പാർട്ടിയെ കേൾക്കാതെ മുന്നോട്ടുപോകുന്ന ആദ്യത്തെ കോൺഗ്രസ് സർക്കാരാണിതെന്ന് എ ഗ്രൂപ്പ് നേതൃത്വത്തോട് പറഞ്ഞു

കോട്ടയം: കോൺഗ്രസിലെ ഉൾപ്പാർട്ടി പോരിനിടെ കെ.സി.ഗ്രൂപ്പിനെയും ഒപ്പം കൂട്ടി എ ഗ്രൂപ്പിന്റെ ചിട്ടയായ നീക്കം. കോൺഗ്രസ് പാർലമെൻററി പാർട്ടിയിൽ മേൽകൈയുള്ള കെ.സി. വിഭാഗത്തെ തീരെ അവഗണിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉറക്കെ പറഞ്ഞാണ് അവർ പോകുന്നത്. പാർട്ടി അധ്യക്ഷനെ കണ്ടതാണ് വാർത്തയായതെങ്കിലും അതിനും ആഴ്ചകൾക്കുമുന്നേ അവർ ഒരുക്കം നടത്തിയിരുന്നു.
കേരളത്തിലെ മുതിർന്ന നേതാക്കളെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കണ്ട എ ഗ്രൂപ്പുകാർ മുഖ്യമന്ത്രിയെയും കെ.പി.സി.സി. അധ്യക്ഷനെയും കണ്ട് പാർട്ടിയും സർക്കാരുമായുള്ള വിടവ് ചൂണ്ടിക്കാട്ടി. പരമ്പരാഗത എ ഗ്രൂപ്പിന്റെ സ്വാഭാവത്തിൽനിന്ന് നേതാക്കളുടെ മാറ്റംമറിച്ചിലുകൾകൊണ്ട് മാറ്റം വന്നെങ്കിലും ഉമ്മൻചാണ്ടിക്കൊപ്പം എക്കാലവുംനിന്ന ഒരു സംഘമാണ് നിലവിൽ ആ ഗ്രൂപ്പിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. പാർട്ടിക്കുള്ളിലോ സർക്കാരിലോ ഏതെങ്കിലും വ്യക്തിക്ക് എതിരായ ഒരു നീക്കത്തിനുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് തിരുത്തൽ ശക്തിയായി തുടരാനാണ് അവരുടെ തീരുമാനം.
പാർട്ടിയെ കേൾക്കാതെ മുന്നോട്ടുപോകുന്ന ആദ്യത്തെ കോൺഗ്രസ് സർക്കാരാണിതെന്ന് നേതൃത്വത്തോട് ചൂണ്ടിക്കാട്ടിയ എ ഗ്രൂപ്പ് പരസ്യവിമർശനം ഒഴിവാക്കും. ഗ്രൂപ്പ് വൈരം കത്തിനിന്ന സമയത്തുപോലും കെ.കരുണാകരനും എ.കെ.ആന്റണിയും തമ്മിലും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലും എല്ലാക്കാര്യത്തിലും ഒരു ആശയവിനിമയം നിലനിന്നിരുന്ന കാര്യം നേതാക്കൾ ഒാർമ്മിപ്പിച്ചു. ഇപ്പോൾ കെ.പി.സി.സി. അധ്യക്ഷനും മന്ത്രിയുമായ സണ്ണിജോസഫ് പോലും താനൊന്നും അറിയുന്നില്ലെന്ന് പറയുന്നത് ഗൗരവത്തോടെ കാണണമെന്ന് തങ്ങൾ കോൺഗ്രസ് അധ്യക്ഷനെ ബോധ്യപ്പെടുത്തിയെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയും കെ.പി.സി.സി.യും തമ്മിലും മുഖ്യമന്ത്രിയും മന്ത്രിമാർ തമ്മിലും വ്യക്തമായ ആശയവിനിമയം ഉണ്ടാകണം. ബോർഡ്, കോർപ്പറേഷൻ അടക്കമുള്ളവയിലെ സ്ഥാനങ്ങൾ പാർട്ടിയോട് ആലോചിച്ചുവേണം തീരുമാനിക്കാൻ. പലതും മാധ്യമങ്ങൾ വഴിയാണ് അറിയുന്നത്. ആത്യന്തികമായി പാർട്ടികളുടെ ഉത്പന്നമാണ് സർക്കാർ. പാർട്ടിയെ തള്ളി സർക്കാരിന് നിലനിൽക്കാൻ കഴിയില്ല. പാർലമെൻററി പാർട്ടിയോഗം ചേരുകയും അവിടെ കാര്യങ്ങൾ അവതരിപ്പിക്കുകയും വേണം.
എവിടെയൊക്കെയോ ആശയവിനിമയം ഇല്ലാതെ പോയിരിക്കുന്നു. സർക്കാർ ഏറെ നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട്. ആറുമാസത്തിനിടെ പ്രിയദർശിനിയും ആശമാരുടെ വേതനവർധനയും അടക്കം ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കി. പക്ഷേ, ഇവ ജനങ്ങളെ അറിയിക്കേണ്ടത് പി.ആർ.ഡി. വഴിയല്ല. പാർട്ടിയാണ് ഇത് പ്രചരിപ്പിക്കേണ്ടത്. അതിന് പ്രവർത്തകരെ വിശ്വാസത്തിലെടുക്കണം. പോർമുഖങ്ങൾ തുറക്കാൻ ആഗ്രഹമില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
Content Highlights: Amid internal tensions in Congress in Kerala, the A Group has partnered with the KC faction to act as a constructive corrective force, urging better coordination between the government and party leadership on appointments.
Published: 24 Nov 2026, 06:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented