ചാല (കാസർകോട്): പൂച്ചയെ പിടിക്കാൻ രാത്രി എത്തിയ തെരുവുനായ്ക്കളിൽ ഒന്ന് കാറിന്റെ ബോണറ്റിനുള്ളിൽ കുടുങ്ങിയത് വീട്ടുകാരെ മുൾമുനയിലാക്കി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ചാല ഭഗവതീക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് സംഭവം. പൂച്ചയോ പാമ്പോ കയറാറുണ്ടെങ്കിലും നായയെപ്പോലുള്ള വലിയ ജീവി ബോണറ്റിനുള്ളിൽ എങ്ങനെ കയറിയെന്നത് അദ്ഭുതപ്പെടുത്തുന്നു.
നായ്ക്കൾ വണ്ടിക്കടുത്തുനിന്ന് ശബ്ദമുണ്ടാക്കുന്നതു കേട്ടുണർന്ന വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വീട്ടിൽ വരാറുള്ള രണ്ടു പൂച്ചകൾ രാത്രി പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന കാറിനടിയിലാണ് കിടക്കാറ്. ഇവയെ പിടിക്കാനെത്തിയ നായ്ക്കളിൽ ഒന്ന് വണ്ടിക്കടിയിലൂടെ തലയിട്ട് ബോണറ്റിനുള്ളിൽ കയറിക്കൂടുകയായിരുന്നു. ബഹളമായതോടെ മറ്റു നായകൾ ഓടി രക്ഷപ്പെട്ടു.
വീട്ടുകാരും സമീപവാസികളും പരിശോധിച്ചപ്പോൾ ഉടലും കാലും എൻജിനുള്ളിൽ കുടുങ്ങി തലകീഴ്പോട്ടായ നിലയിലായിരുന്നു നായ. ഏറേ ശ്രമിച്ചിട്ടും രക്ഷപ്പെടുത്താനാകാതെ വന്നതോടെ കണ്ണൂർ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. അവർ ഉടനെത്തി ഏറെനേരം പ്രയത്നിച്ചെങ്കിലും നായയെ പുറത്തെടുക്കാനായില്ല. ഒടുവിൽ നിവൃത്തിയില്ലാതെ രാവിലെ മെക്കാനിക്കിന്റെ സഹായം തേടാൻ പറഞ്ഞ് അവർ മടങ്ങി.
ചൊവ്വാഴ്ച രാവിലെ മെക്കാനിക് വന്ന് നായയെ പുറത്തെടുക്കുമ്പോഴേക്കും ചത്തിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ വെപ്രാളത്തിൽ ബോണറ്റിനുള്ളിലെ പല സാധനങ്ങളും നായ കടിച്ചുമുറിച്ചു. ഒരാഴ്ചമുൻപ് സർവീസ് കഴിഞ്ഞെത്തിച്ച വണ്ടി വീണ്ടും നന്നാക്കേണ്ട അവസ്ഥയിലാണ് വീട്ടുകാർ. കുറച്ചുമാസങ്ങൾക്കുമുൻപ് നായ്ക്കൾ കടിച്ച് ഇതേ വണ്ടിയുടെ ബമ്പറിന്റെ ഭാഗം കേടുവരുത്തിയിരുന്നു. ചാലയിലും പരിസരത്തും സമീപകാലത്തായി തെരുവുനായ്ക്കളുടെയും കുറുക്കന്റെയും ശല്യം രൂക്ഷമാണ്. വലിയ മതിലുള്ള വീടുകളിലും ചാടിക്കടന്ന് ഭീതി സൃഷ്ടിക്കുകയാണിവ.
Content Highlights: dog trapped in car bonnet
Published: 22 Oct 2025, 07:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented