
തിരുവനന്തപുരം: മാനവീയം വീഥിയുടെ ഓമനയായിരുന്നവൾ. 12 വർഷത്തോളം അവിടത്തെ മാറ്റങ്ങൾക്കു സാക്ഷിയായവൾ. ‘റാണി’യെന്ന ഓമനപ്പേരിട്ട് എല്ലാവരും അവളെ വിളിച്ചു. എന്നാൽ, എല്ലാവരുടെയും അരുമയായിരുന്ന റാണി എന്ന നായയെ കാണാതായിട്ട് മാസം ഒന്നു കഴിഞ്ഞു. മാനവീയം വീഥിയിലെത്തുന്ന റാണിയുടെ ആരാധകർ ‘റാണിക്കൊരു ഒപ്പ്’ എന്ന പ്രചാരണപരിപാടി സംഘടിപ്പിച്ച് അവളെ കണ്ടെത്താൻ ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതിനായി ബോർഡ് സ്ഥാപിക്കുകയും ചെയ്തരിക്കുകയാണ് അവർ. ആയിരത്തിലധികം ആളുകളാണ് ഇതിന്റെ ഭാഗമായത്.
മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണമുണ്ടാകാത്തതിനാൽ മുഖ്യമന്ത്രിക്കു നിവേദനം വരെ നൽകിയിട്ടുണ്ട് അവർ. മനുഷ്യനോടൊപ്പംതന്നെ സഹജീവികളെയും സ്നേഹിക്കുന്ന മനുഷ്യർ നമുക്കുചുറ്റുമുണ്ടെന്നു തെളിയിക്കുന്നതാണ് റാണിക്കുവേണ്ടിയുള്ള ഈ കാത്തിരിപ്പും പോരാട്ടവും. മാനവീയം വീഥിയിലേെക്കത്തിയിരുന്ന മറ്റു തെരുവുനായ്ക്കളെ തടഞ്ഞിരുന്നത് റാണിയാണ്. കൂട്ടുകാരനായ ചാർലിയെ മാത്രമാണ് റാണി വീഥിയിലേക്കു കയറ്റിയിരുന്നത്. അവളുടെ തിരിച്ചുവരവും കാത്തുകിടക്കുന്ന ചാർലിയും നൊമ്പരക്കാഴ്ചയാണ്.
ദിനംപ്രതി നിരവധിപ്പേർ വന്നുപോകുന്ന മാനവീയം വീഥിയുടെ ‘രക്ഷാധികാരി’യായിരുന്നു റാണി. എല്ലാവരോടും ഇണക്കത്തോടെ പെരുമാറിയിരുന്ന, അക്രമകാരിയല്ലാത്ത റാണിയുടെ തിരോധാനത്തിനു പിന്നിൽ സാമൂഹികവിരുദ്ധരാകാമെന്ന സംശയത്തിലാണ് മൃഗസ്നേഹികൾ. മാനവീയം വീഥിയിലെയും പരിസരങ്ങളിലെയും സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തെളിവൊന്നും കിട്ടിയിട്ടില്ല. തന്നെ സ്നേഹിക്കുന്നവരുടെയടുത്തേക്ക് എത്രയും വേഗം റാണി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മാനവീയം വീഥിയും അവിടെയെത്തുന്നവരും.
Content Highlights: Dog Missing Rani Manaveeyam Veedhi Thiruvananthapuram
Published: 23 May 2024, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented