സി.എം.ആര്.എല്‍.-എക്‌സാലോജിക് ഇടപാടില്‍ മൂന്നാംഘട്ട റെയ്ഡാണ് കഴിഞ്ഞദിവസം നടന്നത്

കോഴിക്കോട്: സി.എം.ആർ.എൽ.-എക്‌സാലോജിക് ഇടപാടുകളുടെ പേരിലാണ് റെയ്ഡ് എങ്കിലും രാഷ്ട്രീയമായും വ്യക്തിപരമായും പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ.യുമായി ഏറ്റവുമടുപ്പമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ചൊവ്വാഴ്ച പരിശോധനനടത്തിയത്. ഇവരുമായുള്ള ടി. വീണയുടെ സാമ്പത്തിക ഇടപാടുകളാണ് റെയ്ഡിന് നിമിത്തം. എങ്കിലും ലക്ഷ്യംവെക്കുന്നത് റിയാസിനെക്കൂടിയാണ്. സാന്പത്തിക ഇടപാടുകളിൽ റിയാസിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഇ.ഡി. വിശദമായി പരിശോധിച്ചിട്ടുണ്ട്. സി.എം.ആർ.എൽ.-എക്‌സാലോജിക് ഇടപാടിൽ മൂന്നാംഘട്ട റെയ്ഡാണിത്. അവസാനഘട്ടത്തിലാണ് റിയാസുമായി അടുപ്പമുള്ളവരിലേക്കെത്തിയത്.
ഇ.ഡി. റെയ്ഡ് നടത്തിയ നാലുപേർ റിയാസിനൊപ്പം ഫറോക്ക് കോളേജിൽ ഒരുമിച്ചു പഠിച്ചവരും ദീർഘകാലമായി അടുത്തസുഹൃത്തുക്കളുമാണ്. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ പി. നിഖിൽ കോഴിക്കോട്ടെ സി.പി.എമ്മിൽ റിയാസിന്റെ വിശ്വസ്ഥനാണ്. റിയാസിന്റെ പിന്തുണയിലാണ് നിഖിൽ കോഴിക്കോട് നഗരത്തിൽ പാർട്ടിയുടെ ഏറ്റവും ശക്തനായി മാറിയതും സ്‌പോർട്‌സ് കൗൺസിലിന്റെ തലപ്പത്തെത്തിയതുമെല്ലാം. കോഴിക്കോട് കോർപ്പറേഷന്റെ ഉൾപ്പെടെ മുഴുവൻ പരസ്യബോഡുകൾ സ്ഥാപിക്കുന്നതിന്റെയും ചുമതല വർഷങ്ങളായി നിഖിലിന്റെ ഉടമസ്ഥതയിലുള്ള 'സൊലെസ്' എന്ന പരസ്യക്കമ്പനിക്കാണ്. അതുമായി ബന്ധപ്പെട്ട ഇടപാടുകളടക്കം ഇ.ഡി. ചൊവ്വാഴ്ച പരിശോധിച്ചിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖലാ ജോയിന്റ് സെക്രട്ടറിയും ഡെസ്റ്റിനേഷൻ ടൂറിസം മാനേജരുമായ എടക്കാട് സ്വദേശി നന്ദുലാലിനും റിയാസുമായി വ്യക്തിപരമായ അടുപ്പമുണ്ട്. റിയാസ് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിനുവേണ്ടി പ്രൊമോഷൻ ജോലികൾ ചെയ്തിരുന്നത് നന്ദുലാലാണ്. നിഖിൽ വഴിയാണ് നന്ദുലാൽ റിയാസുമായി അടുപ്പം സ്ഥാപിക്കുന്നതെങ്കിലും നന്ദുലാൽ റിയാസിന്റെ വിശ്വസ്ഥരുടെ കൂട്ടത്തിൽ പ്രധാനിയാണ്.
ഫറോക്ക് കോളേജിലെ സഹപാഠികളാണ് കോഴിക്കോട് സരോവരത്തെ 'കെ.സി.കെ. ഡെന്റൽസ്' ഉടമ പി.പി. ഷൈജൽ, ഐ.ടി. കമ്പനി ഉടമയായ കാരപ്പറമ്പ് സ്വദേശി ഫെബിഷ് മുഹമ്മദ്, പന്തീരാങ്കാവിലെ 'കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്' എം.ഡി. വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നീ നാലുപേരും. അതിൽ ഒരാൾ തന്റെ സുഹൃത്താണെന്നാണ് വീണ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ മൊഴി. ഫെബിഷ് മുഹമ്മദ് ബേപ്പൂർ ഫെസ്റ്റിന്റെകൂടി സംഘാടകനായിരുന്നു. നാലുപേർക്കും റിയാസുമായി പഠനകാലംമുതലുള്ള അടുപ്പമാണ്. സി.പി.എമ്മുമായി ഇവർക്ക് നേരിട്ട് ബന്ധങ്ങളില്ല.
Content Highlights: The Enforcement Directorate's third phase of raids in the CMRL-Exalogic deal targeted close political and personal associates of Minister P.A. Mohamed Riyas in Kozhikode, including his Farook College classmates, CPM leader P. Nikhil, and prominent local business owners.
Published: 19 Aug 2026, 11:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented