തോപ്പുംപടി: അറബിക്കടലിലും കേരളത്തിന്റെ കായലിലും മീൻ കുറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ഉത്പാദിപ്പിക്കുന്ന കാലമാണിത്. സംസ്ഥാനത്തെ മത്സ്യ ഉത്പാദനത്തിന്റെ 40 ശതമാനവും നടക്കുന്നത് ജൂലായിൽ തുടങ്ങി സെപ്റ്റംബർ വരെയുള്ള കാലത്താണ്. ഈ സമയത്താണ് ഉപരിതല മത്സ്യങ്ങളായ ചാള, അയല, വറ്റ എന്നിവ കൂടുതലായി ലഭിക്കുന്നത്. പക്ഷേ, ഈ മത്സ്യങ്ങളുടെ ഉത്പാദനത്തിൽ വലിയ കുറവാണ് കാണുന്നത്. ആലപ്പുഴ, കോഴിക്കോട് പ്രദേശങ്ങളൊഴിച്ചാൽ മറ്റൊരിടത്തും കാര്യമായി മീൻ ലഭിച്ചിട്ടില്ല.

To advertise here,

ട്രോളിങ് നിരോധനം കഴിഞ്ഞ് വലിയ പ്രതീക്ഷകളോടെ ബോട്ടുകളുമായി കടലിൽ ഇറങ്ങിയവർക്കും നിരാശയാണ്. ചാള, അയല തുടങ്ങിയ മത്സ്യങ്ങളുടെ ഉത്പാദനം കുറഞ്ഞത് മത്സ്യമേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്. കായലിലും മത്സ്യങ്ങൾ കുറഞ്ഞതായി തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.

തിരിച്ചടിയായി എൽനിനോയും ചെറുമീൻ പിടിത്തവും

സൂപ്പർ എൽനിനോ പ്രതിഭാസം തീരക്കടലിലെ മത്സ്യ ഉത്പാദനത്തെ ബാധിച്ചതായി ശാസ്ത്രസമൂഹം പറയുന്നുണ്ട്. അതേസമയം, കടലിൽ നിന്ന് വൻതോതിൽ ചെറുമീൻ പിടിച്ചെടുത്ത് തമിഴ്‌നാടൻ കമ്പനികൾക്ക് കൈമാറിയത് മത്സ്യ ഉത്പാദനത്തെ ബാധിച്ചതായി മത്സ്യത്തൊഴിലാളി സംഘടനകളും ബോട്ടുടമകളും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം മാത്രം 6000 ലോഡ് ചെറുമീനാണ് കേരളത്തിൽ നിന്ന് കടത്തിയതെന്ന് ഫെഡറേഷൻ ഫിഷിങ് ബോട്സ് ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു.

ടൺകണക്കിന് ചെറുമീനുകളാണ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതെന്നും അത് തടയാൻ നടപടി വേണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൻ പൊള്ളയിൽ പറയുന്നു. മീൻതീറ്റ, വളം എന്നിവ ഉത്പാദിപ്പിക്കുന്നതിനായി കേരളത്തിൽ നിന്ന് വൻതോതിൽ മീൻകുഞ്ഞുങ്ങളെ കൊണ്ടുപോകുകയാണ്. വളർന്ന് വലുതായി മത്സ്യമേഖലയ്ക്ക് കരുത്തായി മാറേണ്ട മത്സ്യമാണ് ഇതുവഴി നഷ്ടമാകുന്നത്. വരൾച്ച രൂക്ഷമായതിനാൽ മത്സ്യത്തൊഴിലാളികളുടെ ആശ്വാസത്തിനായി പുതിയ പാക്കേജ് സർക്കാർ അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.

വലുപ്പം കുറയുന്നു, വില കുതിച്ച് കയറുന്നു

കൊച്ചിയിൽ ഒരു കിലോഗ്രാം ചാളയ്ക്ക് 360 രൂപ വരെയായി വില ഉയർന്നു. തീരത്തോട് ചേർന്നുള്ള മേഖലയിലാണ് ഈ വില. മറ്റ് സ്ഥലങ്ങളിൽ ചില്ലറ വില ഇതിലുമേറെയാണ്. പഴയതുപോലെ നല്ല വലുപ്പമുള്ള ചാളയും അയലയും കിട്ടാനില്ല. വലുപ്പം കുറഞ്ഞ അയലയ്ക്കും വില കൂടുതലാണ്. കിലോഗ്രാമിന് 300 മുതൽ 400 രൂപ വരെയാണ് അയലയുടെ വില. നത്തോലിയുടെ വില കിലോയ്ക്ക് 200 രൂപ വരെയായി. ചെമ്മീന്റെ വിലയും ഉയരുന്നുണ്ട്. കടലിൽ നിന്ന് ചെമ്മീൻ ഇക്കുറി കാര്യമായി കിട്ടിയിട്ടില്ല. വരവ് കുറഞ്ഞതിനാൽ നാരൻ ചെമ്മീൻ വില കിലോയ്ക്ക് 500 രൂപയായി. ചെറിയ ചെമ്മീന് പോലും കിലോയ്ക്ക് 150-200 രൂപയായി. കായൽ മീനുകളായ കണമ്പ്, കരിമീൻ, ചെമ്പല്ലി എന്നിവയ്ക്ക് കിലോയ്ക്ക് 600 മുതൽ 800 രൂപ വരെയാണ് വില. കടൽമീനുകളായ ആവോലി കിലോയ്ക്ക് 1000 രൂപയായി. നെയ്‌മീൻ വില 1200 മുതൽ 1400 രൂപ വരെയായി. നേരത്തേ കുറഞ്ഞ വിലയ്ക്ക് കിട്ടുമായിരുന്ന തിലോപ്പിയയുടെ വിലയിലും 50 ശതമാനത്തിലേറെ വർധനയുണ്ടായി.