തിരുവനന്തപുരം: സി.പി.എമ്മിൽ പാർട്ടി പദവികളിൽ തുടരുന്നതിനുള്ള പ്രായപരിധി കർശനമായി നടപ്പാക്കുമ്പോൾ മുതിർന്ന ഘടകങ്ങളിൽനിന്ന് ഒട്ടേറെ നേതാക്കളൊഴിയും. 17 അംഗ പൊളിറ്റ് ബ്യൂറോയിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം എട്ടുപേർ 75 വയസ്സെന്ന പ്രായപരിധി കഴിഞ്ഞവരാണ്. ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി മരിച്ചതിനുശേഷമുള്ള ഒഴിവ് തുടരുന്നുമുണ്ട്. കേന്ദ്രകമ്മിറ്റിയിലും സംസ്ഥാനസെക്രട്ടേറിയറ്റിലും ഒഴിവുകളുണ്ടാകും.
ഇ.പി. പി.ബി.യിലെത്തുമോ
പിണറായി വിജയന് പ്രായപരിധിയിൽ ഇളവുനൽകുമെന്ന് ഏറക്കുറെ ഉറപ്പാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് കാലത്തുതന്നെ പിണറായിക്ക് പ്രായപരിധി കഴിഞ്ഞിരുന്നു. പാർട്ടി ഭരണത്തിലുള്ള ഏകസംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയിൽ നിലനിർത്തിയത്. അത് ഇത്തവണയും ആവർത്തിക്കാനാണ് സാധ്യത.
നിലവിലെ പൊളിറ്റ് ബ്യൂറോ കോഡിനേറ്ററായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി. രാമകൃഷ്ണൻ എന്നിവരാണ് പൊളിറ്റ് ബ്യൂറോയിൽനിന്ന് പ്രായപരിധികാരണം ഒഴിവാകാനിടയുള്ളത്.
കഴിഞ്ഞ പാർട്ടി കോൺഗ്രസിനുശേഷമാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ഈ ഒഴിവിലേക്ക് സംസ്ഥാനസെക്രട്ടറിയായി ചുമതലയേറ്റ എം.വി. ഗോവിന്ദനെ ഉൾപ്പെടുത്തുകയും ചെയ്തു. അതിനാൽ, കേരളത്തിൽനിന്നുള്ള നേതാക്കളുടെ ഒഴിവ് നിലവിൽ പി.ബി.യിലില്ല. പക്ഷേ, മൂന്നിലൊന്ന് ഒഴിവുകൾ പി.ബി.യിലുണ്ടാകുമ്പോൾ കേരളത്തിലെ നേതാക്കൾക്കും സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതയുണ്ട്. ഇ.പി. ജയരാജൻ, എളമരം കരീം എന്നിവർക്കാണ് സാധ്യത പറയുന്നത്. സി.പി.എം. കേന്ദ്ര സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന വിജു കൃഷ്ണൻ മലയാളിയാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിലാണ് ഇദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പാർട്ടി സെൻട്രൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നയാളെന്ന നിലയിൽ വിജുവിനും പൊളിറ്റ് ബ്യൂറോയിലേക്ക് സാധ്യതയുണ്ട്.
സംസ്ഥാനസെക്രട്ടേറിയറ്റിൽ മൂന്നുപേർ
എ.കെ. ബാലൻ, പി.കെ. ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവരാണ് സംസ്ഥാനസെക്രട്ടേറിയറ്റിൽ പ്രായപരിധി കഴിഞ്ഞവരായുള്ളത്. ഇ.പി. ജയരാജന് മേയിലും ടി.പി. രാമകൃഷ്ണന് ജൂണിലും 75 വയസ്സ് പൂർത്തിയാകും. 2025 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. അതിനാൽ, ഈ രണ്ടുനേതാക്കളും തുടർന്നേക്കും.
ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയപ്രസിഡന്റാണ് പി.കെ. ശ്രീമതി. ഈ പരിഗണനയിൽ അവർക്ക് പ്രായപരിധിയിൽനിന്ന് ഇളവ് ലഭിക്കാനിടയുണ്ട്. കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിൽ യുവനിരയെ ഉൾപ്പെടുത്തി സംസ്ഥാനസെക്രട്ടേറിയറ്റ് ഉടച്ചുവാർത്തതാണ്. എട്ടുപേരാണ് യുവനേതാക്കളിൽനിന്ന് സെക്രട്ടേറിയറ്റിലെത്തിയത്. അതിനാലാണ്, പ്രായപരിധിയിലുള്ള കൊഴിഞ്ഞുപോക്ക് സെക്രട്ടേറിയറ്റിൽ കുറഞ്ഞത്.
നിലവിലെ ഒഴിവുകളിൽ പി. ശശിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്. അങ്ങനെവന്നാൽ, കണ്ണൂരിൽ നിന്ന് പി. ജയരാജനെ പരിഗണിക്കാനും ഇടയില്ല. ബാലൻ ഒഴിയുമ്പോൾ പാലക്കാട് ജില്ലയ്ക്ക് പരിഗണന നൽകാൻ തീരുമാനിച്ചാൽ എം.ബി. രാജേഷിന് നറുക്ക് വീണേക്കും.
Content Highlights: Several senior CPM leaders in Kerala face removal due to stricter age limits.
Published: 03 Mar 2025, 07:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented