തിരുവനന്തപുരം: തലസ്ഥാനജില്ലയിലെ വിശാല ജില്ലാകമ്മിറ്റിയിൽ സി.പി.എം. സംസ്ഥാനനേതൃത്വം നേരിട്ടത് അതിരൂക്ഷമായ കുറ്റവിചാരണ. തിരഞ്ഞെടുപ്പു തോൽവിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാത്രമല്ല, കേരളത്തിൽനിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളെല്ലാം ശാസിക്കപ്പെടേണ്ടവരാണെന്ന് പ്രതിനിധികൾ തുറന്നടിച്ചു. ആവശ്യമില്ലാത്ത പോലീസ് കേസുകളും പാർട്ടി വിമർശിച്ചിട്ടുപോലും ആഭ്യന്തര വകുപ്പ് തിരുത്താത്തതുമൊക്കെ തിരിച്ചടിക്ക് കാരണമായെന്ന് പിണറായി വിജയൻ വേദിയിലിരിക്കേ കുറ്റപ്പെടുത്തലുണ്ടായി. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിയോട് പിണറായി മൃദുസമീപനം കാണിച്ചതിനെയും പ്രതിനിധികൾ ചോദ്യംചെയ്തു.

To advertise here,

തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക്‌ നയിച്ച കാരണങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ചസംഭവിച്ചെന്നും അതിൽ സെക്രട്ടറിയെന്ന നിലയിൽ വ്യക്തിപരമായ ഉത്തരവാദിത്വം നിശ്ചയിച്ചാണ് എം.വി. ഗോവിന്ദനെ ശാസിച്ചതെന്നുമായിരുന്നു പിണറായിയുടെ മറുപടി.

കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികപീഡനക്കേസിൽ പ്രതിയായപ്പോൾ എം.എൽ.എ. ഹോസ്റ്റലിലേക്കു പ്രതിഷേധപ്രകടനം നടത്താൻ പാർട്ടി സമ്മതിച്ചില്ലെന്ന് ചർച്ചയിൽ മഹിളാനേതാവ് കുറ്റപ്പെടുത്തി. എം.എൽ.എ. ഹോസ്റ്റൽ ഒരാളുടെ മാത്രമല്ല, ഒട്ടേറെ എം.എൽ.എ.മാരുടെ താമസസ്ഥലമാണെന്നായിരുന്നു ഇതിനു പിണറായിയുടെ മറുപടി.