തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ മറ്റൊരുപദവി മുന്നോട്ടുവെക്കാൻ നീക്കം. എന്നാൽ, മറ്റൊരുപദവിയും സ്വീകരിക്കേണ്ടതില്ലെന്ന ഉറച്ചതീരുമാനത്തിലാണ് സി.പി.ഐ.
നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻസ്ഥാനം പ്രതിപക്ഷത്തിനാണ്. എൽ.ഡി.എഫ്. പ്രതിപക്ഷത്താകുമ്പോൾ സി.പി.എമ്മും യു.ഡി.എഫ്. ആകുമ്പോൾ കോൺഗ്രസുമാണ് ഈ പദവി വഹിക്കാറുള്ളത്. ഈ സ്ഥാനം സി.പി.ഐ.യ്ക്കുനൽകി ഇപ്പോഴത്തെ തർക്കത്തിന് പരിഹാരം കണ്ടെത്താനുള്ള ആലോചന ചില സി.പി.എം. നേതാക്കൾ നടത്തിയിട്ടുണ്ട്. ഇത് ഔദ്യോഗികമായി സി.പി.ഐ.യെ അറിയിച്ചിട്ടില്ല. എന്നാലും, മറ്റുപദവികൾ എന്തുതന്നെ നൽകിയാലും വഴങ്ങേണ്ടതില്ലെന്നതാണ് സി.പി.ഐ. തീരുമാനം.
ഒറ്റവ്യക്തിയിലേക്ക് മുന്നണിയുടെയും സർക്കാരിന്റെയും നിയന്ത്രണം എത്തിയിരുന്നെന്നതാണ് തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സി.പി.ഐ. കമ്മിറ്റികളിലുണ്ടായ പ്രധാന വിമർശനം. പിണറായി വിജയനെതിരേയുള്ള വികാരത്തിന്റെ ഭാഗമായിരുന്നു ഇത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പാഠം ഉൾക്കൊള്ളണമെങ്കിൽ പിണറായിയുടെ നിയന്ത്രണത്തിൽനിന്ന് മുന്നണി മോചിപ്പിക്കപ്പെടണമെന്നതാണ് സി.പി.ഐ.ക്കുള്ളിലെ വികാരം. ഇതാണ്, പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ശക്തമായ ആവശ്യത്തിനു കാരണം.
സി.പി.എമ്മിലെ ഉൾപ്പാർട്ടി തർക്കത്തിനിടയിൽ സി.പി.ഐ.യുടെ കടുംപിടിത്തംകൂടി വന്നതോടെ സ്ഥിതി വഷളായി. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയിൽനിന്നും പിണറായി വിജയൻ പ്രതിപക്ഷനേതാവ് പദവിയിൽനിന്നും മാറണമെന്നാണ് സി.പി.എമ്മിലെ ഒരുവിഭാഗത്തിന്റെ ആവശ്യം. പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐ.ക്ക് നൽകുമ്പോൾ കെ.എൻ. ബാലഗോപാലിന് ആ സ്ഥാനം ലഭിക്കാതാകും. ഇത് സി.പി.എമ്മിലെ പലരും അംഗീകരിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ അംഗബലം കുറഞ്ഞ സാഹചര്യത്തിൽ, മുഖ്യമന്ത്രി വി.ഡി. സതീശനെ സഭയിൽ നേരിടാൻ ബാലഗോപാലിന്റെ സാന്നിധ്യം അത്യാവശ്യമാണെന്നാണ് സി.പി.എമ്മിലെ രണ്ടാംനിര നേതാക്കളുടെ നിലപാട്.
ഇടതുപക്ഷം ആരാണെന്ന് സി.പി.എമ്മിനെ ഓർമ്മിപ്പിച്ച് സി.പി.ഐ.
സി.പി.എം.-സി.പി.ഐ. തർക്കം അവരുടെ പാർട്ടി പ്രസിദ്ധീകരണങ്ങളിലേക്കും കടക്കുന്നു. അച്യുതമേനോൻ സർക്കാർ ഇടതുപക്ഷ സർക്കാരായിരുന്നില്ലെന്ന സി.പി.എം. രാഷ്ട്രീയവാരികയായ ‘ചിന്ത’യിലെ കുറ്റപ്പെടുത്തലിന് മറുപടിയുമായി സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. ഭൂപരിഷ്കരണംമുതൽ പട്ടികവിഭാഗക്കാർക്ക് ഭൂമിയും സംവരണവുംവരെ ഏർപ്പെടുത്തിയ അച്യുതമേനോൻ സർക്കാരല്ലാതെ ആരാണ് ഇടതുപക്ഷമെന്നാണ് സത്യൻ മൊകേരിയുടെ ചോദ്യം. ചിന്ത എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് സി.പി.ഐ. രാഷ്ട്രീയവാരികയായ ‘നവയുഗ’ത്തിലാണ് സത്യൻ മൊകേരിയുടെ മറുപടി.
