ന്യൂഡൽഹി: സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയോഗം അംഗീകരിച്ച അവലോകനരേഖയിൽ ശബരിമലയിലെ ആഗോള അയ്യപ്പസംഗമവും സ്വർണക്കൊള്ളയും വിമർശനവിഷയങ്ങളായി.
കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയത്
ആഗോള അയ്യപ്പസംഗമത്തിൽ ‘പ്രഖ്യാപിത ഹിന്ദുത്വവാദി’യായ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം സംസ്ഥാനസെക്രട്ടേറിയറ്റംഗമായ മന്ത്രി വായിച്ചത് പാർട്ടിയുടെ മതേതരമുഖച്ഛായക്ക് മങ്ങലേൽപ്പിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദോഷമുണ്ടാക്കുകയും ചെയ്തു.
ഹിന്ദുത്വവർഗീയശക്തികളോട് പാർട്ടിക്ക് മൃദുസമീപനമാണെന്ന പ്രതീതിയുണർത്തി.
* വെള്ളാപ്പള്ളി നടേശന്റെ മുസ്‍ലിംവിരുദ്ധ പരാമർശങ്ങൾക്കെതിരായ പ്രതികരണം ശക്തമായിരുന്നില്ല. ചില പാർട്ടിനേതാക്കളുടെ പ്രസ്താവനകളും വിവാദം വഷളാക്കി. പാർട്ടി വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നെന്ന തോന്നലുണ്ടാക്കി.
* പി.എം. ശ്രീ വിവാദം കൈകാര്യം ചെയ്ത രീതിയും സമാനപ്രതീതിയുണർത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സി.പി.ഐ. വിഷയം ഉയർത്തിക്കൊണ്ടുവന്നത് ബി.ജെ.പി.യുമായി അന്തർധാരയുണ്ടെന്ന യു.ഡി.എഫ്. പ്രചാരണത്തെ സഹായിച്ചു. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എൽ.ഡി.എഫിലെ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കേണ്ടത് പ്രധാനമാണ്.
* ശബരിമല സ്വർണക്കടത്ത് കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പദ്‌മകുമാർ അറസ്റ്റിലായിട്ടും പ്രശ്നത്തിന്റെ അടിയന്തരസ്വഭാവം പരിഗണിച്ച് നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായി. അച്ചടക്കനടപടി പരിഗണിക്കണമെന്ന് പാർട്ടി അഖിലേന്ത്യാ സെന്റർ നിർദേശിച്ചിട്ടും സമയത്തിന് അതുണ്ടായില്ല.
* ബി.ജെ.പി.യുമായി പാർട്ടിക്ക് രഹസ്യബാന്ധവമുണ്ടെന്ന വ്യാജപ്രചാരണം ന്യൂനപക്ഷവോട്ടർമാരിൽ വിപരീതഫലമുളവാക്കി.
ഇക്കാര്യമാണ് വ്യാഴാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യുക. ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽകൂടി പരിഗണിച്ചാണ് വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അജൻഡയ്ക്ക് സംസ്ഥാന കമ്മിറ്റി യോഗം അന്തിമരൂപം നൽകുക.
ഇതിന് മുന്നോടിയായുള്ള ഒരുക്കങ്ങളും തീരുമാനിക്കും. റെഡ് വൊളന്റിയർ മാർച്ചും അനുബന്ധപരിപാടികളും കോഴിക്കോട്ട് സംഘടിപ്പിക്കാനാണ് സെക്രട്ടേറിയറ്റ് ആലോചിച്ചിട്ടുള്ളത്.
Content Highlights: CPM central committee critiqued the reading of Yogi Adityanath's message at the Global Ayyappa Sangamam. Internal report highlights how the incident damaged the party's secular image., Concerns raised over the delayed disciplinary action in the Sabarimala gold smuggling case. Election setbacks linked to perceived soft stance on communal forces and poor coordination within LDF.
Published: 23 Jul 2026, 08:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented