ഇരിട്ടി: ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ഗുരുതരമായ ഫണ്ട് വെട്ടിപ്പ് ആരോപണം ഉയരുന്നു. ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ച്, കോളേജ് നിർമ്മാണത്തിനായി ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് പരാത. ഇരിട്ടിയിലെ പ്രാദേശിക സിപിഎം നേതാക്കളാണ് ഈ സൊസൈറ്റിയുടെ ഭാരവാഹികൾ. പാർട്ടിയുടെ തന്നെ പവർത്തകരും പ്രാദേശിക നേതാക്കളും തന്നെയാണ് ഇപ്പോൾ തെളിവുകൾ സഹിതം സ്വന്തം പാർട്ടി നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കണ്ണൂർ ഇരിട്ടിയിൽ ഹിന്ദു ഐക്യവേദി ഭാരവാഹിയായ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രഗതി എന്ന ട്യൂട്ടോറിയൽ പാരലൽ കോളേജുണ്ട്. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹിന്ദുത്വ ചായ്വ് വരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎം നിയന്ത്രണത്തിൽ മലയോര മേഖലയിൽ ഒരു കോളേജ് ആരംഭിക്കണമെന്ന ആശയം രൂപപ്പെടുന്നത്. ഇതിന്റെ ഭാഗമായി 2015-ലാണ് സിപിഎം നേതാക്കൾ ചേർന്ന് നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി രൂപീകരിക്കുന്നത്.
തുടർന്ന് ഒരു സ്വാശ്രയ സെൽഫ് ഫിനാൻസിങ് കോളേജ് എല്ലാ അംഗീകാരങ്ങളോടും കൂടി സ്ഥാപിക്കാമെന്ന വാഗ്ദാനത്തിൽ വലിയ തോതിൽ ഓഹരി പിരിവ് നടത്തി. എ, ബി, സി, ഡി, ഇ എന്നീ കാറ്റഗറികളിലായി ഒരു ലക്ഷം, അമ്പതിനായിരം, ഇരുപത്തയ്യായിരം രൂപ മുതൽ സാധാരണക്കാരായ പാർട്ടി പ്രവർത്തകരിൽ നിന്ന് 1000 രൂപ വരെയുള്ള ഷെയറുകൾ വാങ്ങി. ലഭ്യമായ വിവരങ്ങൾ പ്രകാരം ആറായിരത്തിലധികം രസീതുകളിലായി വൻതുക നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്.
2017-ൽ ഇരിട്ടിയിൽ സൊസൈറ്റിയുടെ വർണാഭമായ ഉദ്ഘാടനം നടന്നെങ്കിലും പിന്നീട് കോളേജ് സ്ഥാപിക്കാനുള്ള തുടർപ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. 2015ൽ തുടങ്ങിയ കോളേജിന്റെ പ്രവർത്തനം ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. ഇതോടെയാണ് നിക്ഷേപകരായ സാധാരണ പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചോദ്യങ്ങളുമായി രംഗത്തെത്തിയത്. ഒന്നുകിൽ കോളേജ് പ്രവർത്തനം ആരംഭിച്ചതായി കാണിക്കണമെന്നും അല്ലെങ്കിൽ തങ്ങളുടെ പണം തിരികെ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. സൊസൈറ്റിയുടെ പേരിൽ ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് ഭാരവാഹികൾ അനൗദ്യോഗികമായി പറയുന്നത്. എന്നാൽ അങ്ങനെയൊരു ഭൂമി എവിടെയെന്ന് കാണിക്കാനോ നിക്ഷേപകർക്ക് ബോധ്യപ്പെടുത്താനോ സൊസൈറ്റി ഭാരവാഹികൾക്ക് സാധിച്ചിട്ടില്ല.
സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന തോമസ് ജോസഫ് അടക്കമുള്ള നിക്ഷേപകരാണ് തട്ടിപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 2016ൽ 25,000 രൂപ ഷെയർ മൂല്യമായി ഡിപ്പോസിറ്റ് ചെയ്ത തനിക്ക് ഷെയർ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും പിന്നീട് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭൂമി വാങ്ങിയിട്ടുണ്ടെന്ന വാദം ചോദ്യങ്ങൾക്ക് മറുപടി പറയാൻ വേണ്ടി മാത്രമുള്ള വെറും ന്യായീകരണം മാത്രമാണെന്നും നിക്ഷേപകർ ആരോപിക്കുന്നു. തട്ടിപ്പിനിരയായ ആയിരത്തിലധികം ആളുകൾ ഒപ്പിട്ട വിശദമായ പരാതി, ലഭിച്ച ഓഹരി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അടക്കമുള്ള തെളിവുകൾ സഹിതം സിപിഎം പാർട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
അതേസമയം, നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത പണം എങ്ങും പോയിട്ടില്ലെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിശദീകരണം. ജനങ്ങളിൽ നിന്ന് പിരിച്ച പണത്തിന് തുല്യമായ അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന മൂല്യമുള്ള ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നാണ് നേതൃത്വത്തിന്റെ വാദം. എന്നാൽ ഈ ഭൂമി എവിടെയെന്നതിന് കൃത്യമായ രേഖകൾ നിക്ഷേപകർക്ക് മുന്നിൽ വെക്കാനും മറുപടി പറയാനും സിപിഎമ്മിന് ബാധ്യതയുണ്ടെന്ന് നിക്ഷേപകർ പറയുന്നു. മുൻപ് വിവാദമായ ഹലാൽ ഫായ്ദ നിക്ഷേപ തട്ടിപ്പിന് പിന്നാലെ ഉയർന്ന പുതിയ ആരോപണം സിപിഎമ്മിനെ കണ്ണൂരിൽ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Content Highlights: Allegations of fund embezzlement against CPM local leaders in Iritty, Kannur regarding a college project., North Malabar Educational Society collected huge funds through share certificates since 2015., Investors, including party workers, demand either the establishment of the college or a refund of their money., Party leadership claims land was purchased with the funds, but investors dispute this lack of transparency.
Published: 30 Aug 2026, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented