തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഓരോസ്ഥാനാർഥിക്കും 14 മുതൽ 25 വരെ കൗണ്ടിങ് എജന്റുമാർ ഉണ്ടായേക്കും. വോട്ടിങ് യന്ത്രങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ക്രമീകരിക്കുന്ന മേശകൾ, തപാൽബാലറ്റും സർവീസ് വോട്ടും എണ്ണാനുള്ള മേശകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ മണ്ഡലത്തിലും എണ്ണം വ്യത്യാസപ്പെടും.
ഓരോബൂത്തിലും പരമാവധി വോട്ടുകൾ 1200 ആയി നിജപ്പെടുത്തിയിട്ടുള്ളതിനാൽ 14 ഇ.വി.എം. മേശകളേ വേണ്ടിവരൂ എന്നാണ് കണക്ക്. സ്‌ട്രോങ് റൂമുകളിൽനിന്ന് വോട്ടെണ്ണുന്ന ഹാളിലേക്ക് സ്‌ട്രോങ് റൂം ഓഫീസറും സഹായിയും ഇ.വി.എം. കൊണ്ടുവരുന്നത് പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും. ഒരുയന്ത്രം കൊണ്ടുവരുന്ന വഴിയിൽ മറ്റു മണ്ഡലങ്ങളിലെ ഏജന്റുമാരോ വോട്ടിങ് യന്ത്രമോ മറികടക്കരുത്. വോട്ടെണ്ണുന്ന ഹാളിലും സി.സി.ടി.വി. നിരീക്ഷണവും വെബ്കാസ്റ്റിങ്ങുമുണ്ടാകും.
തിങ്കളാഴ്ച രാവിലെ എട്ടിനുതുടങ്ങുന്ന വോട്ടെണ്ണലിൽ ആദ്യം തപാൽവോട്ടും എട്ടരയോടെ ഇ.വി.എമ്മിലെ വോട്ടും എണ്ണും. ഒരുമണിക്കൂറിനകം ആദ്യഫലസൂചന കിട്ടുമെങ്കിലും ഓരോറൗണ്ടിലും എണ്ണിത്തീർന്ന് ഏല്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥരുടെ അംഗീകാരത്തിനുശേഷമേ കണക്ക് എൻകോറിൽ അപ്‌ലോഡ് ചെയ്യൂ.
ത്രിതലസുരക്ഷ
വോട്ടെണ്ണൽഹാളിന്റെ 100 മീറ്റർപരിധിയിൽ പോലീസിനാണ് സുരക്ഷാചുമതല. അവിടംമുതൽ ഹാളിനടുത്തുവരെ സായുധപോലീസും വാതിലിനുസമീപം കേന്ദ്രസായുധസേനയും സുരക്ഷയൊരുക്കും. ഹാളിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കില്ല.
ഏജന്റുമാർ കറങ്ങിനടക്കരുത്
വോട്ടെണ്ണുന്നത് കൃത്യമായി കാണത്തക്കവിധം ഏജന്റുമാർക്ക് ഇരിപ്പിടം ക്രമീകരിക്കും. മറ്റൊരിടത്തേക്ക് ഇറങ്ങിനടക്കാൻ പാടില്ല. മൊബൈൽഫോൺപോലുള്ള ഇലക്‌ട്രോണിക് സാധനങ്ങളും അനുവദിക്കില്ല. ഓരോ റൗണ്ടിലും എണ്ണിത്തീരുന്ന വോട്ടിന്റെ വിവരം ഹാളിനുള്ളിൽ പ്രദർശിപ്പിക്കും.
കൗണ്ടിങ് സൂപ്പർവൈസർ, വരണാധികാരി, നിരീക്ഷകൻ എന്നിവർ കണക്കുകൾ പരിശോധിച്ചുറപ്പാക്കി, രേഖകൾ ഒത്തുനോക്കിയശേഷം എൻകോറിൽ ചേർക്കും. ഇതിന്റെ പ്രിന്റൗട്ട് കൗണ്ടിങ് സൂപ്പർവൈസർക്ക് നൽകും. വോട്ടെണ്ണൽ തുടങ്ങുന്ന സമയത്തിനുശേഷം കിട്ടുന്ന പോസ്റ്റൽ ബാലറ്റുകൾ നിരസിക്കും. ഇവ പ്രത്യേകം പാക്കറ്റിൽ സീൽ ചെയ്ത് സൂക്ഷിക്കും.
ഡിക്ലറേഷൻ ഇല്ലാതിരിക്കുക, അതിൽ ഒപ്പിട്ട് സാക്ഷ്യപ്പെടുത്താതിരിക്കുക തുടങ്ങിയകാരണങ്ങളാൽ ബാലറ്റ് പേപ്പർ നിരസിക്കാൻ വരണാധികാരിക്ക് അധികാരമുണ്ട്. വോട്ടുകൾ തുല്യമായാൽ ടെൻഡേർഡ് വോട്ട് പരിഗണിക്കും. എന്നിട്ടും തുല്യമായാൽ നറുക്കിലേക്ക് പോകും.
Content Highlights: 14 to 25 counting agents allowed per candidate based on booth counts. Comprehensive CCTV and webcasting surveillance for all EVM movements. Three-tier security system deployed at counting centers. Strict prohibition of mobile phones and movement for agents inside halls. Postal ballots processed first, followed by EVM votes starting at 8:30 AM.
Published: 30 Apr 2026, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented