കണ്ണൂർ: അടി, തിരിച്ചടി.. മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് മരണം. 10 വർഷംമുമ്പ് കണ്ണൂർ ജില്ലയിലെ ഇടതുകോട്ടയായ പയ്യന്നൂരിൽ നിന്നുവന്ന ആ ഇരട്ടക്കൊലപാതക വാർത്ത കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതക പരമ്പരയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. അതിൽ സി.വി. ധനരാജ് എന്ന സി.പി.എം. പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറയുമ്പോൾ അത് സി.പി.എമ്മിന് ഏറെ നിർണായകമാണ്.
അതിന് പ്രധാന കാരണം, ഇന്ന് പയ്യന്നൂർ പഴയ പയ്യന്നൂരല്ല എന്നതുതന്നെയാണ്. ഏത് കൊടുങ്കാറ്റിലും കുലുങ്ങാതെ ചുവന്നുതുടുത്തിരുന്ന പയ്യന്നൂരിനെ ജനങ്ങൾ കൈവിട്ടിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ വിധി വരുമ്പോൾ സി.പി.എമ്മിന് ഒരേസമയം ആശ്വാസവും ഒപ്പം മുറിവിൽ എരിവ് പുരട്ടൽ കൂടിയാണ്. അതുകൊണ്ടു തന്നെ വിധിയെ എല്ലാവരും ഉറ്റുനോക്കുന്നുമുണ്ട്.
2016 ജൂലായ് 11 തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് വീട്ടുകാരുടെ മുന്നിൽവെച്ച് ധനരാജിനെ മുഖംമൂടിസംഘം വെട്ടിക്കൊലപ്പെടുത്തുന്നത്. പിന്തുടർന്ന് മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേർ ധനരാജ് വീട്ടിലെത്തിയ ഉടനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 20 ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരാണുള്ളത്. 12-ാം പ്രതി പിന്നീട് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
'വയലിൽ പണി തന്നാൽ വരമ്പത്ത് കൂലി' എന്ന് അക്കാലത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. 2016 ജൂലായ് 26-ന് സി.പി.എം. പയ്യന്നൂരിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിലായിരുന്നു കോടിയേരിയുടെ വിവാദ പ്രസംഗം.
ധനരാജ് കൊല്ലപ്പെട്ടത് 2016 ജൂലായ് 11 തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയാണെങ്കിൽ മൂന്ന് മണിക്കൂറിനുള്ളിൽ, പുലർച്ചെ ഒരു മണിയോടെയാണ് രാമചന്ദ്രൻ എന്ന ആർ.എസ്.എസ്. പ്രവർത്തകൻ കൊല്ലപ്പെട്ടത്. അക്രമിസംഘം വാതിൽ ചവിട്ടിപ്പൊളിച്ച് രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ നടന്ന ഇരട്ടക്കൊലപാതകം അന്നത്തെ സർക്കാരിനെ പിടിച്ച് കുലുക്കിയെങ്കിലും ധനരാജിന്റെ പേരിൽ വലിയ ആരോപണങ്ങളെ 2026-ലും സി.പി.എമ്മിന് നേരിടേണ്ടിവന്നു.
ധനരാജ് രക്തസാക്ഷി ഫണ്ടിൽനിന്ന് പാർട്ടി നേതൃത്വം പണം വകമാറ്റി ചിലവഴിച്ചുവെന്ന് മുതിർന്ന സി.പി.എം. നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ ആരോപണത്തിൽ പാർട്ടിക്ക് പിടിച്ച് നിൽക്കാനായില്ല. അന്നത്തെ പയന്നൂർ എം.എൽ.എ. ടി.ഐ. മധുസൂനെതിരെയുള്ള ആരോപണം നിയമസഭാ തിരഞ്ഞെടുപ്പിൽ തിളച്ച് മറിഞ്ഞപ്പോൾ പയ്യന്നൂർ എന്ന കോട്ടയാണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്.
രക്തസാക്ഷിത്വം പോലെ പാർട്ടി ഏറെ വൈകാരികമായി കാണുന്ന വിഷയത്തിൽ ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെടുക കൂടി ചെയ്തതോടെ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം പയ്യന്നൂരും കടന്ന് കേരളമൊന്നാകെ ചർച്ച ചെയ്യപ്പെട്ടു.
പയ്യന്നൂരിലെ തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും ജാഗ്രതക്കുറവുമാണെന്ന് പറഞ്ഞ് സി.പി.എമ്മിന് തന്നെ ഇക്കാര്യം പിന്നീട് അംഗീകരിക്കേണ്ടി വന്നു. പക്ഷെ തിരഞ്ഞെടുപ്പിന് ശേഷവും പയ്യന്നൂരിലെ കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. ഇത് തന്നെയാണ് സെഷൻ കോടതി വിധിയായിട്ടും ഇതിനെ സി.പി.എം. ഏറെ ആശങ്കയോടെ കാണുന്നത്.
ധനരാജിന്റെ കൊലപാതകികൾക്ക് എന്ത് ശിക്ഷ വിധിച്ചാലും വി.കുഞ്ഞികൃഷ്ണൻ എം.എൽ.എയിൽ നിന്ന് വരുന്ന പ്രതികരണമാണ് വിധിയേക്കാൾ സി.പി.എമ്മിന അലട്ടുക. രക്തസാക്ഷി ഫണ്ട് വിവാദമടക്കം വീണ്ടും ചർച്ചയാകാൻ സാധ്യതയുണ്ടെന്നും സി.പിഎം വിലയിരുത്തുന്നുണ്ട്. പാർട്ടി ഒരു തെറ്റ് തിരുത്തൽ പ്രക്രിയയിൽ കൂടെ കടന്ന് പോകുമ്പോൾ പ്രത്യേകിച്ചും.
പയ്യന്നൂരിലെ തോൽവിക്ക് ശേഷം വി. കുഞ്ഞികൃഷ്ണനെതിരെ സി.പി.എം. നിരന്തരം പ്രകോപനം നടത്തുന്നുണ്ട്. ഉദ്ഘാടനങ്ങൽ നിന്ന് മാറ്റിനിർത്തിയും പ്രതിഷേധം സംഘടിപ്പിച്ചുമെല്ലാം പ്രാദേശിക നേതൃത്വം വി. കുഞ്ഞികൃഷ്ണനെതിരെ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ വിധിക്ക് ശേഷവും കുഞ്ഞികൃഷ്ണൻ വെറുതെയിരിക്കില്ലെന്ന് ഉറപ്പാണ്.
Content Highlights: The 2016 double murder in Payyannur, involving the killing of CPM worker C.V. Dhanaraj and RSS worker Ramachandran, significantly impacted the political landscape, challenging the CPM's stronghold in the region. Allegations of misappropriation of funds from the Dhanaraj martyr fund by CPM leadership, particularly against former MLA T.I. Madhusoodan, led to internal party strife and contributed to the party's electoral defeat in Payyannur. The CPM continues to face challenges from within, notably from V. Kunhikrishnan, whose election as an MLA intensified the martyr fund controversy, prompting ongoing tensions and criticisms against the party's handling of candidate selection and internal disputes.
Published: 23 Nov 2026, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented