എരുമേലി: എരുമേലിയിൽനിന്ന് അഴുതക്കടവ് വഴി പമ്പയിലേക്കുള്ള പരമ്പരാഗത പാതയിൽ അഴുതക്കടവിലോ മുക്കുഴിയിലോ സ്‌പോട് ബുക്കിങ് സൗകര്യമില്ല. കാനനപാതയിൽ പകൽ ഇടതടവില്ലാതെയാണ് ഭക്തരുടെ യാത്ര. വെർച്വൽക്യൂ ബുക്ക് ചെയ്തവരെ മാത്രമാണ് അഴുതക്കടവിൽനിന്ന് കടത്തിവിടുന്നത്. സ്‌പോട്ബുക്കിങ് സൗകര്യമില്ലാത്തതിനാൽ ഭക്തരെ കടത്തിവിടുന്നില്ല.

To advertise here,

കിലോമീറ്ററോളം പരമ്പരാഗത പാതയിലൂടെ വന്ന ഭക്തർ തിരികെ മടങ്ങേണ്ട സാഹചര്യം. എരുമേലിയിൽ സ്‌പോട്ബുക്കിങ് സൗകര്യം ഉണ്ടെങ്കിലും ഓരോദിവസവും 500 മുതൽ 1500 വരെയാണ് ബുക്കിങ് സ്ളോട്ട് അനുവദിക്കുന്നത്. ഇവ മണിക്കൂറുകൾക്കുള്ളിൽ തീരും. മുക്കുഴിയിൽ സ്‌പോട് ബുക്കിങ് സൗകര്യം നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞെങ്കിലും നടപ്പാക്കിയിട്ടില്ല. എരുമേലിയിൽനിന്നുള്ള പരമ്പരാഗതപാതയിൽ ഭക്തർ ദുരിതം നേരിടുകയാണ്. നിലയ്ക്കൽ സ്‌പോട്ബുക്കിങ് സൗകര്യമുണ്ടെങ്കിലും പരമ്പാരഗത കാനനപാതവഴി പോകുന്ന ഭക്തർ നേരിട്ട് പമ്പയിലാണ് എത്തുന്നത്. വെർച്വൽ ക്യൂ പ്രകാരം 14,000 ഭക്തർ അഴുതക്കടവ് കടന്ന് പമ്പയിലേക്ക് പോയി.

എരുമേലിയിൽനിന്ന് എട്ട് കിലോമീറ്ററിലധികം ദൂരമുണ്ട് അഴുതക്കടവിലേക്ക്. ഇത്രയും ദൂരം നടന്നെത്തുന്ന ഭക്തരാണ് സ്‌പോട് ബുക്കിങ് ഇല്ലാത്തതിനാൽ തിരികെ പോകുന്നത്. കൊച്ചുകുട്ടികൾവരെയാണ് തീർഥാടക സംഘത്തിലുള്ളത്. അഴുതക്കടവിൽനിന്ന് തിരികെ വിടുന്ന ഭക്തർ ടാക്‌സി വിളിച്ച് എരുമേലിയിലെത്തിയാലും എല്ലാവർക്കും സ്‌പോട്ബുക്കിങ് ലഭിക്കില്ല.

ഭക്തർ പ്രകോപിതരായി

മകരവിളക്ക് തീർഥാടനം തുടങ്ങിയതോടെ എരുമേലിയിൽ ഭക്തജനത്തിരക്ക്. ദേവസ്വം സ്‌പോട്ബുക്കിങ് കൗണ്ടറിൽ ഭക്തരുടെ കാത്തുനിൽപ്പ്. സ്‌പോട് ബുക്കിങ്ങിൽ അനുവദിച്ച സ്‌ളോട്ട് തീർന്നതോടെ കാത്തുനിന്ന ഭക്തർ പ്രകോപിതരായി. തീർഥാടനത്തിലെ നിയന്ത്രണം വഴിപാടിനത്തിൽ എരുമേലി ദേവസ്വത്തിലെ വരവിനെയും ബാധിച്ചു. എന്നാൽ, ചെലവിന് കുറവില്ല.