കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം ഒരിക്കൽ കൂടെ സിഎംആർഎൽ എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ ടിയെയും ലക്ഷ്യമിട്ട് സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്ഡ് നടക്കുകയാണ്. കോഴിക്കോട് മാത്രം നാലിൽ അധികം കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച്ച പരിശോധന നടക്കുന്നത്. ഇതിൽ ഏറ്റവും നിർണായകമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.നിഖിലിന്റെ വീട്ടിലും മുൻ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെയും വീട്ടിൽ നടന്ന റെയ്ഡ്.

To advertise here,

വിവിധ സംഘങ്ങളായി രാവിലെ മുതലെത്തിയ ഇഡി ഉദ്യോഗസ്ഥർ ഒരേ സമയത്താണ് റിയാസിന്റെ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളിലെത്തിയത്. കുണ്ടൂപറമ്പിലെ നന്ദുലാലിന്റെ വീട്, സരോവരം റോഡിലെ സ്ഥാപനം, പന്തീരങ്കാവിലെ വാരിഷ് കളത്തിങ്ങൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്, പി.നിഖിലിന്റെ വീട് എന്നിവിടങ്ങളിലെല്ലാമാണ് റെയ്ഡ് നടക്കുന്നത്.

ടി. വീണയുടെ ഡയറിയിൽ നിന്നാണ് ഇഡിക്ക് നിഖിൽ അടക്കമുള്ളവരുടെ വിവരങ്ങൾ ലഭിച്ചത്. മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവർക്ക് ആദ്യ കുറ്റപത്രം കൊടുക്കുന്നതിന് മുന്നോടിയായാണ് അവസാനഘട്ട പരിശോധന നടത്തുന്നതെന്നാണ് വിവരം.

എക്‌സാലോജികിന് പുറമെ, ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന പേരിലും വീണയുടെ പേരിൽ കമ്പനിയുണ്ടെന്നാണ് ഇഡിക്ക് വിവരം ലഭിച്ചത്. വീണയുടെ വീട്ടിൽ മെയ് 27 ന് നടത്തിയ റെയ്ഡിൽ കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതായും വിവരമുണ്ട്.

കേന്ദ്രസേനാംഗങ്ങളുടെ കാവലിലാണ് വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ഏതെങ്കിലും പ്രതികരണത്തിന് സിപിഎം നേതാക്കൾ തയ്യാറായിട്ടില്ല.