കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി മറികടക്കാൻ തെറ്റുതിരുത്തൽ നടപടികളിലേക്ക് കടന്നിട്ടും നേതാക്കൾക്കുനേരേയുള്ള സാമ്പത്തിക ഇടപാട് ആരോപണങ്ങളിൽ കുരുങ്ങി കണ്ണൂരിലെ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജനുനേരേ ഉയർന്ന സാമ്പത്തിക ഇടപാട് ആരോപണവും ജില്ലാ കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യയുടെ പേരിലുള്ള വിജിലൻസ് അന്വേഷണവുമാണ് അവസാനം തലവേദനയായത്. തുടരെത്തുടരെ പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയരുന്നതിൽ അണികളിലും അസംതൃപ്തിയുണ്ട്. വൈദേകവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ കാര്യങ്ങൾ വഷളാവുമെന്ന ആശങ്ക നേതാക്കൾക്കുമുണ്ട്.

To advertise here,

ഇ.പി. ജയരാജനുനേരെ കുടുംബത്തിൽ നിന്നുതന്നെയുണ്ടായ ആരോപണങ്ങളോട് സി.പി.എം. ഇതുവരെ പ്രതികരിച്ചിട്ടില്ല. റിസോട്ട് തുടങ്ങാനായി ഇ.പി. ജയരാജൻ നടത്തിയ ഇടപെടലുകൾ അന്വേഷിക്കണമെന്ന് ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ പി. ജയരാജൻ നാലുവർഷം മുൻപ് നൽകിയ പരാതി പാർട്ടിയുടെ കൈയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കെട്ടടങ്ങിയപ്പോഴാണ് സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്തയിൽനിന്നുൾപ്പെടെ പണം വാങ്ങിയെന്ന ആരോപണവുമായി ജയരാജന്റെ സഹോദരീപുത്രൻ ഇ.പി. ശ്യാംജിത്ത് അപ്രതീക്ഷിതമായി രംഗത്തുവന്നത്. കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആദ്യത്തെ പോസ്റ്റ് പിൻവലിച്ച ശ്യാംജിത്ത് രണ്ടുദിവസമായി തുടർച്ചയായി ആരോപണങ്ങളുന്നയിക്കുന്നുണ്ട്.

വൈദേകം തുടങ്ങിയപ്പോൾത്തന്നെ ഇ.പി. ജയരാജനുനേരെ ആരോപണങ്ങളുണ്ടായെങ്കിലും റിസോട്ടുമായി ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഭാര്യ പി.കെ. ഇന്ദിര ഉൾപ്പെടെയുള്ളവർക്ക് ഓഹരിയുണ്ടെന്ന വിവരം പിന്നീട് പുറത്തുവന്നു. ഈ വിവാദങ്ങൾക്കിടയിലാണ് പി. ജയരാജൻ പാർട്ടിക്ക് കത്തുനൽകിയത്. ഇത് ചർച്ച ചെയ്താൽ എന്തു നടപടിയിലേക്ക് കടക്കുമെന്നതും പ്രധാനമാണ്. ശ്യാംജിത്ത് കൂടുതൽ ആരോപണങ്ങളുമായി രംഗത്തുവരുമെന്ന സൂചനയും ഇതോടൊപ്പമുണ്ട്.