പാലക്കാട്: ക്ഷേമപെൻഷനുകൾ വീടുകളിൽ കൈപ്പറ്റിയിരുന്നവർക്ക് ബാങ്ക് അക്കൗണ്ട് വഴിയാക്കുമെന്ന സർക്കാർ തീരുമാനത്തിൽ ഇനിയും ഉത്തരവായില്ല. പാസ്‌ബുക്കുമായി പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങുകയാണ് ഗുണഭോക്താക്കൾ. തദ്ദേശസ്ഥാപനങ്ങളാകട്ടെ ആശയക്കുഴപ്പത്തിലും.
ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കുമെന്ന സർക്കാർ തീരുമാനം ജൂലായ് 27-നാണ് പുറത്തുവന്നത്. ആശങ്കകൾ ഉയർന്നതോടെ അവ പരിഹരിക്കുമെന്നും വിശദമായ മാർഗനിർദേശങ്ങൾ തയ്യാറാക്കുമെന്നും അറിയിച്ചു. എന്നാൽ, പുതിയ തീരുമാനങ്ങളും ഉത്തരവുകളും പിന്നീട് ഉണ്ടായിട്ടില്ല.
ബാങ്ക് അക്കൗണ്ട് ഉടനെ തുടങ്ങിയില്ലെങ്കിൽ പെൻഷൻ റദ്ദാകുമെന്ന പ്രചാരണം കേട്ടാണ് ഗുണഭോക്താക്കൾ പഞ്ചായത്തുകളിലെത്തുന്നത്. പെൻഷൻവിഭാഗത്തിന്റെയും ധനവകുപ്പിന്റെയും ഉത്തരവ് വരാത്തതിനാൽ, രേഖകളുമായെത്തുന്ന ഗുണഭോക്താക്കളെ പഞ്ചായത്തുകൾ തിരിച്ചയക്കുന്നുണ്ട്.
ചിലയിടങ്ങളിൽ ഗുണഭോക്താക്കളുടെ ബാങ്ക് പാസ്‌ബുക്കിന്റെ പകർപ്പ് വാങ്ങി സൂക്ഷിക്കുന്നുണ്ട്. എന്നാൽ, പെൻഷൻ സൈറ്റിൽ അപ്ഡേഷൻ ആവാത്തതിനാൽ ഇപ്പോൾ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാൻ കഴിയില്ല. പുതിയ ബാങ്ക് അക്കൗണ്ട് വേണ്ടിവരുമോ, ഗുണഭോക്താവിന്റെപേരിലുള്ള നിലവിലെ ബാങ്ക് അക്കൗണ്ട് മതിയാവുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുതന്നെ വേണ്ടിവരാനാണ് സാധ്യത. തപാൽവകുപ്പിനുകീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മന്റ്സ് ബാങ്കിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. അതിനാൽ, സർക്കാർ നിർദേശം വരാതെ ഗുണഭോക്താവിന്റെ ഏത് പാസ്‌ബുക്കാണ് വേണ്ടതെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് ഉറപ്പിക്കാനാവില്ല.
പുതിയ ഉത്തരവ് വരുന്നതുവരെ പഴയപടി തുടരും
ഉത്തരവും അറിയിപ്പും നൽകാതെ പെൻഷൻ വിതരണം പൂർണമായും ബാങ്ക് വഴിയാക്കില്ലെന്ന് തദ്ദേശവകുപ്പിലെ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ വിഭാഗം സീനിയർ സൂപ്രണ്ട് അറിയിച്ചു. 23,14,996 പേർക്കാണ് പെൻഷൻ വീട്ടിലെത്തിക്കുന്നത്. ഓണത്തിന് പഴയപടിതന്നെ വിതരണം പൂർത്തിയാക്കി.
പുതിയ ഉത്തരവ് വരുന്നതുവരെ വിതരണം തത്‌സ്ഥിതി തുടരാനാണ് നിർദേശമുള്ളത്. ബാങ്ക് പാസ്‌ബുക്കുമായി തദ്ദേശസ്ഥാപനങ്ങളിലെത്താൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നും പുതിയ മാറ്റത്തിന്റെ പേരിൽ ആരുടെയും പെൻഷൻ മുടങ്ങില്ലെന്നും അധികൃതർ പറഞ്ഞു.
Content Highlights: The government's decision to distribute welfare pensions through bank accounts has not been officially implemented, causing confusion among beneficiaries and local bodies. Beneficiaries are concerned about losing pensions and are visiting local offices with bank passbooks, but without official orders, local bodies cannot proceed with linking accounts.
Published: 04 Sept 2026, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented