കൊച്ചി: എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ജൽജീവൻ മിഷൻ പദ്ധതിക്കായി സംസ്ഥാനത്തിന് അനുവദിച്ച 4461 കോടി രൂപ വാങ്ങിയെടുക്കാതെ കേരളം. കഴിഞ്ഞ ജൂലായിലാണ് കേന്ദ്രം സംസ്ഥാനത്തിന് പണം അനുവദിച്ചത്. എന്നാൽ ആവശ്യമായ രേഖകൾ ഹാജരാക്കി ആ പണം കേന്ദ്രത്തിൽനിന്ന് വേഗത്തിൽ വാങ്ങിയെടുക്കാനുള്ള ശ്രമം ജല അതോറിറ്റിയുടെയോ, സംസ്ഥാന സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.
2024-ൽ അവസാനിച്ച പദ്ധതിയുടെ കാലാവധി 2028 ഡിസംബർ വരെ കേന്ദ്രസർക്കാർ നീട്ടിനൽകിയിട്ടും കേരളം അത് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നില്ല. പദ്ധതിക്കായി വിവിധ പ്രവൃത്തികൾ ചെയ്ത കരാറുകാർക്ക് രണ്ടായിരം കോടിയിലധികം രൂപ ജല അതോറിറ്റി നൽകാനുണ്ട്. മാർച്ച് മാസമാകുമ്പോഴേക്കും കൂടുതൽ ബില്ലുകൾ എത്തുന്നതോടെ അത് അയ്യായിരം കോടിവരെ എത്തിയേക്കും.
പണം കിട്ടാത്തതിനാൽ ചെറുകിട കരാറുകാർ പലരും പണിനിർത്തി. പൈപ്പിടുന്നതിനുവേണ്ടി ഗ്രാമീണറോഡുകൾ പൊളിച്ചതിന്റെ അറ്റകുറ്റപ്പണിയും യഥാസമയം നടത്താൻ സാധിച്ചിട്ടില്ല. അതെല്ലാം വേഗത്തിലാക്കണമെങ്കിൽ കരാറുകാരുടെ കുടിശ്ശിക തീർക്കണം. കഴിഞ്ഞ രണ്ടുവർഷമായി ജൽജീവൻ മിഷന്റെ കേന്ദ്രവിഹിതം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ ജൂലായിൽ അനുവദിച്ച തുക കേന്ദ്രത്തിൽനിന്ന് വാങ്ങിയെടുക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ മാത്രമേ ഇനി പദ്ധതി മുന്നോട്ടുപോകൂ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നബാർഡിൽനിന്ന് ഏഴായിരം കോടി രൂപ വായ്പയെടുത്താണ് കരാറുകാരുടെ കുടിശ്ശിക കൊടുത്തത്.
കരാറുകാർ സമരത്തിലേക്ക് പോകുകയും പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്തപ്പോഴാണ് സർക്കാർ വായ്പയെടുക്കാൻ തീരുമാനിച്ചത്. ജൽജീവൻ മിഷൻ കരാർ പ്രകാരം ജല അതോറിറ്റി ചെലവഴിക്കുന്ന അത്രയുംതന്നെ തുക കേന്ദ്രവും ചെലവഴിക്കേണ്ടതുണ്ട്. എന്നാൽ രണ്ടുവർഷമായി കേന്ദ്രത്തിൽനിന്ന് പണം കിട്ടിയിരുന്നില്ല.
ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും വലിയ തട്ടിപ്പുകൾ നടക്കുന്നതായി പരാതികൾ ഉയർന്നപ്പോൾ അതെല്ലാം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ രണ്ടുവർഷത്തേക്ക് വിഹിതം അനുവദിക്കുന്നത് മരവിപ്പിച്ചത്. കടമെടുത്ത് കുടിശ്ശിക തീർത്താണ് ജല അതോറിറ്റി പ്രതിസന്ധി മറികടന്നത്. എന്നാൽ അതിനുശേഷം കേന്ദ്രത്തിൽനിന്ന് പണം നേടിയെടുക്കാൻ ശക്തമായ ഇടപെടൽ ഉണ്ടായില്ല.
സംസ്ഥാനത്ത് നടപ്പാക്കുന്ന 44,000 കോടിയുടെ ജൽജീവൻ പദ്ധതിയിൽ 22,000 കോടിയോളം ചെലവഴിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. 15,000 കോടി രൂപയോളം സംസ്ഥാന സർക്കാർ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. പക്ഷേ, അതിന് അനുപാതികമായി കേന്ദ്രഫണ്ട് ലഭ്യമായിട്ടില്ല. ജൽജീവൻ മിഷനിലെ മെല്ലേപ്പോക്കുകൊണ്ട് ഉപഭോക്താക്കൾ പദ്ധതി ഉപേക്ഷിക്കുന്ന അവസ്ഥയാണ്.
ഗ്രാമങ്ങളിൽ റോഡുകൾ കുത്തിപ്പൊളിച്ച് വീടുകളിലേക്ക് കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും ഒട്ടുമിക്കസ്ഥലത്തും വെള്ളം കിട്ടുന്നില്ലെന്ന പരാതിയാണ്. വെള്ളം കിട്ടാത്തതിനാൽ കണക്ഷൻ ഒഴിവാക്കിത്തരണമെന്ന ആറുലക്ഷത്തോളം അപേക്ഷകളും അധികൃതർക്കു മുന്നിലുണ്ട്.
മുഖ്യമന്ത്രി ഇടപെടണം
‘ജൽജീവൻ മിഷൻ കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിയും ജലവിഭവവകുപ്പു മന്ത്രിയും അടിയന്തരമായി ഇടപെടണം. അനുവദിച്ച പണം വാങ്ങിയെടുക്കാനാവണം. പദ്ധതിയിലെ കേന്ദ്രവിഹിതത്തിന്റെ കുറവ് ചൂണ്ടിക്കാട്ടി സംസ്ഥാനം കൂടുതൽ പണം ആവശ്യപ്പെടുകയും വേണം. ഫണ്ട് കിട്ടാത്തതിനാൽ കരാറുകാർ പണി നിർത്തിവെക്കേണ്ട അവസ്ഥയാണ്.’ - വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ.
Content Highlights: Kerala has not accessed the 4461 crore rupees allocated by the central government for the Jal Jeevan Mission due to a lack of necessary documentation and efforts from the state government and water authority. The project's deadline has been extended to December 2028, but contractors are owed over 2000 crore rupees, leading to halted work and incomplete infrastructure, with the potential debt reaching 5000 crore rupees by March. The central government halted funding for two years due to fraud investigations in other states, and despite previous loans to clear dues, Kerala has not made strong efforts to secure the central funds, causing project delays and public dissatisfaction.
Published: 13 Nov 2026, 08:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented