വടകര: 'ഭരിക്കപ്പെടാനെനിക്കിഷ്ടമല്ല. സുശക്തമായ ഏകാധിപത്യത്തെക്കാൾ അശക്തമായ ജനാധിപത്യം ഞാനിഷ്ടപ്പെടുന്നു...'- ഏതു പക്ഷത്തോടാണ് ഇഷ്ടമെന്നു ചോദിച്ചപ്പോൾ ഒരു അഭിമുഖത്തിൽ കല്പറ്റ നാരായണന്റെ മറുപടി. രാഷ്ട്രീയത്തിൽ കല്പറ്റ മുറുകെപ്പിടിച്ചതും ഉറക്കെപ്പറഞ്ഞതും ഈ നിലപാടാണ്. എഴുത്തിന് കരുത്തും കാതലും പകർന്നത് ഈ ഉറച്ച ജനാധിപത്യബോധം തന്നെ.
രാഷ്ട്രീയത്തിൽ അപ്രിയസത്യങ്ങൾ പലതും ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ വിമർശനത്തിന്റെ കൂരമ്പുകളേറ്റിട്ടുണ്ട്. പക്ഷേ, കവിതയായും നോവലായും ലേഖനങ്ങളായും ആ സർഗവൈഭവം വയനാടൻ ചുരമിറങ്ങി കേരളമാകെ പരന്നൊഴുകിയപ്പോൾ, മലയാളം നെഞ്ചേറ്റി. ഇനി കേരളം കാത്തിരിക്കുന്നത് സാഹിത്യ അക്കാദമി ചെയർമാൻ എന്ന നിലയിലുള്ള വൈഭവം കാണാൻ.
കല്പറ്റയ്ക്കു സമീപം കരിങ്കുറ്റിയിലെ പാലൂക്കാപ്പിൽ ശങ്കരൻ നായരുടെയും നാരായണി അമ്മയുടെയും മകനായി 1952-ലാണ് കല്പറ്റ നാരായണൻ ജനിച്ചത്. അധ്യാപകനായി ഔദ്യോഗികജീവിതം. അതിനുമപ്പുറം അക്ഷരങ്ങളുടെ ഉപാസകൻ. എഴുതിത്തെളിഞ്ഞപ്പോൾ കല്പറ്റ ആധുനിക മലയാള കവിതയിൽ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവായി. വയനാടിന്റെ വശ്യഭംഗിപോലെ ആരെയും മയക്കുന്ന കല്പറ്റാക്ഷരങ്ങൾ.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അധ്യാപനജീവിതം ആരംഭിച്ച അദ്ദേഹം കോഴിക്കോട് ഗവ. ആർട്സ് കോളേജിലും അധ്യാപകനായി. പിന്നീട് കൊയിലാണ്ടിക്കു സമീപം സ്ഥിരതാമസമാക്കിയെങ്കിലും വയനാടിനോടുള്ള ആത്മബന്ധം കൈവിട്ടില്ല. കവിത, നോവൽ, ലേഖനം, നിരൂപണം തുടങ്ങിയ വിഭാഗങ്ങളിലായി ഒട്ടേറെ പുസ്തകങ്ങൾ എഴുതി.
രാഷ്ട്രീയ -സാംസ്‌കാരിക രംഗങ്ങളിൽ ശ്രദ്ധേയനാകുന്നത് ഉൾക്കാമ്പുള്ള പ്രഭാഷണങ്ങളിലൂടെയും വിമർശനങ്ങളിലൂടെയുമാണ്. രണ്ടാം പിണറായി സർക്കാരിന്റെ നിലപാടുകൾക്കുനേരേ കടുത്ത വിമർശനമുയർത്തി. ഇതിൽ പലതും വിവാദമായി. കവി സച്ചിദാനന്ദൻ ഇടതു സർക്കാരിനെ വിമർശിച്ചപ്പോൾ പിന്തുണയേകിയ കല്പറ്റ, സി.പി.എം. ഇനി അധികാരത്തിൽവന്നാൽ ജനാധിപത്യം ഇല്ലാതാകുമെന്ന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് ഇരയായി.
കോൺഗ്രസ് അനുകൂലനിലപാടാണ് സ്വീകരിച്ചതെങ്കിലും കോൺഗ്രസും ഇദ്ദേഹത്തിന്റെ വിമർശനത്തിന്റെ ചൂടറിഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ ജാതി-മത സമവാക്യത്തിനുനേരേ രൂക്ഷവിമർശനം ഉയർത്തി. കൂടുതൽ ജാത്യധിഷ്ഠിതമായി രാഷ്ട്രീയം മാറുന്നുവെന്നായിരുന്നു വിമർശനം. കോൺഗ്രസ് മുഖ്യമന്ത്രി നിർണയം നീണ്ടപ്പോൾ ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണിതെന്ന അദ്ദേഹത്തിന്റെ നിലപാടും ചർച്ചയായി.
Published: 27 Sept 2026, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented