കൊച്ചി: ‘‘വാഹനങ്ങളിലെ നൂതനസാങ്കേതികവിദ്യകൾ മാത്രം പോര. സുരക്ഷയ്ക്കും അതു വേണം. പുതിയ ടെക്നോളജി മനുഷ്യന്റെ ജീവന് കാവൽ നിൽക്കുന്ന കാലമാണ് വരുന്നത്.’’ പറയുന്നത്, ജനീവ ആസ്ഥാനമായ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ ഇന്ത്യ ചാപ്റ്ററിന്റെ പ്രസിഡന്റ് എമിററ്റസും ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ ഇന്ത്യ ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡന്റുമായ കെ.കെ. കപില.
അന്താരാഷ്ട്ര തലത്തിൽ റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കപില യൂറോപ്യൻ രാജ്യങ്ങളിൽ നിന്നല്ലാതെ ഇൗ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ്. കളമശ്ശേരി എസ്.സി.എം.എസ് കാമ്പസിൽ നടക്കുന്ന അന്താരാഷ്ട്ര ട്രാഫിക് സുരക്ഷാ സമ്മേളനത്തിൽ അതിഥിയായി എത്തിയതായിരുന്നു കപില.
‘‘നിരത്തിലോടുന്ന വാഹനങ്ങൾ അരികിലെ മറ്റു വണ്ടികളോട് ആശയവിനിമയം നടത്തുന്ന കാലം വന്നു കഴിഞ്ഞു. നിർമിതബുദ്ധിക്ക് അപായ സാധ്യതയുള്ള ഇടനാഴികൾ കണ്ടെത്താനാകും. നാട്ടിൽ നല്ല റോഡും ജനങ്ങൾക്ക് റോഡ് സുരക്ഷയെ കുറിച്ച് ബോധവും ഉണ്ടാകണം. നിയമം നടപ്പാക്കണം. ഇതെല്ലാം ചെയ്തിട്ടും ഉണ്ടാകുന്ന അപകടങ്ങൾക്ക് അടിയന്തരസഹായവും വേണം’’
-കപില പറയുന്നു.
2028 ഒക്ടോബർ ഒന്നു മുതൽ ഇന്ത്യയിൽ നിർമിക്കുന്ന നിശ്ചിത വിഭാഗത്തിലുള്ള വാഹനങ്ങളിൽ പരസ്പരം വിവരം കൈമാറാനുള്ള വി. ടു വി. കമ്യൂണിക്കേഷൻ സിസ്റ്റം നിർബന്ധമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി ബ്രേക്കിടുന്നതിന്റെ മുന്നറിയിപ്പുകൾ, കൂട്ടിയിടി ഒഴിവാക്കാനുള്ള സന്ദേശങ്ങൾ തുടങ്ങിയവ വേഗത്തിൽ ഡ്രൈവർമാർക്ക് ലഭിക്കും. ‘‘ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പ്രതിവർഷം 1.19 ദശലക്ഷം പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ഒാരോ ദിവസവും 3200 പേർ. ചികിത്സ വൈകുന്നതാണ് മരണസംഖ്യ കൂടാൻ കാരണം.’’ കപില വിശദീകരിച്ചു.
ഏത് ഇടറോഡിലും പോകാവുന്ന ബൈക്ക് ആംബുലൻസ് കപില ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതിന് ആഗോള പേറ്റന്റും ലഭിച്ചു. പത്തര ലക്ഷം രൂപ ചെലവു വരുന്ന ബൈക്ക് ആംബുലൻസ് ഗാസിയാബാദിലെ ഒരു കമ്പനിയാണ് നിർമിച്ചത്. ഹൈവേകളിൽ ഇത്തരം ആംബുലൻസുകൾ സജ്ജമാക്കണമെന്ന് കപില നിർദേശിക്കുന്നു. റോഡ് സുരക്ഷയെ കുറിച്ച് കപില പല രാജ്യങ്ങളിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്.
‘‘സ്വീഡനാണ് റോഡ് സുരക്ഷയിൽ ലോകമാതൃക. 1997-ൽ അവർ വിഷൻ സീറോ എന്ന ലക്ഷ്യം അവതരിപ്പിച്ചു. റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണം, ഗുരുതരമായ പരിക്കുകൾ എന്നിവ പൂർണമായും ഒഴിവാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.’’ അദ്ദേഹം പറഞ്ഞു.
Published: 13 Nov 2026, 09:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented