കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള ഭിന്നത പരസ്യപ്പോരിലേക്ക്. സ്വകാര്യ, എയ്ഡഡ് കോളേജുകളിലെ ഗവേണിങ് ബോഡി, മാനേജ്മെന്റ് കൗൺസിൽ എന്നിവയിലേക്കുള്ള പ്രതിനിധികളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സർക്കാർ നോമിനികളായ സിൻഡിക്കേറ്റ് അംഗങ്ങൾ ഗവേണിങ് ബോഡി അംഗത്വം രാജിവെച്ചതായി വൈസ് ചാൻസലർക്ക് കത്ത് നൽകി.
ഓരോ കോളേജിന്റെയും സ്റ്റാറ്റ്യൂട്ടറി ഗവേണിങ് ബോഡിയിലേക്ക് സിൻഡിക്കേറ്റ് അംഗങ്ങളെ മാത്രം വെയ്ക്കുന്നതാണ് എം.ജി.യിലെ കീഴ്വഴക്കം. ചട്ടപ്രകാരം സിൻഡിക്കേറ്റാണ് അംഗങ്ങളെ നിയമിക്കാറുള്ളത്.
ഒക്ടോബർ അഞ്ചിന് സിൻഡിക്കേറ്റിന്റെ അഫിലിയേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ച മിനിറ്റ്സ് വി.സി.ക്ക് നൽകി. എന്നാൽ, വൈസ് ചാൻസലർ സിൻഡിക്കേറ്റിന്റെ അധികാരം മറികടന്ന്, സവിശേഷ അധികാരം ഉപയോഗിച്ച് പല അംഗങ്ങളെയും മാറ്റി പുതിയ അംഗങ്ങളെ നിയമിച്ചു. മൂന്ന് സിൻഡിക്കേറ്റംഗങ്ങൾക്ക് ഒരു ചുമതലപോലും കൊടുത്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് സിൻഡിക്കേറ്റംഗങ്ങൾ ചുമതല ഒഴിഞ്ഞത്. വൈസ് ചാൻസലർ സംഘപരിവാർ നോമിനികളെ തിരുകിക്കയറ്റിയെന്നാണ് സിൻഡിക്കേറ്റിന്റെ ആരോപണം.
സർവകലാശാലയിലെ ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ സമിതിയിൽനിന്ന് ഇടത് അനുകൂല അധ്യാപകരും രാജിവെച്ചു. അക്കാദമിക് കൗൺസിൽ അംഗങ്ങളുടെ യോഗത്തിലെ അജൻഡ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. മഹാത്മാഗാന്ധി സർവകലാശാല സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയിലേക്ക് അക്കാദമിക് കൗൺസിൽ പ്രതിനിധിയെ തിരഞ്ഞെടുക്കേണ്ട അജൻഡ അക്കാദമിക് കൗൺസിൽ യോഗത്തിൽ ഒന്നാമത്തെ അജൻഡയായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വൈസ് ചാൻസലർ അജൻഡ പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു.
Published: 27 Oct 2026, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented