രോഗ്യരംഗത്തെ പുതിയ ട്രെൻഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി പ്രമുഖ മെഡിക്കൽ വിദഗ്ദ്ധർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടൂളുകൾ ഉപയോഗിച്ച് തെറ്റായ രോഗവിവരം നൽകി രോഗികളിൽ ഗുരുതരമായ മാനസികപ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് ഒരു മുതിർന്ന ഡോക്ടർ എക്‌സിൽ കുറിപ്പ് പങ്കുവെച്ചു.

To advertise here,

കടുത്ത പാൻക്രിയാറ്റിക് കാൻസർ ഉണ്ടെന്ന എഐ റിപ്പോർട്ടുമായെത്തിയ 40 വയസുകാരിയുടെ അനുഭവമാണ് എൻഡോക്രിനോളജിസ്റ്റായ ഡോക്ടർ ഹേമ വെങ്കട്ടരാമൻ പോസ്റ്റ് ചെയ്തത്. ഒരു പ്രശസ്ത ക്ലിനിക്കിന്റെ 20,000 രൂപയുടെ എഐ കാൻസർ സ്‌ക്രീനിങ് പാക്കേജ് വഴിയാണ് മാരകമായ രോഗമുണ്ടെന്ന് തെറ്റായ റിപ്പോർട്ട് നൽകിയത്. ഇത് അവരെ മാനസികമായി തളർത്തി. തെറ്റാണെന്ന് തെളിയിക്കാൻ 10000 രൂപ കൂടി ചെലവഴിച്ച് മറ്റ് ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടി വന്നുവെന്നും ഡോക്ടർ പറയുന്നു.

കാൻസർ സ്‌ക്രീനിങ് എന്നത് വളരെ ഗൗരവമേറിയ കാര്യമാണെന്നും സൂക്ഷ്മമായ പരിശോധനകൾ ആവശ്യമാണെന്നും ഡോക്ടർ കുറിച്ചു. വിദഗ്ദ്ധരുടെ മേൽനോട്ടമില്ലാതെ ചെയ്യരുതെന്നും എന്ത് അസുഖം വന്നാലും ആദ്യം ഡോക്ടറെയാണ് കാണേണ്ടതെന്നും അവർ വ്യക്തമാക്കി. അതിന് പകരം മെഷിനൂകളേയും ലാബുകളേയും ആശ്രയിച്ചാൽ ഇതായിരിക്കും സ്ഥിതിയെന്നും അവർ ചൂണ്ടിക്കാട്ടി.

വിദഗ്ദ്ധരായ ഓങ്കോളജിസ്റ്റുകളുടെ സേവനത്തിലൂടേയും കൗൺസിലിങ്ങിലൂടെയുമാണ് ആ സ്ത്രീയെ കാൻസർ ഇല്ലെന്ന് ബോധ്യപ്പെടുത്തിയത്. 20000 രൂപ ചെവവാക്കിയുണ്ടാക്കിയ മാനസിക വിഷമം മാറ്റാൻ മറ്റൊരു 10000 രൂപ കൂടി കളയേണ്ടി വന്നുവെന്നും ഡോക്ടർ കുറിച്ചു. ഇതിന് താഴെ ഡോക്ടറെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. എഐ ഡോക്ടർമാർക്ക് പകരമാണ് എന്ന് വാദിക്കുന്നവർ ഈ പോസ്റ്റ് കാണണമെന്ന് ചിലർ കുറിച്ചു. എന്നാൽ ഡോക്ടർമാർക്കും തെറ്റ് പറ്റാറുണ്ടെന്ന് കമന്റുകളുണ്ട്.