കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ സിപിഎമ്മിന്റെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. കാരാട്ട് ഫൈസല്‍ മത്സരിച്ച കൊടുവള്ളി നഗരസഭയിലെ  ചുണ്ടപ്പുറം ഡിവിഷന്‍ ഉള്‍പ്പെടുന്ന ബ്രാഞ്ചാണ് ചുണ്ടപ്പുറം. ഇവിടെ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാര്‍ഥി ഐ.എന്‍.എല്‍. നേതാവും കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദിന് പൂജ്യം വോട്ടായിരുന്നു ലഭിച്ചത്. ഇതിനേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. 

To advertise here,

നേരത്തെ കൊടുവള്ളിയില്‍ നടന്ന എല്‍.ഡി.എഫ്. കണ്‍വെന്‍ഷനില്‍ പി.ടി.എ. റഹീം എം.എല്‍.എ. ആയിരുന്നു കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം നടന്ന ശേഷം കാരാട്ട് ഫൈസലിനെയും കൊണ്ട് സി.പി.എം. ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ രണ്ട് റൗണ്ട് വീടുകളില്‍ കയറി വോട്ടഭ്യര്‍ഥനയും നടത്തി. ഇതിനു ശേഷമാണ് എല്‍.ഡി.എഫ്. കാരാട്ട് ഫൈസലിനുള്ള പിന്തുണ പിന്‍വലിച്ച് ഒ.പി. റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

നഗരസഭാ 15-ാം ഡിവിഷനില്‍ നിന്ന് മത്സരിച്ച ഫൈസലിന് 73 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ഖാദറിന് 495 വോട്ടും ലഭിച്ചു. ഫൈസലിന്റെ അപരനായി മത്സരിച്ച കെ.ഫൈസലിന് പോലും ഏഴ് വോട്ട് കിട്ടിയപ്പോഴായിരുന്നു ഒ.പി റഷീദിന് പൂജ്യം വോട്ട് ലഭിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് 'പൂജ്യം' വോട്ട് ലഭിക്കാനിടയായത് അണികള്‍ക്ക് കാരാട്ട് ഫൈസലിനുവേണ്ടി വോട്ട് ചെയ്യണമെന്ന രഹസ്യ നിര്‍ദേശത്തെ തുടര്‍ന്നെന്ന് സൂചനകളും പുറത്തുവന്നിരുന്നു.  

പ്രചാരണ പ്രവര്‍ത്തനങ്ങളിലെല്ലാം മുന്നിട്ട് നിന്നത് കാരാട്ട് ഫൈസലായിരുന്നു. ഫൈസലിന് പ്രദേശത്തെ ഇടത് അണികളുടെ വലിയ പിന്തുണയും ഉണ്ടെന്ന് നേരത്തെ ആരോപണം വന്നിരുന്നു. ഇതിന് പുറമെ ഒ.പി റഷീദ് ഡമ്മി സ്ഥാനാര്‍ഥി മാത്രമാണെന്നും ഫൈസലാണ് ഇവിടേയുളള യഥാര്‍ഥ സ്ഥാനാര്‍ഥിയെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുകയും ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതായി ഫൈസലിന്റെ വിജയം.

വിഷയത്തില്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി മോഹനനന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് ചേരുകയും തീരുമാനം ഇന്ന് ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. സ്ഥാനാര്‍ഥിയായ റഷീദിന് മറ്റൊരു വാര്‍ഡിലായിരുന്നു വോട്ട്. എന്നാല്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയോ പ്രവര്‍ത്തകരോ വോട്ട് ചെയ്തില്ല എന്നത് സിപിഎമ്മിന്റെ സംഘടനാ തീരുമാനത്തെ വെല്ലുവിളിക്കുന്നതാണ് എന്ന പൊതു വിലയിരുത്തലാണുള്ളത്. 

Content Highlights: CPM dismised Chundapuram branch of Koduvally Municipality