തിരുവനന്തപുരം: ഇ.ഡി.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും നേരേയുയർന്ന കൈക്കൂലി, ഹവാല ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപം നൽകി. എസ്.പി. വിക്രമനാണ് അന്വേഷണ ചുമതല. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം.

To advertise here,

പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവർക്കെതിരേയാണ് അന്വേഷണം. പിണറായിക്കെതിരേ കൈക്കൂലിയാരോപണവും വീണയ്ക്കും റിയാസിനും സുഹൃത്തുക്കൾക്കുമെതിരേ 25 കോടിയുടെ ഹവാലാ ഇടപാടുകളുമാണ് ഇ.ഡി. ആരോപിക്കുന്നത്. രണ്ടുസംഭവങ്ങളിലും പ്രത്യേക അന്വേഷണം ആവശ്യമായിവരുമെന്നാണ് പോലീസ് മേധാവി സർക്കാരിനെ അറിയിച്ചത്. അത് ആദ്യഘട്ട അന്വേഷണത്തിനുശേഷമാകാമെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനൽകിയതിനു പിന്നാലെ, രാഷ്ട്രീയപ്രതിരോധം തീർക്കാൻ സി.പി.എം. തീരുമാനിച്ചിരുന്നു. ഇ.ഡി.ക്കൊപ്പംചേർന്ന് സർക്കാരും പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നുവെന്ന രാഷ്ട്രീയവാദത്തെ പ്രതിരോധിക്കാനാണ് ആദ്യംതന്നെ എഫ്.ഐ.ആർ. ഇട്ട് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. എസ്.ഐ.ടി.യുടെ അന്വേഷണത്തിൽ തെളിവുലഭിച്ചാലേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യൂ.