
കോഴിക്കോട്: യുവതലമുറ നേതാക്കൾ ഖദറിനോടു കാണിക്കുന്ന അകൽച്ചയെ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അജയ് തറയിൽ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ വസ്ത്രസ്വാതന്ത്ര്യത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഞാൻ ധരിക്കുന്നത് ഖദറാണ്. പക്ഷെ യുവാക്കൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, അതിൽ ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.
ഖദർ ദേശ സ്നേഹത്തിന്റെ പ്രതീകമാണ്.കോൺഗ്രസുകാർ ഖദർ ധരിക്കുന്നതിനോടാണ് എനിക്ക് ആഭിമുഖ്യം. എന്നാൽ കളർ വസ്ത്രങ്ങൾ ധരിക്കുന്നതിന് ആഗ്രഹമുള്ളവർ അത് ധരിക്കുന്നതിൽ തെറ്റില്ലെന്നും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന് ആരും എതിരല്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരുന്നവർ ഇന്നും ധരിക്കാനാഗ്രഹിക്കുന്ന വസ്ത്രവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതീകവും ഖാദിവസ്ത്രമാണ്.വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഞാൻ ധരിക്കുന്നത് ഖദർ വസ്ത്രമാണ്. പക്ഷെ ഏത് വസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടേയും ഇഷ്ടവും അവകാശവും താത്പര്യവുമാണെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രതികരണം. ഇതൊന്നും പാർട്ടിയുടെ ഔദ്യോഗിക ചർച്ചയല്ലെന്ന് പറഞ്ഞ കെ സുധാകരനും ഖദർ വസ്ത്രമേ ധരിക്കാവൂ എന്ന് ആരും നിർബന്ധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഖാദി മനസ്സിൽ പച്ചവിരിക്കുന്ന വികാരവും കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ പ്രതീകവുമാണ്. അത് ഇഷ്ടമുള്ളവർ ധരിക്കട്ടെ ഇല്ലാത്തവർ ധരിക്കാതെ ഇരിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.
ഖാദി വസ്ത്രത്തെ ബഹുമാനിക്കുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ പിടിവാശി കാണിക്കേണ്ടതില്ലെന്നും യുവനേതാക്കളും പറയുന്നു. കോൺഗ്രസിന്റെ ഐഡന്റിറ്റിയായ ഖദർ ഉപേക്ഷിക്കില്ല, ഖദർ ധരിക്കുന്നതിൽ തെറ്റുമില്ല അത് ഉപേക്ഷിക്കേണ്ടതും അല്ല പക്ഷെ അത് മാത്രമേ ധരിക്കാവൂ എന്ന നിലപാടിനോട് വിയോജിപ്പാണെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെ പ്രതികരണം.1920ലെ നാഗ്പൂർ കോൺഗ്രസ് സെഷനിൽവെച്ചാണ് ഖദർ വസ്ത്രം ധരിക്കണം എന്ന തീരുമാനം എടുക്കുന്നത്. എന്നാൽ നൂറ് വർഷത്തിന് അപ്പുറം അതേ സാഹചര്യമാണ് ഈ രാജ്യത്ത് ഉള്ളത് എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ സാധിക്കില്ല. കാലാനുസൃതമായ മാറ്റം രാഷ്ട്രീയ പ്രവർത്തനത്തിനും ഖദറിനും വേണമെന്നും അബിൻ വർക്കി പറഞ്ഞു.
ഏത് വസ്ത്രം ധരിക്കണം എന്നത് ഓരോ വ്യക്തികളുടേയും താത്പര്യമാണ്. അത് ഖദറാവാം കളറാവാം. നമ്മുടെ ഐഡന്റിറ്റി നമ്മുടെ പൊതുപ്രവർത്തനത്തിലും നിലപാടുകളിലും ഒക്കെയാണ് അതല്ലാതെ ഇന്ന വസ്ത്രം ധരിച്ചത് കൊണ്ട് ഇന്ന ഐഡന്റിറ്റി എന്ന് പറയുന്നതിൽ യോജിപ്പില്ലെന്ന് റിജിൽ മാക്കുറ്റിയും പ്രതികരിച്ചു. ഖദർ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പവിത്രമായ വസ്ത്രമാണ്. പക്ഷെ ഖദർ വാങ്ങി ധരിക്കാനുള്ള ചെലവ് തന്നെ കൂടുതലാണ്. സാധാരണക്കാരായ പ്രവർത്തകർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടം ഖദർ ധരിക്കാനാണെന്നും എന്നാൽ എന്നാൽ ഖദറേ ധരിക്കാവൂ എന്ന് ആരും പറഞ്ഞിട്ടില്ലെന്നും എംഎൽഎ ചാണ്ടി ഉമ്മനും പറഞ്ഞു. എംഎൽഎയായ ശേഷം ഖദർ തന്നെയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കാറ്. എന്നാൽ സ്വകാര്യ ചടങ്ങുകളിലോ മറ്റ് വസ്ത്രങ്ങൾ അനിവാര്യമാകുന്ന സാഹചര്യങ്ങളിലോ കളർ വസ്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. പരമാവധി ഖദർ ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഖദർ ധരിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായത്തിൽ തെറ്റ് പറയാനാവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അടിസ്ഥാനപരമായി വസ്ത്രധാരണം എന്നത് വ്യക്തിയുടെ ചോയ്സ് ആണ്. ഓരോരുത്തരും അവരുടെ കംഫർട്ട് ലെവലിന് അനുസരിച്ചാണ് വസ്ത്രങ്ങൾ ധരിക്കുക.അതിന്റെ പുറകിൽ അനാവശ്യ വൈകാരികതകളോ പ്രത്യയശാസ്ത്ര ശാഠ്യങ്ങളോ കൊണ്ടുവരേണ്ട കാര്യമില്ലെന്ന് വിടി ബൽറാം പറഞ്ഞു. ഖദർ വാങ്ങുകയും പരമാവധി ധരിക്കാരും ഉണ്ട്.വെള്ള ഖദറിൽ നിന്ന് വ്യത്യസ്തമായി നിറമുള്ള ഖദർ വസ്ത്രങ്ങളും ധരിക്കാറുണ്ട്. രാഷ്ട്രീയക്കാർ സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ടവരല്ല. സാധാരണക്കാർ ഏറ്റവും കൂടുതൽ ധരിക്കുന്ന വസ്ത്രമാണ് രാഷ്ട്രീയക്കാരും ധരിക്കേണ്ടത്. ഖദർ ധരിച്ചതുകൊണ്ട് മാത്രം ഒരു രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നതായി തോന്നുന്നില്ല. അതൊരു വിശാല പ്രതീകാത്മകതയായി കണ്ടാൽ മതിയെന്നും വിടി ബൽറാം പറഞ്ഞു.
Content Highlights: Congress Leaders response to Ajay Tharayil facebook post about Khadi
Published: 02 Jul 2025, 04:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented