തിരുവനന്തപുരം: എം.എൽ.എ.മാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടും. വ്യാഴാഴ്ച സമ്മേളനം അവസാനിക്കുംമുൻപ് നിയമസഭയിൽ ഇതിനുള്ള ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച മന്ത്രിസഭായോഗം നിർദേശങ്ങൾക്ക് അംഗീകാരം നൽകും. നിലവിൽ 70,000 രൂപയാണ് എം.എൽ.എ.മാരുടെ അടിസ്ഥാന ആനുകൂല്യം.

To advertise here,

മന്ത്രിമാർക്ക് ക്ഷാമബത്തകൂടി ലഭിക്കുമെന്നതിനാൽ ഒരുലക്ഷത്തിലേറെ രൂപകിട്ടും. എം.എൽ.എ.മാരുടേത് ഒരുലക്ഷം രൂപ ആയേക്കും. മന്ത്രിമാർക്ക് 1.30 ലക്ഷമായി ഉയരാനാണ് സാധ്യത. ഇതിനുപുറമേ മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കും.

ഇപ്പോൾ കിട്ടുന്നത്

എം.എൽ.എ.മാർക്ക് ശമ്പളമില്ല. ആനുകൂല്യങ്ങളാണ്. ഇത് 35 ശതമാനംവരെ കൂട്ടാനാണ് കമ്മിഷൻ ശുപാർശചെയ്തത്. മിനിമം യാത്രാക്കൂലിയായ 20,000 രൂപയും മണ്ഡല അലവൻസും ഉൾപ്പെടെ 70,000 രൂപയാണ് എം.എൽ.എ.യ്ക്ക് അടിസ്ഥാന ആനുകൂല്യം.

ഇതിനുപുറമേ ഓരോ കിലോമീറ്റർ യാത്രയ്ക്കും അധികമായി 10 രൂപ, വർഷം നാലുലക്ഷം രൂപയുടെ റെയിൽവേ കൂപ്പൺ, സംസ്ഥാനത്തിനകത്ത് ആയിരവും പുറത്ത് 1200 രൂപയും ദിനബത്ത, പലിശരഹിത വാഹനവായ്പ, ഭവനവായ്പ, 15,000 രൂപ പുസ്തക അലവൻസ് എന്നിവ ലഭിക്കും.

ചികിത്സാച്ചെലവ് മുഴുവനും അനുവദിക്കും. മന്ത്രിമാർക്ക് ഇതിനുപുറമേ രണ്ടായിരം രൂപ അടിസ്ഥാനശമ്പളമുണ്ട്. 1951 മുതൽ ബാധകമായ ക്ഷാമബത്ത ഇതിനോടൊപ്പം കൂട്ടും. എം.എൽ.എ. ആയിരുന്ന കാലാവധി അനുസരിച്ച് 8000 മുതൽ 20,000 രൂപവരെയാണ് പെൻഷൻ.