കൊച്ചി: രാവിലെ കളക്ടേറ്റിലേക്ക് പോകുന്നതിനിടെ ഇന്ന് ഈ പ്രശ്‌നത്തിന് രണ്ടിലൊന്ന് തീരുമാനമാക്കിയതിന് ശേഷമേ തിരികെ വരുകയുള്ളൂവെന്ന് പറഞ്ഞിരുന്നു. അപ്പോഴും ഷീജ കൈയില്‍ പെട്രോള്‍ കരുതിയിരുന്ന കാര്യം അറിഞ്ഞില്ലെന്ന് കളക്ടറേറ്റില്‍ ആത്മഹത്യാ ശ്രമം നടത്തിയ ഷീജയുടെ ഭര്‍ത്താവ് ശ്രീകാന്ത്. ഷീജയുടെ എന്‍ജിനീയറിങ് ലൈസന്‍സ് വിജിലന്‍സ് ശുപാര്‍ശ പ്രകാരം റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനായി കളക്ടറേറ്റിലെ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ എത്തിയപ്പോഴാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

To advertise here,

നേരത്തെ ഷീജയുടെ ലൈസന്‍സിയില്‍ പള്ളുരുത്തിയില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന് പെര്‍മിറ്റെടുത്തിരുന്നു. 2018-ലായിരുന്നു ഇത്. പിന്നീട് പണി നടന്നപ്പോള്‍ ഈ കെട്ടിടം കൊമേഴ്‌സ്യല്‍ ബില്‍ഡിങ് ആക്കി മാറ്റി. ഇതിന് ഷീജ അനുവദിച്ചില്ല. തുടര്‍ന്ന് മറ്റൊരാളെ ഉപയോഗിച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വന്നതോടെ ഷീജയുടെ ലൈസന്‍സ് റദ്ദാക്കിയെന്നാണ് ആരോപണം ഉയര്‍ന്നത്. സംഭവത്തില്‍ തന്നെ കുടുക്കിയതാണെന്നും തനിക്ക് പങ്കില്ലാത്ത സംഭവത്തിലാണ് ലൈസന്‍സ് റദ്ദാക്കിയതെന്നുമാണ് ഷീജ ആരോപിക്കുന്നത്.

വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷീജയുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍, പെര്‍മിറ്റ് നല്‍കിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം എതിരെ വകുപ്പ് തല നടപടികള്‍ മാത്രമായി ചുരുക്കികൊണ്ടായിരുന്നു നടപടികള്‍. താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി നിരവധി പരാതികളും അപേക്ഷകളും കൊടുത്തെങ്കിലും അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. തന്റെ ഫയല്‍മാത്രം നീങ്ങാത്തതിന്റെ കാരണമന്വേഷിച്ചുകൊണ്ടാണ് ഷീജ ഇന്ന് കളക്ടറേറ്റിലെത്തിയത്. 

പള്ളുരുത്തിയില്‍ ഏകദേശം 20 വര്‍ഷത്തോളമായി ഷീജ പ്രവര്‍ത്തിക്കുന്നുണ്ട്. താന്‍ തെറ്റ് ചെയ്തിട്ടില്ല. തെറ്റ് ചെയ്‌തെങ്കില്‍ അവര്‍ തന്നെ ശിക്ഷിച്ചോട്ടെ എന്നാണ് അവര്‍ക്ക് പറയുന്നത്.

കളക്ടറേറ്റിലെ ജീവനക്കാരുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ പ്ലാസ്റ്റിക് കുപ്പിയില്‍ തന്റെ ബാഗില്‍ കരുതിയിരുന്ന പെട്രോള്‍ പുറത്തേക്ക് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ അടുത്ത് നിന്നിരുന്ന താന്‍ കുപ്പി തട്ടിമാറ്റുകയും ചെയ്തു. പ്ലാസ്റ്റിക് കുപ്പിയായതിനാല്‍ അത് ഞെങ്ങി കുറച്ച് ഞങ്ങളുടെ ദേഹത്തേക്ക് വീണിരുന്നു. പിന്നാലെ ഷീജ ബോധരഹിതയായി. തുടര്‍ന്ന് അവിടുത്തെ ജീവനക്കാരടക്കം ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു, ശ്രീകാന്ത് പറയുന്നു. 

പെര്‍മിഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം വന്നു. എന്നാല്‍ ഇതിന് പിന്നില്‍ നല്ല കളികളാണ് നടക്കുന്നത്. ഇതിലും വലിയ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ 26 ഫയലുകളെല്ലാം തീര്‍പ്പാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം ഉന്നത ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും ഷീജ ആരോപിക്കുന്നു. 

ഷീജ നിരപരാധിയാണെന്നതിനുള്ള തെളിവുകളെല്ലാം കൈയിലുണ്ട്. എന്നാല്‍, അന്വേഷണവുമായി ബന്ധപ്പെട്ട് ആധികാരിക രേഖകളൊന്നും കിട്ടിയിട്ടില്ല. അത്തരം രേഖകള്‍ കിട്ടിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശ്രീകാന്ത് പറഞ്ഞു.