''ഒന്ന് പിന്നോട്ടുതള്ളി, പിന്നെ എടുത്തുയർത്തി. ഉടനെ താഴെവെച്ചു...'ഗാന്ധിനഗർ മെയിൻസ്ട്രീറ്റിൽ താമസിക്കുന്ന മുണ്ടയ്ക്കൽ വീട്ടിൽ സംഗീതയുടെ വാക്കുകൾ വിറച്ചു. ഞെട്ടൽ വിട്ടുമാറിയിട്ടില്ലെങ്കിലും പുനർജന്മം ലഭിച്ച ആശ്വാസമായിരുന്നു സംഗീതയ്ക്ക്. രാവിലെ ഒൻപതരയോടെ കാറിൽ ഓഫീസിലേക്കു പോകാനിറങ്ങിയപ്പോൾ വീടിനു തൊട്ടടുത്തുവെച്ചാണ് ആനയ്ക്കുമുന്നിൽപ്പെടുന്നത്. കൊമ്പൻ കൊമ്പിൽക്കോർത്ത് ഒന്നുയർത്തി നിലത്തേക്കിടുമ്പോൾ സംഗീത ഡ്രൈവിങ്‌സീറ്റിലുണ്ടായിരുന്നു. ആന തകർത്ത കാറിൽനിന്ന് മറ്റുള്ളവരുടെ സഹായത്തോടെയാണ് ഇവർ പുറത്തിറങ്ങിയത്. ഭാഗ്യത്തിന് പരിക്കുകളൊന്നും പറ്റിയില്ല. അപ്പോഴേക്കും രണ്ടാമതും കൊമ്പൻ കാറിനടുത്തേക്കെത്തി.

To advertise here,

കിഴക്കുംപാട്ടുകരയിലെ ജുവൽറോക്ക് എന്ന ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് സംഗീത. കാറിൽ വീട്ടിൽനിന്നിറങ്ങി തൊട്ടുമുന്നിലെ വളവിലെത്തിയപ്പോഴാണ് ആന വരുന്നുണ്ടെന്ന സൂചന കിട്ടുന്നത്. ആദ്യം ആളുകൾ എന്താണ് പറയുന്നതെന്ന് മനസ്സിലായില്ല. വ്യക്തമായപ്പോൾ കാർ പിന്നിലേക്കെടുത്തു. വളച്ച് എടുക്കേണ്ടതിനാൽ അധികം പിന്നോട്ടുപോകാനായില്ല. മാത്രമല്ല, തൊട്ടുപിന്നിൽ ഇരുചക്രവാഹനത്തിൽ മകൾ ശ്രുതി വരുന്നുണ്ടായിരുന്നു. ഇതും പിന്നിലേക്കെടുക്കലിന്റെ വേഗം കുറച്ചു. മകൾ കാറിനെ മറികടന്ന് മുന്നിലേക്കു വരുമോ എന്ന ആശങ്കയും ഇവർക്കുണ്ടായി. മകളോട് ആന വരുന്നുണ്ടെന്ന കാര്യം പറയാൻ ശ്രദ്ധിച്ചപ്പോൾ മുന്നിലെത്തിയ കൊമ്പനെ കണ്ടില്ല.

അപ്പോഴേക്കും ആന സംഗീതയുടെ കാറിനു തൊട്ടുമുന്നിലെത്തിയിരുന്നു. പിന്നോട്ട് ഉന്തിനീക്കിയശേഷം കാർ ഇരു കൊമ്പുകൊണ്ടും കോർത്തെടുത്ത് ഉയർത്തുകയായിരുന്നുവെന്ന് സംഗീത പറഞ്ഞു. തുടർന്ന് താഴേക്കിട്ടു. ഇതിനുശേഷം വഴിതിരിഞ്ഞുപോയി. ഈ സമയം കാർ ചെരിഞ്ഞാണ് കിടന്നിരുന്നതെന്നതിനാൽ ഡ്രൈവിങ് സീറ്റിനടുത്തുള്ള ഡോറിലൂടെ പുറത്തുകടക്കാനായില്ല. ഡ്രൈവിങ്‌സീറ്റിന് എതിർവശത്തെ ഡോറിലൂടെ നാട്ടുകാർ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.

അപ്പോഴേക്കും ആന ഇതേവഴിയിലൂടെ തിരിച്ചുവന്നു. തിരിച്ചുവന്നപ്പോഴും കാറിനുനേരേ പരാക്രമം കാട്ടി. സീറ്റിന് താഴ്ഭാഗത്ത് കൊമ്പ് കുത്തിയിറക്കി. കാർ കുത്തി മറിച്ചിടാൻ ശ്രമിച്ചു. എന്നാൽ, മതിലുകൾക്കിടയിൽ കുടുങ്ങിയതിനാൽ മറിച്ചിടാൻ സാധിച്ചില്ല. പിന്നീട് സ്ഥലത്തെത്തിയ മന്ത്രി ഒ.ജെ. ജനീഷും സംഗീതയോട് വിവരങ്ങൾ ആരാഞ്ഞു.