പാലക്കാട്: സോഷ്യൽ മീഡിയയിലൂടെ ഡ്രോൺ ക്യാമറ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് രണ്ട് കുപ്പി വെള്ളം. ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. ഇൻഡോ ഗാഡ്ജറ്റ്‌സ് എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് യുവാവ് ഡ്രോൺ ഓർഡർ ചെയ്തത്. തട്ടിപ്പിൽ 2,200 രൂപയാണ് യുവാവിന് നഷ്ടമായത്.

To advertise here,

ഫേസ്ബുക്ക് പേജിൽ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യ വീഡിയോ കണ്ടാണ് യുവാവ് ഡ്രോൺ ക്യാമറ ഓർഡർ ചെയ്യുന്നത്. കൊറിയർ ചാർജ് അടക്കം 2,200 രൂപയായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്. ഫേസ്ബുക്കിലെ ലിങ്ക് തുറന്നപ്പോൾ വാട്ട്‌സ്ആപ്പ് ചാറ്റിലേക്ക് പ്രവേശിച്ചു. പിന്നാലെ കൊറിയർ എത്തിക്കേണ്ട അഡ്രസും അഡ്വാൻസ് തുക അയച്ചതിന്റെ സ്‌ക്രീൻഷോട്ടും ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം വന്നു.

അയച്ചു നൽകിയ ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് 200 രൂപ മുൻകൂർ ആയി അടച്ചു. മൂന്നുദിവസത്തിനുള്ളിൽ വീട്ടിലെത്തിയ കൊറിയർ 2,000 രൂപ അടച്ചു വാങ്ങി. കടലാസ് ബോക്സിൽ ലഭിച്ച പാക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത് എന്ന് യുവാവ് പറയുന്നു. ഡ്രോണിന് പകരം പേപ്പറുകൾക്കുള്ളിൽ ഭദ്രമായി വെച്ച നിലയിലായിരുന്നു കുപ്പിവെള്ളം.