തിരുവനന്തപുരം: ദേശീയപാതാ നിർമാണം പൂർത്തിയാകാതെയും അനുബന്ധ സൗകര്യങ്ങളേർപ്പെടുത്താതെയും ടോൾ പിരിവ്. 80 ശതമാനം പൂർത്തിയായ ഇടങ്ങളിൽ ടോൾ പിരിക്കാനാണ് ദേശീയപാതാ അതോറിറ്റി തീരുമാനം. എന്നാൽ, പണി ഇത്രയൊന്നും പൂർത്തിയാകാത്തിടത്തും ടോൾ പിരിക്കുന്നതിനെതിരേ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം റീച്ചിലെ പാരിപ്പള്ളിയിലും തുറവൂരിലെ 12.5 കിലോമീറ്റർ മേൽപ്പാലത്തിലും ഉടൻ ടോൾ പിരിവ് തുടങ്ങും. തലശ്ശേരി-മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ഒഴിവാക്കാനുള്ള മേൽപ്പാലത്തിന്റെ പണി തീർന്നിട്ടില്ല. അതിനാൽ സർവീസ് റോഡിലൂടെയാണ് വാഹനഗതാഗതം. എന്നിട്ടും ടോൾ കൊടുക്കേണ്ട സ്ഥിതിയാണ്. ടോൾ ഒഴിവാക്കാൻ വാഹനങ്ങൾ ചോനാടത്തും ബാലത്തും സർവീസ് റോഡിലൂടെ ഇറങ്ങിക്കയറുന്നു. ഇത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു.
തൃശ്ശൂർ നാട്ടികയിൽ ഒക്ടോബർ എട്ടിനാണ് പിരിവ് തുടങ്ങിയത്. സർക്കാർ ഇടപെട്ട് നിർത്തിയെങ്കിലും മണിക്കൂറുകൾക്കകം പുനരാരംഭിച്ചു. ജില്ലയിലെ 63 കിലോമീറ്ററിൽ 10 കിലോമീറ്ററിൽ പണി ബാക്കിയാണ്. ചേറ്റുവ പാലം, വാടാനപ്പിള്ളി അപ്രോച്ച് റോഡ്, പെരിഞ്ഞനം മേൽപ്പാലം, എടമുട്ടം അടിപ്പാത എന്നിവ പൂർത്തിയായിട്ടില്ല.
അരൂർ-ഇടപ്പള്ളി 16.5 കിലോമീറ്ററിൽ ടോൾ പിരിവ് തുടങ്ങിയിട്ട് 12 വർഷമായി. എന്നാൽ, 40 ശതമാനം അനുബന്ധസൗകര്യം ഇനിയും ഒരുക്കിയിട്ടില്ല. റോഡിൽ പലയിടത്തും വൻ കുഴി. തെളിയാത്ത വഴിവിളക്ക്. ബസ് ഷെൽട്ടറും ബസ് ബേയുമില്ല.
കോഴിക്കോട് ബൈപ്പാസിന്റെ ടോൾ പിരിവ് പന്തീരാങ്കാവിലാണ്. രണ്ടിടത്ത് നൂറുമീറ്റർ വീതം സർവീസ് റോഡ് പൂർത്തിയായിട്ടില്ല. അഴിയൂർ മുതൽ വെങ്ങളംവരെയുള്ള ഭാഗത്ത് 80 ശതമാനത്തിൽ താഴെയേ പൂർത്തിയാക്കിയിട്ടുള്ളൂ. കണ്ണൂർ ഭാഗത്തേക്കുപോവുന്നവർക്ക് ടോൾ നൽകിയാൽ വെങ്ങളം കഴിഞ്ഞാൽ മോശം റോഡിലൂടെ കിലോമീറ്ററുകൾ യാത്രചെയ്യണം. തിരുവനന്തപുരം തിരുവല്ലത്ത് വർഷങ്ങൾക്കുമുൻപ് പണി തീരാതെയാണ് പിരിവ് തുടങ്ങിയത്.
നാലു റീച്ചുകൾക്ക് 12,528 കോടി
പണി പൂർത്തിയായ നാലു റീച്ചുകൾക്കായി 12,528.48 കോടി രൂപ ചെലവായെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. 3717.61 കോടി നിർമാണത്തിനും 8810.87 കോടി ഭൂമി ഏറ്റെടുക്കാനും. ഭൂമി ഏറ്റെടുക്കൽച്ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർവഹിച്ചു. കാസർകോട് ഉർദൂർ സ്വദേശി മുഹമ്മദ് അഷ്‌റഫിന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകൾ.
Content Highlights: The National Highway Authority has initiated toll collection across several incomplete stretches in Kerala, drawing sharp criticism and widespread protests from motorists over inadequate basic infrastructure.
Published: 15 Nov 2026, 07:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented