തിരുവനന്തപുരം: നേതാക്കൾതമ്മിൽ അസാധാരണ ഏറ്റുമുട്ടലിന് സാക്ഷിയായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനുമാണ് പാർട്ടിക്കമ്മിറ്റിയിൽ പോരടിച്ചത്. കണ്ണൂരിലെ വൈദേകം റിസോർട്ടിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇ.പി. ജയരാജന്റെ പങ്കാളിത്തത്തെക്കുറിച്ചും പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളാണ് പൊട്ടിത്തെറിയിലേക്കെത്തിയത്.

To advertise here,

അധികാരസ്ഥാനം ഉറപ്പിക്കാനും താനാണ് ശരിയെന്നുവരുത്താനും പി. ജയരാജൻ കുറെക്കാലമായി മാധ്യമങ്ങളെയും ക്വട്ടേഷൻ സംഘങ്ങളെയും ഉപയോഗിച്ചു നടത്തുന്ന നീക്കം പാർട്ടി അന്വേഷിക്കണമെന്ന് ഇ.പി. ജയരാജൻ തിരിച്ചടിച്ചു. എഴുതിത്തയ്യാറാക്കിയ പരാതി അദ്ദേഹം പാർട്ടിക്കു കൈമാറി. ഒരുമണിക്കൂറോളം നീണ്ട ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ രണ്ടുപരാതിയും പരിശോധിക്കാൻ പാർട്ടി അന്വേഷണക്കമ്മിഷനെ നിയോഗിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരാണ് അംഗങ്ങൾ.

വൈദേകം റിസോർട്ടിൽ സി.എം.ആർ.എൽ. കമ്പനി ഉടമ ശശിധരൻകർത്ത പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആക്ഷേപം പുറത്തുവന്നിരുന്നു. ഇതാണ് ഇ.പി.യെ പ്രകോപിപ്പിച്ചത്. ഇതിനുപിന്നിൽ പി. ജയരാജനാണെന്ന് ഇ.പി. ആരോപിച്ചു. 2015-ൽ റിസോർട്ട് തുടങ്ങിയതു മുതൽ തനിക്കെതിരേ ആരോപണം തുടങ്ങിയതാണ്. ഇപ്പോൾ തന്റെ മരുമകനെ സ്വാധീനിച്ച് കുടുംബം കലക്കാനുള്ള ശ്രമമാണ് പി. ജയരാജൻ നടത്തുന്നത്. ശശിധരൻ കർത്തയുടെ പണം തന്റെ ഭാര്യവഴി വൈദേകത്തിലെത്തിയെന്ന് മരുമകനെക്കൊണ്ട് പറയിപ്പിച്ചത് പി. ജയരാജനാണ്. വൈദേകത്തിലെ മുൻ എം.ഡി.യെക്കണ്ട് തന്റെപേരിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. സ്വന്തം താത്‌പര്യത്തിനുവേണ്ടി ആരെയും ഇല്ലാതാക്കാൻ മടിയില്ലാത്തയാളാണ് പി. ജയരാജൻ. എന്ത് വൃത്തികെട്ട കളിയും കളിക്കുമെന്നും ഇ.പി. കുറ്റപ്പെടുത്തി.

പാർട്ടിക്കുമുന്നിലാണ് പരാതി പറഞ്ഞത്. അതിൽ പരിശോധനയാണ് വേണ്ടതെന്ന് പി. ജയരാജനും പറഞ്ഞു. ബോധ്യമുള്ള കാര്യങ്ങളാണ് അറിയിച്ചത്. അതിൽ അന്വേഷണമുണ്ടാകണം. പലതവണ ഇക്കാര്യം പറഞ്ഞതാണെന്നും പരിശോധനയുണ്ടായിട്ടില്ലെന്നും പി. ജയരാജൻ ആവർത്തിച്ചു.

അന്വേഷിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് ഇ.പി.യും പറഞ്ഞു. ഇതിന് പിന്നാലെയാണ് പി. ജയരാജന് ക്വട്ടേഷൻ - സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധവും ഇടുക്കിയിൽ സ്വർണക്കടത്തുകാരനെ പങ്കാളിയാക്കി റിസോർട്ട് തുടങ്ങി എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളടങ്ങിയ കത്ത് ഇ.പി. പാർട്ടിക്ക് കൈമാറിയത്.

പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമടക്കം മുതിർന്ന നേതാക്കളെല്ലാം യോഗത്തിലുണ്ടായിരുന്നു. ആരും തർക്കത്തിൽ ഇടപെട്ട് സംസാരിച്ചില്ലെന്നാണ് വിവരം. പരാതികൾ രേഖയായിത്തന്നെ നൽകിയതിനാൽ വിശദ പരിശോധനയാകാമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ‌