കാൻസറിനോട് പോരാടുന്നവർക്കുവേണ്ടി നടൻ സൽമാൻ ഖാൻ നൽകുന്ന അകമഴിഞ്ഞ പിന്തുണയേക്കുറിച്ച് പങ്കുവെച്ച് ആക്റ്റിവിസ്റ്റും കാൻസർ കെയർ രംഗത്തെ പ്രവർത്തകയും നടിയുമായ വിജി വെങ്കടേഷ്. സൽമാൻ ഖാന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൽമാന്റെ നിസ്വാർഥ സേവനത്തേക്കുറിച്ച് വിജി പങ്കുവെച്ചത്.

To advertise here,

2010 നവംബർ പതിനേഴുമുതൽ സൽമാന്റെ പിന്തുണയുള്ളതിനേക്കുറിച്ചാണ് വിജി പങ്കുവെക്കുന്നത്. ടാറ്റാ ഹോസ്പിറ്റലി‍ൽ വച്ചുള്ള ആദ്യ കാഴ്ചയ്ക്കിടെതന്നെ സൽമാൻ അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൈമാറുകയും ഏതുസമയവും സഹായത്തിനായി വിളിക്കണമെന്ന് അറിയിക്കുകയും ചെയ്തുവെന്ന് വിജി ഓർക്കുന്നു. ആ വാഗ്ദാനം അദ്ദേഹം ഇന്നും നിറവേറ്റുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോൺ നമ്പർ മാറ്റുമ്പോഴെല്ലാം തന്നെ വിളിച്ച് പുതിയത് നൽകാറുണ്ടെന്നും വിജി പറയുന്നു

സൽമാൻ പിന്തുണയുമായി വന്ന സന്ദർഭങ്ങളേക്കുറിച്ചും വിജി എടുത്തുപറയുന്നുണ്ട്. ഒരിക്കൽ കീമോതെറാപ്പിയിലൂടെ കടന്നുപോകുന്ന വേദനയിലും നിരാശയിലും തളർന്നുപോയ ഒരു പന്ത്രണ്ടുകാരിയെ നേരിട്ടു വിളിച്ച് പ്രചോദനമേകിയിട്ടുണ്ട്, അവൾ ഇന്ന് ഇരുപത്തിയേഴുകാരിയായി പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്.

കെഇഎം ആശുപത്രിയിലെ കാൻസർ വാർഡിലുള്ള കുട്ടികളെ കാണാനെത്തിയ സന്ദർഭത്തേക്കുറിച്ചും വിജി കുറിക്കുന്നു. ഷൂട്ടിങ് കഴിഞ്ഞുവെന്നോ, അതോ റദ്ദ് ചെയ്തുവെന്നോ പറയുകയും കാൻസർ വാർഡിലെ കുട്ടികളെ കാണാൻ പോയാലോ എന്നുചോദിച്ച് വിളിക്കുകയും ചെയ്തു. അന്ന് അവിടുത്തെ കുട്ടികൾക്ക് മനോഹരമായ ഒരു വൈകുന്നേരമാണ് ലഭിച്ചത്. സുഹൃത്തിന്റെ അച്ഛനോ, സ്റ്റുഡ‍ിയോയിലെ മുൻ ജോലിക്കാരനോ, അയൽവാസിയോ എന്നുതുടങ്ങി കാൻസറുമായി പോരാടുന്ന ഒരാളേക്കുറിച്ച് കേട്ടാൽ എന്നെ വിളിച്ച് സംസാരിക്കും. മീററ്റിൽ ബോൺ കാൻസറിനോട് പോരാടുന്ന ആൺകുട്ടിക്കുവേണ്ടി തന്റെ സ്വർണ കമ്മൽ കൊടുത്തു.

മജ്ജമാറ്റിവെക്കലിന് വിധേയയാകേണ്ടി വന്ന പെൺകുട്ടിയുടെ വാർത്ത കേട്ട സമയത്ത് തന്റെ സഹോദരങ്ങളുടെ രക്തം യോജ്യമാവുമോ എന്ന് പരിശോധിക്കാൻ സന്നദ്ധരാക്കിയതിനേക്കുറിച്ചും വിജി കുറിച്ചു. സ്റ്റുഡിയോയിൽ പോയി സന്ദർശിക്കുക സാധ്യമാകാതെവന്ന ചെറിയൊരു കുട്ടിക്കായി തന്റെ വീടിന്റെ വാതിൽ തുറന്നുകൊടുക്കുകയും ഒരുമണിക്കൂറോളം അവൾക്കൊപ്പം ചെലവഴിക്കുകയും ചെയ്തതിനേക്കുറിച്ചും കുറിപ്പിലുണ്ട്.

വർഷങ്ങളോളം കാൻസർ കെയർ രംഗത്തെ തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചാണ് വിജി കുറിപ്പ് അവസാനിപ്പിക്കുന്നത്.