തിരുവനന്തപുരം: ഒളിയമ്പെയ്യുന്ന ശീലം തനിക്കില്ലെന്ന് മന്ത്രി കെ മുരളീധരൻ. കാര്യങ്ങൾ നേർക്കുനേരെ മാത്രമാണ് ചെയ്യാറുള്ളത്. സർക്കാരും മുന്നണിയും ചിട്ടയോടെ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദങ്ങൾക്ക് ഇനി പ്രാധാന്യം നൽകേണ്ടതില്ലെന്ന് കൂട്ടായി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

എല്ലാ ബുധനാഴ്ചകളിലും കൃത്യമായി മന്ത്രിസഭാ യോഗം ചേരുകയും മുഖ്യമന്ത്രി തന്നെ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്യുന്ന വളരെ ചിട്ടയായ പ്രവർത്തനമാണ് സർക്കാരിന്റേത്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. പി.എസ്.സി ലിസ്റ്റുമായി ബന്ധപ്പെട്ട ചെറിയ സംശയങ്ങൾ മുഖ്യമന്ത്രി ഇടപെട്ട് അന്നുതന്നെ പരിഹരിക്കുകയും നിർദ്ദേശം ഗവർണർക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. നല്ല കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടാറില്ലെന്നതാണ് വാസ്തവം. രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ സർക്കാർ പോസിറ്റീവായി സ്വീകരിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് വിഷയത്തിൽ അദ്ദേഹം നൽകിയ നല്ല നിർദ്ദേശങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ കുട്ടികളുടെ ആരോഗ്യ പദ്ധതിയിൽ നിന്ന് ഇടുക്കി, വയനാട് ജില്ലകളെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാകുട്ടികൾക്കും പദ്ധതി ലഭിക്കാൻ അവകാശമുണ്ട്. എല്ലാ കുഞ്ഞുങ്ങൾക്കും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ നയം. ഇതിനെതിരെ സംസ്ഥാന സർക്കാർ മൂന്ന് തവണ കേന്ദ്രത്തിന് കത്തയച്ചു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും എല്ലാ ജില്ലകളും ഉൾപ്പെടുത്തിയിട്ടില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. തുടർന്ന് വീണ്ടും കത്തയച്ചിട്ടും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഇത് പൂർണ്ണമായും കേന്ദ്ര പദ്ധതിയായതിനാൽ ബദൽ സംവിധാനം ഉണ്ടാക്കുന്നത് എളുപ്പമല്ലെന്നും വിഷയത്തിൽ അടുത്ത ക്യാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.