
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് കാരണം പിണറായി വിജയന്റെ ധാർഷ്ട്യമാണെന്നും സാധാരണക്കാരെ അകറ്റിനിർത്തിയെന്നും സി.പി.എം. ജില്ലാകമ്മിറ്റിയിൽ വിമർശനമുയർന്നു.
പിണറായിയുടെ ധാർഷ്ട്യവും ശരീരഭാഷയും സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാൽ മുഷിഞ്ഞവസ്ത്രം ധരിച്ചവരോട് മാറിനിൽക്കാൻ പറയുമായിരുന്നു. കോട്ടിട്ട സമ്പന്നരെയും വ്യവസായികളെയും സ്വീകരിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങളുടെ തുറന്നുപറച്ചിൽ.
പ്രായപരിധിയിൽ എന്തിന് പിണറായിക്ക് ഇളവുനൽകിയെന്നും ചോദ്യമുയർന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുതിർന്ന അംഗം പറഞ്ഞു. മറ്റാരെയാക്കും എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുചോദ്യം. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചതും വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെ മന്ത്രിയാക്കിയതും തിരിച്ചടിയായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
മന്ത്രിമാരായിരുന്ന എം.ബി. രാജേഷും വീണാജോർജും പൂർണ പരാജയമായിരുന്നെന്നും വിമർശനമുയർന്നു. വട്ടിയൂർക്കാവിലെ വികസനം മുന്നോട്ടുകൊണ്ടുപോകാൻ ധനവകുപ്പ് സഹായിച്ചില്ലെന്നും തന്റെ പരാജയകാരണം ബാലഗോപാലാണെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.
ശരീരഭാഷ: വീട്ടിൽനിന്ന് വിമർശനം ഉണ്ടായെന്ന് ഗോവിന്ദൻ
തന്റെ വാർത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ. ഇക്കാര്യത്തിൽ വീട്ടിൽനിന്ന് വിമർശനം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. കണ്ണാടിയിൽ നോക്കാറുണ്ടോ എന്നാണ് മകൻ ചോദിച്ചത്. പത്രക്കാരോട് ചോദ്യംചോദിക്കുന്നത് താൻ നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. ആണധികാരം പ്രയോഗിക്കാതിരിക്കാനാണ് ഭാര്യ ശ്യാമളയെ സ്ഥാനാർഥിയാക്കിയത്. സ്ഥാനാർഥിത്വത്തെ വിമർശിക്കുന്നവർ ആണധികാരത്തിന്റെ വക്താക്കളാണ്. തോൽക്കുമെന്നറിഞ്ഞുകൊണ്ടാണ് ഭാര്യയെ മത്സരിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെടുത്ത കണക്കിലും പരാജയം ഉറപ്പായിരുന്നു. അക്കാര്യം ഭാര്യയോട് പറഞ്ഞിരുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ ജില്ലാകമ്മിറ്റി പിരിച്ചുവിടണം
ഏറ്റവുമധികം വിഭാഗീയതയും പാർട്ടി വിട്ടുപോകലുമുണ്ടായതിനാൽ കണ്ണൂർ ജില്ലാകമ്മിറ്റിയെ പിരിച്ചുവിടണമെന്നും ആവശ്യമുയർന്നു. പാർട്ടി പിടിക്കാനാണ് കണ്ണൂരിൽനിന്നുള്ളവരെ ഓഫീസ് സെക്രട്ടറിമാരാക്കുന്നതെന്നും വിമർശനമുയർന്നു. കണ്ണൂർ ലോകത്തെ കമ്യൂണിസ്റ്റ് കോട്ടയെന്ന വീമ്പിളക്കലിനുള്ള അടിയാണ് കിട്ടിയതെന്നും പരിഹാസമുയർന്നു.
Content Highlights: CPM district committee blames Pinarayi Vijayan's arrogance and body language for election losses., Criticism regarding the exemption of age limits for Pinarayi Vijayan., Internal dissent over nepotism allegations involving party leaders' spouses., MV Govindan admits to public criticism regarding his own communication style., Demands to dissolve the Kannur district committee due to internal factionalism.
Published: 21 May 2026, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented