വെമ്പായം: മാണിക്കൽ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനച്ചടങ്ങിനിടെ പ്രതിഷേധം.  മുഴുവൻ മത്സരഫലങ്ങളും പ്രഖ്യാപിക്കാതെ ഓവറോൾ ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചതിലും അർഹരായവർക്ക് ട്രോഫികൾ നൽകാത്തതിലും ട്രോഫി വിതരണത്തിൽ താമസം നേരിട്ടുവെന്നും ആരോപിച്ചുകൊണ്ട് കോലിയക്കോട് ടീമിലെ ഒരുവിഭാഗം മത്സരാർഥികളാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ ട്രോഫികൾ തല്ലിത്തകർത്തു.

To advertise here,

ഞായറാഴ്ച വൈകുന്നേരം ആറോടെ പിരപ്പൻകോട് ക്ഷേത്രത്തിലെ സ്റ്റേജിൽ നടന്ന സമാപനസമ്മേളനത്തിനിടെയായിരുന്നു സംഭവം. വിജയികളുടെ പേരുകൾപോലും വായിക്കാതെയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി വിതരണം ചെയ്തതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

പല മത്സരാർഥികൾക്കും അർഹതപ്പെട്ട ട്രോഫികൾ ലഭിച്ചില്ലെന്നും, ട്രോഫികൾ ലഭിക്കാത്തകാര്യം ചൂണ്ടിക്കാണിച്ചപ്പോൾ പിന്നീട് വീട്ടിലെത്തിക്കാമെന്ന മറുപടിയാണ് സംഘാടകരിൽനിന്നുണ്ടായത്. ഇതിൽ പ്രകോപിതരായാണ് മത്സരാർഥികൾ ട്രോഫികൾ തല്ലിത്തകർത്തതെന്ന് പ്രതിഷേധക്കാർ പറയുന്നു.

കേരളോത്സവത്തിനായി അനുവദിച്ച ഫണ്ട് കൃത്യമായി വിനിയോഗിച്ചില്ലെന്നും, കായിക മത്സരവേദിയിൽ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള ഫസ്റ്റ് എയ്ഡ് സംവിധാനങ്ങൾ പോലും ഒരുക്കിയിരുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

മുൻ നിശ്ചയിച്ചതിൽ കൂടുതൽ മത്സരങ്ങൾ നടത്തിയെന്നും ട്രോഫികളുടെ കുറവ് ഉണ്ടായതിനാലാണ് വേദിയിൽ നൽകാൻ കഴിയാത്തതെന്നും പിന്നീട് അവർക്കു നൽകുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.