
ആലപ്പുഴ: മുൻമുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനെതിരേ നടപടിയില്ലാത്തതിനെച്ചൊല്ലി കോൺഗ്രസിൽ ‘ആഭ്യന്തരയുദ്ധം’. കേസിലിടപെട്ട എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരേ ഉടൻ നടപടി വേണമെന്നാണ് ആവശ്യം. എ.ഡി. തോമസ് എം.എൽ.എ., യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണു മർദനമേറ്റത്.
ആഭ്യന്തര വകുപ്പിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും മുനവെച്ച വാക്കുകളുമായി കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ സക്രിയരാണ്. ആലപ്പുഴ ഡി.സി.സി. ഒന്നടങ്കം അജിത്‌കുമാറിനെതിരേ കർശന നടപടി വേണമെന്നാണ് ആവശ്യപ്പെടുന്നത്.
കേസന്വേഷിക്കാൻ എസ്.ഐ.ടി. (പ്രത്യേക അന്വേഷണസംഘം) രൂപവത്കരിച്ചത് ആദ്യ മന്ത്രിസഭായോഗത്തിലാണ്. അന്വേഷണം നടത്തി എസ്.ഐ.ടി. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിക്കും ഡി.ജി.പി.ക്കും റിപ്പോർട്ട് കൈമാറുകയും ചെയ്തു. എന്നാൽ, റിപ്പോർട്ടു കിട്ടി മൂന്നാഴ്ച പിന്നിട്ടിട്ടും നടപടിയില്ലാത്തതാണു പ്രശ്നമായിരിക്കുന്നത്. എസ്.ഐ.ടി. റിപ്പോർട്ടിന്മേൽ ഡി.ജി.പി. വ്യക്തത ആവശ്യപ്പെട്ടതായാണു വിവരം. എന്നാലതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
എസ്.ഐ.ടി. നിലവിലില്ല. അന്വേഷണത്തിനു നേതൃത്വം നൽകിയ എ.പി. ഷൗക്കത്തലി ഇപ്പോൾ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറാണ്. ടീമിലെ മറ്റംഗങ്ങൾ മാതൃയൂണിറ്റുകളിലേക്കു മടങ്ങി. എ.ഡി.ജി.പി.ക്കെതിരേ തെളിവുണ്ടെന്നും വ്യക്തമായ റിപ്പോർട്ടാണ് നൽകിയതെന്നുമാണ് എസ്.ഐ.ടി.യിലുണ്ടായിരുന്നവരിൽനിന്നു ലഭിക്കുന്ന വിവരം. ചില രേഖകൾ മാത്രമാണു കൊടുക്കാനുണ്ടായിരുന്നത്.
അജിത്‌കുമാറിനെ ബെവ്കോ എം.ഡി. സ്ഥാനത്തുനിന്നു മാറ്റണമെന്ന് എക്സൈസ് മന്ത്രി എം. ലിജു രണ്ടുതവണ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിലും പ്രതിഷേധമുണ്ട്. എത്ര ഉന്നതനായാലും നടപടി വേണമെന്ന കടുത്ത നിലപാടിലാണ് കെ.സി. വേണുഗോപാൽ എം.പി..
അജിത്കുമാർ കാക്കിയിട്ട ക്രിമിനൽ -എ.ഡി. തോമസ്
: എ.ഡി.ജി.പി. അജിത്കുമാർ കാക്കിയിട്ട ക്രിമിനലാണെന്നും അദ്ദേഹത്തെ പർവതീകരിക്കേണ്ട കാര്യമില്ലെന്നും എ.ഡി. തോമസ് എം.എൽ.എ. പറഞ്ഞു. ശക്തമായ നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നടപടി വേണമെന്ന് പൊതുസമൂഹത്തിനും താത്പര്യമുണ്ട്. മുഖ്യന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും തോമസും അജയ് ജുവൽ കുര്യാക്കോസും പറഞ്ഞു. എ.ഡി.ജി.പി.ക്കെതിരേ നടപടി വൈകാനുള്ള സാഹചര്യം മനസ്സിലാക്കാനും പ്രവർത്തകരുടെ വികാരമറിയിക്കാനുമാണ് സന്ദർശനം. നടപടി ഉടൻ വേണമെന്ന ആവശ്യവുമുന്നയിക്കും.
അജിത്കുമാറിനെതിരായ നടപടി: തിടുക്കമില്ല, പഴുതടയ്ക്കും
: യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരേ തിടുക്കപ്പെട്ട് നടപടിവേണ്ട, പഴുതടച്ച് മതിയെന്ന് സർക്കാർ. നടപടിക്രമം പാലിച്ചേ നടപടിയുണ്ടാകൂവെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു.
ജൂൺ 23-ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. എന്നാൽ, കുടുംബപരമായ തിരക്കുകൾ കാരണമാണ് റവാഡ ചന്ദ്രശേഖർ തുടർനടപടി എടുക്കാൻ വൈകിയതെന്നാണ് സർക്കാർ വാദം. റിപ്പോർട്ടിൽ നിയമോപദേശം തേടുകയും അജിത്കുമാറിന്റെ മറുപടി വാങ്ങുകയും ചെയ്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽക്കൂടി വ്യക്തതവരുത്താൻ എസ്.ഐ.ടി.യോട് പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്കെതിരേ അജിത്കുമാർ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. പ്രതികൂലവിധിയുണ്ടായാൽ സർക്കാരിന്റെ അലംഭാവമായി ചൂണ്ടിക്കാണിക്കപ്പെടാം. അതിനാലാണ് കരുതലോടെ നീക്കം.
അഗ്നിരക്ഷാസേനാ മേധാവിയായ ഡി.ജി.പി. നിതിൻ അഗർവാൾ ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലേക്ക് ഡി.ജി.പി. സ്ഥാനക്കയറ്റം വരും. ഡി.ജി.പി. തസ്തികയിലേക്ക് അജിത്കുമാറിനെ പരിഗണിക്കാനാണ് നടപടി വൈകിക്കുന്നതെന്നാണ് ആരോപണം. ഡി.ജി.പി. തസ്തികയിലേക്ക് തിടുക്കപ്പെട്ട് തൊട്ടടുത്ത ദിവസംതന്നെ നിയമനം നടത്തേണ്ട ആവശ്യമില്ല. പോലീസിനുള്ളിലെ തർക്കങ്ങളും ഇപ്പോഴത്തെ തിടുക്കപ്പെടുത്തലിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. പലർക്കും ധൃതി കാണുമെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ബുധനാഴ്ച പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.
Content Highlights: Internal dissent within Congress over delayed action against ADGP Ajith Kumar., The SIT submitted a report regarding the assault on KSU and Youth Congress leaders., Allegations of the government delaying action to facilitate a promotion to DGP rank., AD Thomas MLA labels the ADGP as a criminal in uniform., Government maintains a cautious approach to avoid legal repercussions in court.
Published: 16 Jul 2026, 07:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented