കഞ്ചാവ്, MDMA വേട്ടയിൽ 13 സിപിഎം പ്രവർത്തകർ പിടിയിലായെന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 13 പേരുടെ ചിത്രം ഉൾപ്പടെയാണിത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് അനുകൂല ഹാൻറിലുകളാണ്.

To advertise here,

എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

സംസ്ഥാനത്ത് എവിടെയാണ് ഇങ്ങനെയൊരു ലഹരിവേട്ട നടന്നതെന്ന് പ്രചരിക്കുന്ന പോസ്റ്ററിലോ അതിനൊപ്പം നൽകിയിരിക്കുന്ന വിവരണങ്ങളിലോ ഒന്നും പറയുന്നില്ല. 13 സിപിഎം പ്രവർത്തകർ ഇങ്ങനെയൊരു കേസിൽ പടിയിലായിരുന്നെങ്കിൽ സ്വാഭാവികമായും അത് വാർത്താ പ്രാധാന്യം നേടിയേനെ. എന്നാൽ, അങ്ങനെയുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. വിശദമായ അന്വേഷണത്തിൽ ഇതേ പോസ്റ്റർ മുൻപും പ്രചരിച്ചതായി കണ്ടെത്തി. ജൂൺ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവ ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ടത്.

വൈറൽ പോസ്റ്റിലെ ചിത്രങ്ങൾ അടിസ്ഥാനമാക്കി നടത്തിയ വിശദമായ പരിശോധനയിൽ സമാനമായൊരു മറ്റൊരു പോസ്റ്റർ കണ്ടെത്തി. കഴിഞ്ഞ ജൂൺ 8-നാണ് ഇത് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത് “കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കവർച്ചാ ശ്രമം. 13 പേർ അറസ്റ്റിൽ” എന്നാണ്. ഈ സൂചനകൾ ഉപയോഗിച്ച് കീവേർഡ് സർച്ച് ചെയ്തതിൽനിന്നു വിശദാംശങ്ങൾ കണ്ടെത്തി. ജൂൺ 8-ന് പുലർച്ചെയായിരുന്നു സംഭവം. വിദേശത്തുനിന്നു കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർച്ചചെയ്യാൻ പദ്ധതിയിട്ടെത്തിയ സംഘത്തെ പോലീസ് സംഘം പിടികൂടി. സ്ത്രീ ഉൾപ്പെടെ 14 പേരെയാണ് കരിപ്പൂർ പോലീസ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിങ് ഏരിയായിലും ആഗമന ടെർമിനനിലും വിവിധ സംഘങ്ങളായി നിലയുറപ്പിച്ചവരെ പോലീസ് ചോദ്യംചെയ്തതോടെയാണ് സംഘം പിടിയിലായത്.

കർണാടക വിരാജ്‌പേട്ട സ്വദേശി എൻ.എ. അഭിഷേക്. (31), കണ്ണൂർ മുഴക്കുന്ന് സ്വദേശി കെ.പി. ജുനൈദ് (27), കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശികളായ വി. ശരത്ത് (35), കെ.കെ. കനകരാജ് (28), കെ.കെ. അക്ഷയ് (26), കെ. ധനീഷ് (29), തില്ലങ്കേരി സ്വദേശി ടി. രഞ്ജിത്ത് (41), ചക്കരക്കല്ല് സ്വദേശി താജുദ്ദീൻ (32), വാരം സ്വദേശി ഷാരോൺ (28), കൂത്തുപറമ്പ് സ്വദേശി കെ. സ്വരലാൽ (38) തിരൂർ പുതിയ കടപ്പുറം സ്വദേശി റിയാസ് (29), ബേപ്പൂർ സ്വദേശി പി. സുജിത്ത് (26), വളാഞ്ചേരി തിരുവേ ഗപുര സ്വദേശി എ.കെ. ഇർഫാൻ (26) എന്നിവരാണ് അറസ്റ്റിലായത്.  പിടിയിലായവരുടെ ചിത്രങ്ങൾ ഉൾപ്പടെ, ഈ സംഭവത്തെക്കിറിച്ച് മാതൃഭൂമി പത്രത്തിൽ  ജൂൺ 9ന് നൽകിയ വാർത്ത ചുവടെ കാണാം.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർച്ചചെയ്യാൻ പദ്ധതിയിട്ടെത്തിയ സംഘത്തെ ജൂൺ 8-ന് പോലീസ് പിടികൂടുകയായിരുന്നു. അതിന്‍റെ ചിത്രമാണ് ലഹിര മരുന്ന് വേട്ടയിൽ സിപിഎം പ്രവർത്തകർ പിടിയിലായെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.