തൊടുപുഴ/ മുത്തങ്ങ: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി 30 അംഗ ദ്രുതപ്രതികരണസേനയും (ആർ.ആർ.ടി.) രണ്ട് കുങ്കിയാനകളും വയനാട്ടിൽനിന്ന് ചിന്നക്കനാലിലെത്തി.

To advertise here,

ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ മുത്തങ്ങ ആനപ്പന്തിയിൽനിന്ന് വനംവകുപ്പിന്റെ രണ്ട് ആന ആംബുലൻസുകളിൽ ചിന്നക്കനാലിലേക്ക് കൊണ്ടുപോയത്. അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്ത കുങ്കിയാനകളാണ് ഇവ. ചിന്നക്കനലാൽ സിമന്റുപാലത്താണ് കുങ്കിത്താവളം സജ്ജമാക്കിയിരിക്കുന്നത്. തിങ്കളാഴ്‌ച പുലർച്ചെയാണ് കുങ്കിയാനകൾ എത്തിയത്.

ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അനുമോദ്, അസി. വെറ്ററിനറി ഓഫീസർ സിറിൾ എന്നിവരുടെ നേതൃത്വത്തിൽ ആർ.ആർ.ടി. വനംവകുപ്പ് ബസിലാണ് ആനകളെ അനുഗമിച്ചിരുന്നത്. 27 പേർ ബത്തേരി ആർ.ആർ.ടി.യിലെ അംഗങ്ങളാണ്. ഇവർക്ക് നാലിടത്തായിട്ടാണ് താമസസൗകര്യം ഒരുക്കുന്നത്.

താമസിക്കില്ല

വനംവകുപ്പ് 24 മണിക്കൂറും ചക്കക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. രാത്രിയിൽ തെർമൽ ഡ്രോൺ ക്യാമറ ഉപയോഗിച്ചാണ് നിരീക്ഷണം. എട്ടേക്കറിലാണ് ഇപ്പോൾ ചക്കക്കൊമ്പൻ നിൽക്കുന്നത്.

കാട്ടാനയെ പിടികൂടുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആന ഇതിന് അരികിലെത്തുകയോ അവിടേക്ക് എത്തിക്കുകയോ ചെയ്യേണ്ടതുണ്ട്. അതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. തുടർന്നാകും മയക്കുവെടിവെച്ച് പിടികൂടുന്നത്.

റേഡിയോ കോളർ ഘടിപ്പിച്ച് ആവശ്യമായ ചികിത്സനൽകി കാട്ടിലേക്ക് തുറന്നുവിടും. എല്ലാം അനുകൂലമായാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ദൗത്യംനടക്കും.

ശല്യക്കാരനായ കാട്ടാന ചക്കക്കൊമ്പന്റെ സഞ്ചാരപഥം മുൻകൂട്ടി അറിയുന്നതിനായാണ് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. എന്നാൽ, ഇതുകൊണ്ട് പ്രയോജനമില്ലെന്നും കാട്ടാനയെ കാട് മാറ്റണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു. ചക്കക്കൊമ്പൻ വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത് വരുത്തുന്നത്. മനുഷ്യരെയും കൊന്നു.