പനങ്ങാട്(കൊച്ചി): രോഗങ്ങളുടെ നിരന്തര വേട്ടയാടലിൽ തളർന്നിരിക്കുകയാണ് മംഗലപുരം മുരുക്കുംപുഴ മുണ്ടയ്ക്കൽ ചിറയ്നോണം വത്സലാ ഭവനിൽ താര-ഷിബിൻ ദമ്പതിമാർ. അർബുദ ബാധിതനായ മകൻ അഭയ് (13) വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 70 ലക്ഷം രൂപയുണ്ടെങ്കിൽ രണ്ട് അടിയന്തര ശസ്ത്രക്രിയകൾ നടത്തി അഭയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനാകും. എന്നാൽ ഇത്രയും തുക കണ്ടെത്താനാകാതെ ദുരിതത്തിലായിരിക്കുകയാണ് ഈ കുടുംബം.  

To advertise here,

രണ്ടു വർഷം മുൻപാണ് അഭയ്ക്ക് അർബുദബാധ കണ്ടെത്തിയത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ അടിയന്തരമായി മജ്ജമാറ്റിവയ്ക്കൽ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. തുടർന്ന് മകന്റെ ശസ്ത്രക്രിയ നടത്തുന്നതിനായി തന്റെ വൃക്കവരെ അമ്മ താര വിൽക്കാൻ തയാറായി. ജനങ്ങളുടെ സഹായംകൊണ്ടും വൃക്കദാനംചെയ്ത് കിട്ടിയ തുകയടക്കം ചെലവാക്കി മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് വീണ്ടും ശസ്ത്രക്രിയക്കൊരുങ്ങുന്നത്. 

പനങ്ങാട് എൻ.എം. ജങ്ഷനിൽ മസ്ജിദ് റോഡിൽ തുരുത്തിപ്പള്ളി കരീമിൻ്റ വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണിപ്പോൾ ഈ കുടുംബം. കൂലിപ്പണിക്കാരനായ പിതാവ് ഷിബിൻ കരൾ ചുരുങ്ങുന്ന രോഗത്തെത്തുടർന്ന് ചികിത്സയിലാണ്. താരയ്ക്ക് നേരത്തെ അർബുദം ബാധിച്ച് ചികിത്സതേടിയിരുന്നു. ഇളയമകളും രോഗങ്ങളുടെ പിടിയിലാണ്. മൂന്നുവർഷം മുൻപ് ഒരു വാഹനാപകടത്തിൽ താരയ്ക്കും ഷിബിനും പരിക്കേറ്റിരുന്നു. അതുമായി ബന്ധപ്പെട്ട ചികിത്സകൾ ഇപ്പോഴും തുടരുകയാണ്. സുമനസുകളുടെ സ​ഹായത്തോടെയാണ് അഭയ്ക്ക് മരുന്നുകളടക്കം എത്തിച്ചു നൽകുന്നത്.  

ഷിബിന്റെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ആകെയുള്ള ആശ്രയം. പലയിടത്തുനിന്നും കടം വാങ്ങിയാണ് ഇതുവരെയുള്ള ചികിത്സകൾ മുന്നോട്ടുകൊണ്ടുപോയത്. സുമനസ്സുകളുടെ കാരുണ്യമുണ്ടായാലേ അഭയ്ക്ക് ശസ്ത്രക്രിയ നടത്താൻ കഴിയൂ. സഹായം സ്വരൂപിക്കുന്നതിനായി ആക്സിസ് ബാങ്കിൻ്റെ തൃക്കാക്കര ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്

Name: shibin S.V.
AC:924010049240469
IFSC code:UTIB0001161
Branch:Thrikkakara
Google pay:9746025528