കോട്ടയം: തമിഴ്‌നാട്ടിലെ കമ്പത്ത് എവിടെയോ കൈഞരമ്പ് മുറിച്ച് രക്തത്തിൽ കുളിച്ചുകിടന്ന മകൻ. വീഡിയോ കോളിലൂടെ അതുകണ്ട് നിസഹായരായ ഒരമ്മയും അച്ഛനും. നിലവിളിച്ചുകൊണ്ട് അവർ കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടരയോടെ കറുകച്ചാൽ പോലീസ് സ്‌റ്റേഷനിലെത്തി. “സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും. രക്ഷിക്കണം”.

To advertise here,

കരഞ്ഞപേക്ഷിച്ച അവരെ എച്ച്.എച്ച്.ഒ. ടി.എസ്.ജയകൃഷ്ണനും മറ്റ് പോലീസുകാരും ചേർന്ന് സമാധാനിപ്പിച്ചു. ഉടൻ വിവരങ്ങൾ കമ്പം പോലീസിന് കൈമാറി. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒന്നരമണിക്കൂർകൊണ്ട് കമ്പത്തെ ഒരു ലോഡ്ജിൽ നിന്ന് യുവാവിനെ കമ്പം പോലീസ് കണ്ടെത്തി. അപ്പോഴേക്കും രക്തംവാർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അയാൾ. ഉടൻ കമ്പം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച് ജീവൻ രക്ഷിച്ചു. അപകടനില തരണംചെയ്തതോടെ കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങി. സ്വകാര്യാശുപത്രിയിൽ ചികിത്സയിൽകഴിയുന്ന യുവാവ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. കറുകച്ചാൽ കമ്പം പോലീസുകാരുടെ നല്ല ഇടപെടലിന് നന്ദി പറയുകയാണ് ആ കുടുംബം.

അമ്മയെ അവസാനമായി കാണാൻ

ചൊവ്വാഴ്ച വീട്ടിൽനിന്ന് പോയതാണ് 35 കാരനായ യുവാവ്. ബുധനാഴ്ച വൈകീട്ട് 8.05-ഓടെ അമ്മയുടെ ഫോണിലേക്ക് വീഡിയോകോൾ എത്തി. “അമ്മേ ഞാൻ കൈഞരമ്പ് മുറിച്ചു, മരിക്കാൻ പോകുന്നു”.

 

അമ്മയോട് അവസാനമായി സംസാരിക്കണമെന്ന് തോന്നി. നിലവിളിച്ചുകൊണ്ട് അമ്മ കാര്യങ്ങൾ തിരക്കിയെങ്കിലും അയാൾ അബോധാവസ്ഥയിലേക്ക് പോയി.

 

പിന്നെ ആലോചിച്ചുനിൽക്കാതെ ഇവർ കറുകച്ചാൽ പോലീസ് സ്‌റ്റേഷനിലേക്കെത്തുകയായിരുന്നു. പോലീസിന്റെ ഇടപടലുകൾ അൽപം വൈകിയിരുന്നെങ്കിൽ തങ്ങളുടെ മകൻ ഈ ലോകത്ത് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നാണ് അവർ വിശ്വസിക്കുന്നത്. കറുകച്ചാലിൽ കട നടത്തുന്ന കറുകച്ചാൽസ്വദേശിയായ യുവാവ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. യുവാവിനെ നേരിൽകണ്ട് സംസാരിച്ച് കൗൺസലിങ് അടക്കമുള്ള കാര്യങ്ങൾ നടത്താനൊരുങ്ങുകയാണ് കറുകച്ചാൽ പോലീസ്.