ഹരിപ്പാട്: 'മണ്ണുവാരിയെറിഞ്ഞും ശരീരം കുലുക്കിയും കുടഞ്ഞെറിയാന്‍ ആന നോക്കിയതാ. എന്തും വരട്ടെയെന്ന് കരുതി പിടിച്ചിരുന്നു. ഇടയ്ക്ക് വൈദ്യുതിത്തൂണ് വലിച്ചിട്ടപ്പോള്‍ എല്ലാം കഴിഞ്ഞെന്ന് തോന്നി. പിന്നീട് മയക്കുവെടി വെക്കുമ്പോള്‍ ശ്വാസം നിന്നുപോയി. ഉന്നംതെറ്റിയാല്‍ എല്ലാം കഴിഞ്ഞേനേ...' ഒന്നാം പാപ്പാന് വര്‍ക്കല ആലുവിള വീട്ടില്‍ കലേഷി(40)നെ അടിച്ചുകൊന്ന ആനയുടെ പുറത്ത് നാലേകാല്‍ മണിക്കൂറോളം ചങ്ങലയില്‍ പിടിച്ചിരുന്ന രണ്ടാം പാപ്പാന് സഞ്ജു (ബോബന്റോ തങ്കച്ചന്-24) അവിശ്വസനീയമായ രക്ഷപ്പെടലിനെപ്പറ്റി ഓര്‍ത്തെടുക്കുകയാണ്.
പള്ളിപ്പാട്ട് എഴുന്നള്ളത്തിനുശേഷം രാത്രി പത്തേകാലോടെയാണ് ഹരിപ്പാട് ക്ഷേത്രത്തിന് സമീപമെത്തിയത്. ഈ സമയം പിന്നാലെ ബൈക്കില്‍ വന്നവര്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍ മുഴക്കി. ആനയ്ക്കൊപ്പം നടന്നിരുന്ന കലേഷ് പെട്ടെന്ന് തിരിഞ്ഞുനോക്കി. ഇതുശ്രദ്ധിച്ച ആനയും വെട്ടിത്തിരിഞ്ഞു. പക്ഷേ, ഇതിനിടെ തുമ്പിക്കൈ തട്ടി കലേഷ് വീണുപോയി. അടുത്ത നിമിഷം ആന മുഖം അമര്‍ത്തി കലേഷിനെ ഞെരുക്കിയിട്ട് റോഡരികിലേക്ക് തള്ളിയിട്ടു. ആനപ്പുറത്തായിരുന്ന സഞ്ജുവിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
പരിക്കേറ്റ കലേഷ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. പിന്നീട് മണിക്കൂറുകളോളം ക്ഷേത്രനടയിലെ റോഡില്‍ അങ്ങോട്ടുമിങ്ങോട്ടും ആന നടക്കുകയായിരുന്നു. 'ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ആന കൊല്ലുമെന്ന് ഉറപ്പായിരുന്നു. ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് ചാടാന്‍ നോക്കിയാല്‍ തുമ്പിക്കൈകൊണ്ട് വലിച്ചിടും. മയക്കുവെടി വെച്ച് തളയ്ക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ആന വൈദ്യുതിത്തൂണ് തള്ളിമറിച്ചപ്പോള്‍ തൊട്ടടുത്താണ് വീണത്. ഇതോടെ വഴിവിളക്കുകള്‍ കെട്ടു. കൈയില്‍ കരുതിയിരുന്ന ടോര്‍ച്ചാണ് തുണച്ചത്.'
'ക്ഷേത്രക്കുളത്തിന് സമീപത്ത് പതിവായി തളയ്ക്കാറുള്ള പുരയിടത്തിലേക്ക് ഇരുട്ടത്താണ് ആന കയറിയത്. ടോര്‍ച്ച് തെളിച്ചാണ് മരങ്ങളില്‍ തട്ടിവീഴാതെ രക്ഷപ്പെട്ടത്. ഇതിനിടെ മാവും തെങ്ങും കുത്തിമറിച്ചു. ഒരു വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുവരുത്തി. അപ്പോഴെല്ലാം ആനപ്പുറത്ത് അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. രണ്ടുമണിയോടെയാണ് മയക്കുവെടി വെക്കുന്നത്. പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞാണ് ആനയെ തളച്ചത്. അങ്ങനെ നാലേകാല്‍ മണിക്കൂറിനുശേഷം താഴെയിറങ്ങുമ്പോഴും രക്ഷപ്പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.'- മയക്കുവെടിവെച്ച് തളച്ച ആനയ്ക്ക് വെള്ളം കൊടുത്തുകൊണ്ടാണ് സഞ്ജു പറഞ്ഞത്.
കരുനാഗപ്പള്ളിയിലെ ഒരു ആനയുടെ പാപ്പാന്മാരായിരുന്ന കലേഷും സഞ്ജുവും മൂന്നുമാസം മുന്‍പാണ് മലപ്പുറം സ്വദേശി പരിപാടികള്‍ക്കായി ഹരിപ്പാട്ട് കൊണ്ടുവന്നിട്ടുള്ള അപ്പു എന്ന ആനയെ പരിചരിച്ചുതുടങ്ങിയത്. ഇതിനോടകം നാല് ക്ഷേത്രങ്ങളില്‍ എഴുന്നള്ളിച്ചു. ഒരിടത്തും പ്രശ്നമുണ്ടാക്കിയിട്ടില്ല.
content highlights: Elephant runs amok, mahout
Published: 23 Feb 2020, 10:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented