തിരുവനന്തപുരം: സിപിഎം നേതൃത്വം തുല്യത മറന്നുപോയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിൽ വിമർശനം. പുരുഷാധിപത്യസമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ പാർട്ടി ഒന്നും ചെയ്യുന്നില്ല.

To advertise here,

സമൂഹത്തിൽ വളർന്നുവരുന്ന അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരേ പ്രചാരണമോ പ്രവർത്തനങ്ങളോ ഏറ്റെടുക്കുന്നതിൽ മഹിളാ അസോസിയേഷൻ സംസ്ഥാനനേതാക്കൾക്കു സാധിച്ചിട്ടില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ വിമർശിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചതിന്റെ മുഖ്യ ഉത്തരവാദിത്വം മുൻ മേയർ ആര്യാ രാജേന്ദ്രനാണെന്ന് സിപിഎം ജില്ലാകമ്മിറ്റിയിൽ ഉയർന്ന വിമർശനത്തിനു സമാനമായ ചർച്ചയുമുണ്ടായി. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഒരു വനിതയെ ഭരണമേൽപ്പിച്ച് പാർട്ടി മാതൃകകാണിച്ചെങ്കിലും അവരെ നയിക്കാനും ആവശ്യമുള്ളപ്പോൾ തിരുത്താനുമുള്ള ഉത്തരവാദിത്വം നേതൃത്വം കാണിച്ചില്ലെന്നാണ് വിമർശനം. പാർട്ടിയുടെ ഈ നിരുത്തരവാദിത്വപരമായ പെരുമാറ്റവും കോർപ്പറേഷനിലെ തിരിച്ചടിയിലേക്കു വഴിവെച്ചെന്ന് ഒരു പ്രതിനിധി ചൂണ്ടിക്കാട്ടി.

സിപിഎമ്മും മഹിളാ അസോസിയേഷനും പുരുഷകേന്ദ്രിതമായ നിലപാടുകളെടുക്കുന്നു. പാർട്ടിയിലും പുറത്തും സ്ത്രീകൾക്ക് പദവി നൽകുന്നതിലും പുരുഷകേന്ദ്രിത മനോഭാവം പ്രകടമാവുന്നു.

സൂസൻകോടിയെ മാറ്റാനും സി.എസ്. സുജാത തുടരാനും സാധ്യത

ജനാധിപത്യ മഹിളാ അസോസിയേഷനിൽ നേതൃമാറ്റത്തിനു സാധ്യത. സൂസൻകോടി പ്രസിഡന്റും സി.എസ്. സുജാത സെക്രട്ടറിയുമായാണ് നിലവിലെ നേതൃത്വം.

കൊല്ലം കരുനാഗപ്പള്ളിയിൽ സിപിഎം സമ്മേളനത്തിന്റെ ഭാഗമായുള്ള വിഭാഗീയതയുടെപേരിൽ സൂസൻകോടിയെ സംസ്ഥാനകമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിരുന്നു. പാർട്ടിക്ക് അനഭിമതയായതിനാൽ, സൂസൻകോടിയെ നേതൃസ്ഥാനത്തുനിന്നു മാറ്റിയേക്കും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം എൻ. സുകന്യയാണ് നിലവിലെ മഹിളാ നേതാക്കളിൽ സീനിയർ.

അതിനാൽ, സൂസൻകോടിക്കു പകരം അവർ വന്നേക്കും. സി.എസ്. സുജാത സെക്രട്ടറിസ്ഥാനത്ത് തുടരാനാണ് സാധ്യത. ഭാരവാഹികളെ വ്യാഴാഴ്ച തിരഞ്ഞെടുക്കും.