തിരുവനന്തപുരം:  നെല്ല് സംഭരണത്തില്‍ ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് പി.ആര്‍.എസ്. വായ്പയുടെ പേരിലാണ്. എന്നാല്‍ പാഡി രസീത് ഷീറ്റ്(പി.ആര്‍.എസ്.) അടിസ്ഥാനത്തില്‍ നെല്ലിന്റെ പണം വായ്പയായി കര്‍ഷകര്‍ക്ക് നല്‍കുന്ന രീതി തുടങ്ങി വെച്ചത് ഇടത് സര്‍ക്കാരല്ലെന്ന് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് പി.ആര്‍.എസ്. അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ തുടങ്ങിയത്. 

To advertise here,

ഇക്കാര്യം വ്യക്തമാക്കി അന്നത്തെ ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍ മറുപടി നല്‍കിയിട്ടുമുണ്ട്. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് വേഗത്തില്‍ നല്‍കുന്നതിനായി ദേശസാല്‍കൃത ബാങ്കുകളായ കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പാലക്കാട്, തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയുമായി അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ ധാരണാപത്രവും ഒപ്പിട്ടിരുന്നു. 

ഇതിന് പുറമെ കര്‍ഷകര്‍ക്ക് വേണ്ടി സപ്ലൈകോ ബാങ്കുകളില്‍ നിന്ന് നേരിട്ട് വായ്പയെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുന്നുമുണ്ടെന്ന് അനൂപ് ജേക്കബ് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. കോട്ടയത്ത് കര്‍ഷക ആത്മഹത്യ നടന്നതിന് പിന്നാലെ പി.ആര്‍.എസ്. വായ്പാ സംവിധാനം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്. നേതാക്കളുള്‍പ്പെടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, കര്‍ഷ ആത്മഹത്യയ്ക്ക് കാരണം പി.ആര്‍.എസ്. വായ്പയല്ല എന്ന നിലപാട് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വീണ്ടും ആവര്‍ത്തിച്ചു.

പി.ആര്‍.എസ്. വായ്പയുടെ ബാധ്യത കര്‍ഷകനല്ലെന്നും അത് കുടിശ്ശിക ആയാലും സര്‍ക്കാരിനാണ് ബാധ്യതയെന്നുമാണ് ബാങ്കുകളുമായുള്ള കരാറെന്നും മന്ത്രി പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകന് എണ്ണൂറിന് മുകളില്‍ സിബില്‍ സ്‌കോറുണ്ട്. പി.ആര്‍.എസ്. വായ്പ മൂലം കര്‍ഷകന്റെ സിബില്‍ സ്‌കോര്‍ കുറഞ്ഞുവെന്ന വാദം തന്നെ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.