കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്റെ മരുമകൻ കെ.പി. ശ്യാജിത്തിന്റെ ഭാര്യ ദീപ ടി.കെയ്‌ക്കെതിരേ വൈദേഹം റിസോർട്ട് അധികൃതർ നൽകിയ പോലീസ് പരാതിയിലെ വിവരങ്ങൾ പുറത്ത്. ഒപ്പിടാത്ത വൗച്ചർ എഴുതി പണം കൈപ്പറ്റി, നിശ്ചയിക്കപ്പെട്ട ശമ്പളത്തിന് പുറമേ കൂടുതൽ തുക എഴുതിയെടുത്തു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.

To advertise here,

കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു കീഴിലുള്ള വൈദേഹം ആയുർവേദിക് ഹീലിങ് വില്ലേജിൽ ഒൻപതുകൊല്ലമായി അക്കൌണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ദീപ. കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ജനറൽ മാനേജറായ തോമസ് ജോസഫാണ് പരാതി നൽകിയിട്ടുള്ളത്.

ദീപ വ്യാജരേഖ ചമച്ചും ആൾമാറാട്ടം നടത്തിയും സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ അനധികൃതമായി ആക്‌സസ് നടത്തിയും ഇടപാടുകൾ തടസ്സപ്പെടുത്തിയും 5,15,807 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. ദീപയുടെ മാസശമ്പളം 35,000 രൂപയെന്നാണ് ബോർഡ് നിശ്ചയിച്ചത്. എന്നാൽ ബോർഡിന്റെ അംഗീകാരമില്ലാതെ വ്യാജരേഖ ചമച്ച് ലഭിക്കേണ്ട ശമ്പളത്തിന് പുറമേ മൂന്നുവർഷമായി 2,59,000 രൂപ കൈപ്പറ്റി. സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി വാങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ സ്ഥാപനത്തിന്റെ അറിവോ സമ്മതമോ കൂടാതെ സ്വന്തം വീട്ടാവശ്യത്തിന് ഉപയോഗിച്ച് 86,390 രൂപയുടെ നഷ്ടംവരുത്തിയെന്നും പരാതിയിലുണ്ട്. 

‘പണം വാങ്ങുന്നവരുടെ റിസീവർ സിഗ്നേച്ചർ ഇല്ലാതെ ക്യാഷ് വൗച്ചറുകൾ സ്വന്തമായി നിർമിച്ച് സ്വന്തമായി അപ്രൂവ് ചെയ്ത് 89,790 രൂപ നേടി. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ സ്വന്തം ഫോൺ നമ്പർ നൽകി അനധികൃതമായി ആക്‌സസ് ചെയ്ത് സ്ഥാപനത്തിന് ലഭിക്കേണ്ടിയിരുന്ന ബിസിനസ് ഇടപാടുകൾ തടസ്സപ്പെടുത്തി. ദീപയുടെ സ്വന്തം പേരിലുള്ള ഫോൺ നമ്പർ സ്ഥാപനത്തിന്റെ പണം ഉപയോഗിച്ച് റീച്ചാർജ് ചെയ്ത് 80,627 രൂപ നഷ്ടംവരുത്തി. സ്ഥാപനത്തിന്റെ മുൻ ഡയറക്ടറുടെ പേരിൽ വ്യാജ ഒപ്പിട്ട് ആൾമാറാട്ടം നടത്തി സ്ഥാപനത്തെ ചതിച്ചു. സ്ഥാപനത്തിന്റെ യശസ്സിന് കളങ്കംവരുത്തി. കമ്പനി വെബ്‌സൈറ്റിലും പരസ്യങ്ങളിലും ഉപയോഗിച്ചിരുന്ന സ്ഥാപനത്തിന്റെ ഫോൺ നമ്പരുകളുടെ ഡുപ്ലിക്കേറ്റ് സിം എടുത്ത് പ്രവർത്തനം തടസ്സപ്പെടുത്തി. കഴിഞ്ഞ നാലുവർഷമായി സ്ഥാപനത്തിന്റെ പരസ്യത്തിൽ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുള്ള സിം കാർഡ് ഈയടുത്ത കാലത്ത് ദീപയുടെ ഭർത്താവായ ശ്യാംജിത്തിന്റെ പേരിൽ മാറ്റി സ്ഥാപനത്തെ ചതിച്ചു, എന്നാണ് പരാതിയിൽ പറയുന്നത്. ഒക്ടോബർ 23-നാണ് പരാതി നൽകിയിട്ടുള്ളത്.

കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽനിന്ന് ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പണം വാങ്ങിയെന്നും വൈദേഹം റിസോർട്ടിൽ നിക്ഷേപിച്ചെന്നുമുള്ള ശ്യാംജിത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജയരാജൻ രംഗത്തെത്തി. ദീപയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

'തന്റെ നിർദേശപ്രകാരമാണ് ദീപയെ സ്ഥാപനത്തിൽ അക്കൗണ്ട് മാനേജറായി നിയമിച്ചത്. എന്നാൽ, കമ്പനി നടത്തിപ്പിൽ ഇവർ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തി. 35,000 രൂപ ശമ്പളം നിശ്ചയിച്ചിരുന്ന ഇവർ 60,000 രൂപ വരെ ശമ്പളമായിഎടുത്തു. വ്യാജ വൗച്ചറുകൾ ഉണ്ടാക്കി പതിനായിരക്കണക്കിന് രൂപ തട്ടിയെടുത്തു. വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും സ്ഥാപനത്തിൽ താമസിച്ച് ജനറൽ മാനേജരെന്ന് വ്യാജമായി അവകാശപ്പെട്ട് പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും വ്യക്തമായതോടെയാണ് അവരെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതെന്നും ജയരാജൻ പറഞ്ഞിരുന്നു.

ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പ് വാർത്തയായി മണിക്കൂറുകൾക്ക് പിന്നാലെ തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ആ കുറിപ്പ് താൻ പോസ്റ്റ് ചെയ്തതല്ല എന്ന വിശദീകരണവുമായി ശ്യാംജിത്ത് രംഗത്തെത്തുകയും ചെയ്തു.