കഴിഞ്ഞകാലത്തെ വസ്തുതാവിരുദ്ധമായി അവതരിപ്പിച്ച് ‘ചിന്ത’ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നെന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. 1977-ൽ കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായെന്ന് പറയാനാവില്ലെന്നും അടിയന്തരാവസ്ഥ അച്ചടക്കത്തിന്റെ കാലമാണെന്ന ആഖ്യാനത്തിന്റെ ഫലമായിരുന്നു അന്നത്തെ വലതുപക്ഷത്തിന് അനുകൂലമായ ജനവിധിയെന്നുമാണ് ‘ചിന്ത’യിൽ പറയുന്നത്. ഇതിലൂടെ സി. അച്യുതമേനോൻ സർക്കാർ വലതുപക്ഷമായിരുന്നു എന്നാണ് പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സത്യൻ മൊകേരി കുറ്റപ്പെടുത്തുന്നു.
‘1967-ലെ ഇ.എം.എസ്. സർക്കാർ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയില്ല. അത് എന്തുകൊണ്ടാണെന്നതിന് ഇന്നും വ്യക്തമായ ഉത്തരമില്ല. 1969-ൽ അധികാരത്തിലെത്തിയ അച്യുതമേനോൻ സർക്കാരാണ് 1970 ജനുവരി ഒന്നുമുതൽ ഭൂപരിഷ്കരണം നടപ്പാക്കിയത്. ഈ സർക്കാരാണോ വലതുപക്ഷം.
കായൽരാജാവായ മുരിക്കന്റെ 3000-ത്തോളം ഏക്കർ മിച്ചഭൂമി ഏറ്റെടുത്തു. കണ്ണൻ ദേവൻ കമ്പനിയുടെ 1.37 ലക്ഷം ഏക്കർ ഭൂമി ഏറ്റെടുത്തു. ഭവനരഹിതർക്കായി ലക്ഷംവീട് പദ്ധതി നടപ്പാക്കി. സ്വകാര്യവനങ്ങൾ ഏറ്റെടുത്തു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും സി.ഡിറ്റും കാർഷികസർവകലാശാലയുമടക്കം 39 പൊതുമേഖലാസ്ഥാപനങ്ങൾ തുടങ്ങി’ -എന്നിങ്ങനെ അച്യുതമേനോൻ സർക്കാരിന്റെ ഇടതുകാഴ്ചപ്പാടുള്ള പ്രവർത്തനം അദ്ദേഹം വിശദീകരിക്കുന്നു.
അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ‘ചിന്ത’, സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന്റെ കാലത്ത് പാലക്കാട്, നിലമ്പൂർ, വയനാട് വനമേഖലയിൽ മാവോവാദികളെ കൊലപ്പെടുത്തിയ കരുതിക്കൂട്ടിയുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുകൂടി ആത്മപരിശോധന നടത്തണമെന്നും മൊകേരി പറഞ്ഞുവെക്കുന്നുണ്ട്.
അടിയന്തരാവസ്ഥയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് സി.പി.ഐ. ആത്മവിമർശനം നടത്തിയിട്ടുണ്ട്. തെറ്റുകൾ ഏറ്റുപറയാൻ ധൈര്യം കാണിച്ച പാർട്ടിയെ വിമർശിക്കുന്നവർ ചരിത്രത്തിന്റെ മുഴുവൻ ചിത്രവും കാണാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പ്രതിപക്ഷ ഉപനേതാവ്: വിട്ടുവീഴ്ചയില്ലെന്ന് ഡി. രാജ
കേരളത്തിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ. അത് ന്യായമായ ആവശ്യമാണെന്നും പദവി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തിനുമുൻപ് അദ്ദേഹം പറഞ്ഞു. സി.പി.ഐ. എൽ.ഡി.എഫിലെ പ്രധാനപ്പെട്ട പാർട്ടിയാണ്. ഉപനേതാവ്സ്ഥാനം സംബന്ധിച്ച് ഇപ്പോഴും സംസ്ഥാനതലത്തിൽ സി.പി.എമ്മുമായി ചർച്ച തുടരുകയാണ്. ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സി.പി.ഐ. ഇപ്പോഴും തിരുത്തൽശക്തിയാണെന്നും ഡി. രാജ പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച ചേർന്ന പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തിൽ കേരളത്തിലെ വിഷയം ചർച്ചയായില്ല. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന മെഗാറാലിയുടെ വിശദാംശങ്ങളാണ് പ്രധാനമായും യോഗം ചർച്ചചെയ്തത്. റാലിയിൽ പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പ്രതിനിധികളുടെ താമസസൗകര്യം അടക്കമുള്ള കാര്യങ്ങൾ യോഗം വിലയിരുത്തി.
വെള്ളിയാഴ്ച കേന്ദ്ര എക്‌സിക്യുട്ടീവ് യോഗം ചേരുന്നുണ്ട്. കേരളത്തിൽനിന്നുള്ള അംഗങ്ങൾ ഉപനേതാവ് പദവി തർക്കം ഉന്നയിക്കുകയാണെങ്കിൽ എക്‌സിക്യുട്ടീവ് യോഗം വിഷയത്തിൽ ചർച്ചനടത്തിയേക്കും.
Published: 17 Jul 2026, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented