തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ബുധനാഴ്ച വൈകുന്നേരം 6.15 മുതൽ രാത്രി 12.35 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.

To advertise here,

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ടുവരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലനിൽക്കുമ്പോഴും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് വന്നിട്ടില്ല. ഇന്ന് ഏകദേശം 600 മുതൽ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

സാങ്കേതിക കാരണങ്ങളാൽ ദീർഘകാല കരാർ വഴി ലഭ്യമാകേണ്ടിയിരുന്ന 150 മെഗാവാട്ട് വൈദ്യുതിയും മധ്യപ്രദേശിൽനിന്ന് സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമല്ല. പവർ എക്സ്ചേഞ്ച് വഴി 100-200 മെഗാവാട്ട് വൈദ്യുതി ഇന്ന് അധികമായി ലഭിക്കും. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. 5000 മെഗാവാട്ടുവരെ ഓൾ ഇന്ത്യ ഡിമാൻഡ് കൂടാനും 5000 മെഗാവാട്ടുവരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറഞ്ഞതായും അധികൃതർ ചൂണ്ടിക്കാട്ടി.