നെന്മാറ: പുതുവർഷത്തിൽ ജിതിനും ശീതളും പുതുജീവിതത്തിലേക്കു പ്രവേശിച്ചത് ഭരണഘടനാമൂല്യങ്ങൾ വിളംബരം ചെയ്ത്. നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്ത ഇവർ ഭരണഘടനയുടെ പകർപ്പ് സമ്മാനമായി കൈമാറി. ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃകയിൽ തയ്യാറാക്കിയ വൈവാഹികപ്രതിജ്ഞയിൽ ഇരുവരും ഒപ്പുവെച്ചു. മതാചാരച്ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷ്യം വഹിക്കാനെത്തി. പങ്കെടുത്തവർക്കെല്ലാം ഭരണഘടനാമൂല്യങ്ങളടങ്ങിയ ലഘുലേഖ നൽകി.

To advertise here,

അയിലൂർ സ്വദേശിയായ ജിതിൻ തേങ്കുറുശ്ശി-ഒന്ന് വില്ലേജ് ഓഫീസിൽ വില്ലേജ് അസിസ്റ്റന്റാണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ശീതൾ കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്. കൊല്ലം ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരജില്ലയായി പ്രഖ്യാപിച്ച കൊല്ലം ജില്ലാപഞ്ചായത്തിന്റെ 'സിറ്റിസൺ-2022' പദ്ധതിയിൽ ഭരണഘടനാപരിശീലന സെനറ്ററായിരുന്നു ശീതൾ. ഭരണഘടനാസാക്ഷരത വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ 'കോൺസ്റ്റിറ്റിയൂഷൻ ലിറ്ററസി കൗൺസിലി'ന്റെ പ്രവർത്തകയാണ്. കൂടുതൽ പേർക്ക് പ്രചോദനമാകുന്ന കാലികപ്രസക്തമായ ഒരു സന്ദേശംകൂടി നൽകുകയെന്നതായിരുന്നു തീരുമാനത്തിനു പിന്നിലെന്ന് നവദമ്പതിമാർ പറഞ്ഞു.

ജിതിന്റെ സഹപ്രവർത്തകനും ശീതളിന്റെ സഹപ്രവർത്തകയും മുഖേനയാണ് അഞ്ച് മാസം മുമ്പ് വിവാഹാലോചനയുടെ തുടക്കം. സമാനചിന്താഗതിക്കാരാണെന്നും ഇനിയുള്ള യാത്ര ഒരുമിച്ചാകാമെന്നും തിരിച്ചറിഞ്ഞതോടെ ഇരുവീട്ടുകാരും ചേർന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. അയിലൂർ പൂളയ്ക്കൽപ്പറമ്പ് പിസിഎം വീട്ടിൽ എം. രാധാകൃഷ്ണന്റെയും എം. വനജയുടെയും മകനാണ് ജിതിൻ. കരുനാഗപ്പള്ളി ആലുങ്കടവ് കാർത്തികയിൽ എം. പ്രകാശിന്റെയും എസ്. ഷീജാകുമാരിയുടെയും മകളാണ് ശീതൾ.