ബെംഗളൂരു: സമീപമണ്ഡലത്തിലെ ജനവാസമേഖലയിൽ ഭീതിവിതച്ച കാട്ടാനകളെ തന്റെ മണ്ഡലത്തിലേക്ക് മാറ്റിയെന്ന് ആരോപിച്ച് കർണാടകയിലെ കോൺഗ്രസ് വനിതാ എം.എൽ.എ. രാജി സമർപ്പിച്ചു. ചിക്കമഗളൂരു ജില്ലയിലെ മുടിഗെ എം.എൽ.എ. നയന മൊട്ടമ്മയാണ് രാജിവെച്ചത്.

To advertise here,

ഹാസൻ ജില്ലയിൽ നിന്ന് കാട്ടാനകളെ നിർബന്ധപൂർവ്വം തന്റെ മണ്ഡലമായ ചിക്കമംഗളൂരുവിലെ മുടിഗെയിലേക്ക് തുരത്തിവിട്ടെന്നാണ് ആരോപണം. നയന മൊട്ടമ്മ തിങ്കളാഴ്ച സ്പീക്കറുടെ ഓഫീസിൽ രാജിക്കത്ത് സമർപ്പിച്ചു. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ താൽപ്പര്യങ്ങളും ജീവനും അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ, എം.എൽ.എയായി തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി.

സ്പീക്കർ ജി. എസ്. പാട്ടീൽ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയെ ആണ് മൊട്ടമ്മ രാജിക്കത്ത് ഏൽപ്പിച്ചത്. എന്നാൽ, നിശ്ചിത മാതൃകയിലല്ല രാജിക്കത്ത് എന്ന കാരണത്താൽ സ്പീക്കറുടെ ഓഫീസ് രാജി സ്വീകരിക്കാൻ വിസമ്മതിച്ചിട്ടുണ്ട്. ഈ വിഷയം ചർച്ച ചെയ്യാൻ മന്ത്രി യോഗം വിളിച്ചിട്ടും പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി ആലോചിക്കാതെയാണ് വനം വകുപ്പ് ആനകളെ തുരത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നാണ് അവരുടെ പരാതി.

'എന്നെ തിരഞ്ഞെടുത്ത ജനങ്ങളോട് ഞാൻ മറുപടി പറയേണ്ടതുണ്ട്. ഞാൻ സർക്കാരിന് മാത്രമായി കണക്കുപറയാൻ ബാധ്യസ്ഥയല്ല. നമ്മെ തിരഞ്ഞെടുത്ത ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിന്നെ പൊതുപദവി വഹിക്കുന്നതുകൊണ്ട് എന്തർത്ഥമാണുള്ളത്' വാർത്താസമ്മേളനം നടത്തി കോൺഗ്രസ് എംഎൽഎ ചോദിച്ചു.

ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്ന് ഏകദേശം 50-60 ആനകളെ ചിക്കമംഗളൂരു ജില്ലയിലെ മുടിഗെയിലുള്ള തത്‌കോള റിസർവ് വനത്തിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനെയാണ് കോൺഗ്രസ് എം.എൽ.എ എതിർക്കുന്നത്.

രൂക്ഷമായ മനുഷ്യ-വന്യജീവി സംഘർഷങ്ങളും മറ്റ് ഉപജീവന പ്രതിസന്ധികളും നേരിടുന്ന കർഷകരെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നും എം.എൽ.എ വാദിക്കുന്നു. കഴിഞ്ഞ ആഴ്ച ആനകളുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വനംവകുപ്പ് ആനകളെ മാറ്റാൻ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ച ചിക്കമംഗളൂരുവിൽ മറ്റ് നേതാക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയ നയന, ആനകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ഇതിനകം മാറ്റിയ ആനകളെ മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.