തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരൻ അഭിരാം കൊല്ലപ്പെട്ട കേസിൽ ഒരു പെൺകുട്ടിയുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി പോലീസ്. കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്തായ ആക്കുളം സ്വദേശി ഐശ്വര്യ (21) ആണ് അറസ്റ്റിലായത്. ഐശ്വര്യയെ പോലീസ് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

To advertise here,

കൂടുതൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. ഇതൊരു ആസൂത്രിത കൊലപാതകമാണ് എന്നാണ് പോലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ ഒന്നാം പ്രതി, കാപ്പാ കേസ് പ്രതിയായ ഉമർ, 17-കാരന്റെ പെൺസുഹൃത്തായ 18 വയസുകാരി അനന്ത എന്നിവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

17-കാരനായ ഒന്നാം പ്രതി താൻ ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തതെന്നും, മൃതദേഹം മറവുചെയ്യാൻ സഹായിക്കുക മാത്രമാണ് ഉമർ ചെയ്തതെന്നുമാണ് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ കൊലപാതകത്തിൽ ഉമറിന് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. മറ്റ് പ്രതികൾ അറസ്റ്റിലായ ദിവസം തന്നെ ഐശ്വര്യയേയും പോലീസ് ചോദ്യം ചെയ്തിരുന്നു.

ഉമറിന്റെ പെൺസുഹൃത്ത് ആയതുകൊണ്ടുതന്നെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ ഐശ്വര്യക്കും മുൻകൂട്ടി അറിയാമായിരുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ചോദ്യംചെയ്യൽ. തുടർന്ന് നടന്ന അന്വേഷണത്തിൽ ഐശ്വര്യക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

നവംബർ ഒന്നാംതീയതി ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് അഭിരാം വീട്ടിൽനിന്ന് ഇറങ്ങിയത്. പിറ്റേദിവസം വൈകുന്നേരത്തോടെയാണ് പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽനിന്ന് അഭിരാമിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. അനന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നും മെസേജയച്ചാണ് പ്രതികൾ അഭിരാമിനെ ഇവിടെ എത്തിച്ചതും കൊലപ്പെടുത്തിയതും. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസിന്റെ നിഗമനം.