തിരുവനന്തപുരം: നേതാക്കൾക്കുനേരേ സാമ്പത്തികാരോപണം നിരത്തി സിപിഎം പിബിക്ക് വ്യവസായി നൽകിയ കത്ത് ചോർന്നതിലെ വിവാദം പാർട്ടിക്കുള്ളിലും പുറത്തും പുകയുന്നു. ഹവാല, റിവേഴ്സ് ഹവാല, വിദേശ പണമിടപാട് തുടങ്ങിയ ആരോപണം നിരത്തി പ്രതിപക്ഷവും ബിജെപിയും വിഷയം ഏറ്റെടുത്തുകഴിഞ്ഞു.
പാർട്ടിനേതൃത്വതലത്തിലെ ഉൾപ്പോരിന്റെ ഭാഗമായാണോ കത്ത് പുറത്തുവന്നതെന്ന സംശയവും ഉയർന്നുകഴിഞ്ഞു. പാർട്ടി തീർപ്പാക്കേണ്ടിയിരുന്ന ഒരു പരാതി കോടതിരേഖയായി മാറിയതാണ് സിപിഎമ്മിനെ കുഴയ്ക്കുന്ന പ്രശ്നം. കേസിൽ കത്ത് കോടതി തെളിവാക്കിയാൽ, വ്യാജമെന്നോ വസ്തുതാപരമെന്നോ പറയാനും സിപിഎം നിയമപരമായി നിർബന്ധിതമാവും. വിവാദത്തിൽ അന്തിമമറുപടി പറയാനുള്ള ബാധ്യത സിപിഎം പിബിക്കാണ്.
പിബിക്കുള്ള കത്തുചോർത്തി പരസ്യമാക്കിയതിനുപിന്നിൽ, കോടതിയിലെ നിയമവിജയത്തേക്കാളുപരി പ്രശ്നം പുറത്ത് ചർച്ചയാക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ. അതിനാൽ, വിവാദം സംഘടനാതലത്തിൽ ആരെയൊക്കെ ഉന്നംവെക്കുന്നുവെന്ന സംശയവും ശക്തമാണ്.
ഹവാല, വിദേശപണമിടപാട് തുടങ്ങിയ ആരോപണങ്ങൾ പിൻപറ്റി കോടതി തുടർനടപടികളിലേക്ക് കടന്നാൽ, കേന്ദ്ര ഏജൻസികൾക്കുവരെ ഇടപെടാൻ വഴിയൊരുങ്ങും. അതാവട്ടെ, സിപിഎമ്മിനും സർക്കാരിനും ഊരാക്കുടുക്കാവും.
ഇന്ന് പിബി ചർച്ചചെയ്യും
ന്യൂഡൽഹി: രഹസ്യസ്വഭാവമുള്ള പരാതി ചോർന്നതു സംബന്ധിച്ച് തിങ്കളാഴ്ച സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ചർച്ചചെയ്യും. ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് കത്ത് നൽകിയശേഷം ആദ്യമായാണ് പിബി ചേരുന്നത്.
ഒഴിഞ്ഞുമാറി ധാവ്ളെ
അതേസമയം, ചെന്നൈ വ്യവസായി പരാതി കൈമാറിയ പിബി അംഗം ഡോ. അശോക് ധാവ്ളെ, വിഷയത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. 2022-ൽ ഇങ്ങനെ ഒരു പരാതി ലഭിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ ഇതേക്കുറിച്ചൊന്നും അറിയില്ലെന്നായിരുന്നു മറുപടി.
സിപിഎമ്മിൽ പലതും ചീഞ്ഞുനാറുന്നു -സണ്ണി ജോസഫ്
കണ്ണൂർ: സിപിഎമ്മിൽ പലതും ചീഞ്ഞുനാറുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ സംശയനിഴലിലാണെന്നും അദ്ദഹം പറഞ്ഞു.
പൊളിറ്റ് ബ്യൂറോയ്ക്ക് കൊടുത്ത പരാതിതന്നെ പരസ്യമാവുകയാണ്. സംസ്ഥാനസെക്രട്ടറിയെക്കുറിച്ചും പരാതി ഉയരുന്നു. സർക്കാരിലേക്കുവന്ന പണത്തിൽ വലിയൊരു തുക സിപിഎം നേതാക്കൾക്കും അവരുടെ നിയന്ത്രണത്തിലുള്ള ആളുകൾക്കുമായി വകമാറ്റി ചെലവഴിച്ചുവെന്നാണ് വാർത്തയിൽനിന്ന് മനസ്സിലാക്കാൻ പറ്റിയത്. സർക്കാർ നടപടി സ്വീകരിക്കണം. വലിയ പണക്കാരുമായുള്ള ബന്ധം അവർക്കെല്ലാം ഉണ്ടെന്നത് ഒന്നുകൂടെ മറനീക്കി രംഗത്തുവന്നതായും സണ്ണി ജോസഫ് പറഞ്ഞു.
Content Highlights: CPM Politburo Complaint Leaked controversy
Published: 18 Aug 2025, 06:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented