ടുപുഴ, കണ്ണൂരില്‍ ചാലില്‍ ഗോപാലപ്പേട്ട, കാസര്‍കോട്ട് ഷിരിയ, തൃശ്ശൂരില്‍ എടക്കഴിയൂര്‍, കോഴിക്കോട്ട് ചാലിയം എന്നിവിടങ്ങളിലാണ് മത്സ്യഗ്രാമങ്ങളുയരുക. ഒരുലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനകരമായ പദ്ധതിയാണിത്. 2026 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

നിര്‍മാണത്തിന്റ വിവിധഘട്ടങ്ങളിലാണ് മത്സ്യഗ്രാമങ്ങള്‍. സെപ്റ്റംബറോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒഴിച്ചുള്ളവ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തീരദേശ ബയോഫീല്‍ഡ് നിര്‍മാണം, അക്വാ ഹബ്ബുകള്‍ സ്ഥാപിക്കല്‍, ആധുനികരീതിയിലുള്ള ശീതീകരണസംവിധാനമൊരുക്കല്‍ എന്നിവയാണ് ഇവിടങ്ങളില്‍ പൊതുവായി ലക്ഷ്യമിടുന്ന പദ്ധതികള്‍. സാമൂഹിക വനവത്കരണവിഭാഗവുമായിച്ചേര്‍ന്നാണ് തീരദേശ ബയോഫീല്‍ഡ് നിര്‍മിക്കുന്നത്.

തീരദേശത്ത് മുള, രാമച്ചം, തെങ്ങ് എന്നിവ നട്ടുപിടിപ്പിച്ച് കടല്‍ച്ചൂട് തടയാനും ഒരുപരിധിവരെ മണ്ണുസംരക്ഷിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഓരോജില്ലകളിലെയും പരിസ്ഥിതിക്കനുയോജ്യമായ മരങ്ങളാകും വെച്ചുപിടിപ്പിക്കുക.

ഓരോഗ്രാമങ്ങളിലും പദ്ധതിപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിവിധഘട്ടങ്ങളിലാണ്. ഇടക്കഴിയൂരില്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍തന്നെ നിര്‍മിക്കണമെങ്കില്‍, ദക്ഷിണകേരളത്തിലെ ആദ്യ മത്സ്യഗ്രാമമായ ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ അലങ്കാരമത്സ്യനിര്‍മാണ യൂണിറ്റുകളാണ് ഒരുക്കേണ്ടത്.